പശുക്കള്‍ ചത്തൊടുങ്ങുന്നതിന് കാരണം പട്ടിണിയും അണുബാധയും

Friday 2 February 2018 2:30 am IST

പത്തനംതിട്ട: കോടികള്‍ വരുമാനമുള്ള ശബരിമലയില്‍  ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച പശുക്കളും ആടുകളും ചത്തൊടുങ്ങുന്നു. ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കലെ ഗോശാലയിലാണ് ഇവ  പട്ടിണിയും അണുബാധയും കാരണം ചാകുന്നത്.  നിരവധി പശുക്കള്‍ മൃതപ്രാണരാണെന്നും ചത്തുവീണവയെ ആരുമറിയാതെ മറവുചെയ്തുവെന്നും ഉള്ള വിവരം പുറത്തായ ശേഷമാണ് ദേവസ്വം, മൃഗസംരക്ഷണ വകുപ്പുകള്‍ നടപടി സ്വീകരിച്ചത്.

ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ നിലയ്ക്കല്‍ ഗോശാല സന്ദര്‍ശിച്ചു.  പത്തനംതിട്ട ജില്ലാ വെറ്ററിനറി പിആര്‍ഒ ഡോ. എം. മാത്യുവിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘവും ഗോശാലയിലെത്തി. അസുഖം ബാധിച്ച പശുക്കള്‍ക്ക് കുത്തിവയ്പ്പുകള്‍ എടുക്കുകയും രക്തസാമ്പിള്‍ ശേഖരിച്ച്  പരിശോധനക്ക് അയക്കുകയും ചെയ്തു. മൂന്നു പശുക്കളുടെയും പത്തു ദിവസമായ പശുക്കുട്ടിയുടെയും നില ഗുരുതരമാണെന്ന് കണ്ടെത്തി. പശുക്കള്‍ക്ക് കടുത്ത അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതും പോഷകാഹാരവുമാണ് പശുക്കള്‍ ചത്തുവീഴാനിടയാക്കിയത്. ഗോശാലയിലെ മൃഗങ്ങള്‍ക്ക് ഭക്ഷണത്തിന്റെ കുറവുണ്ടെന്ന് കാണിച്ച് ് ജനുവരി 18ന്  ബോര്‍ഡിന് കത്തു  നല്‍കിയിരുന്നു. എന്നാല്‍  നടപടി ഉണ്ടായില്ല. 

25 പശുക്കളും 15 കാളകളും ഒന്‍പത് ആടുകളുമാണ്  ഇവിടെയുളളത്.  ഏതാനും മാസത്തിനിടെ 15 പശുക്കളും രണ്ട് ആടുകളുമാണ് ചത്തത്. കഴിഞ്ഞാഴ്ച തൊഴുത്തില്‍ ചത്തുവീണ പശുക്കളെ ദേവസ്വം ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം  കക്കൂസ് ടാങ്കില്‍ തളളി. ഇക്കഴിഞ്ഞ തീര്‍ത്ഥാടന കാലത്താണ് ദേവസ്വംബോര്‍ഡ് അവസാനമായി ഗോശാലയില്‍ ഒരു ലോഡ് വൈക്കോല്‍ എത്തിച്ചത്. പുല്ലും കാലിത്തീറ്റയും എത്തിക്കാറുമില്ല. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ കാലികള്‍ പട്ടിണിയിലാകും. ശബരിമലയില്‍ ഈ തീര്‍ത്ഥാടനകാലത്തും 275 കോടിയിലേറെ വരുമാനം ലഭിച്ചപ്പോഴാണ് സ്വാമി അയ്യപ്പന് ഭക്തര്‍ സമര്‍പ്പിച്ച മിണ്ടാപ്രാണികള്‍ പട്ടിണികിടന്ന് ചത്തൊടുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.