ആന്‍സിക്ക് ലോങ് ജമ്പില്‍ സ്വര്‍ണം; ഇരുനൂറില്‍ വെള്ളി

Friday 2 February 2018 2:40 am IST

ന്യൂദല്‍ഹി: കേരളത്തിന്റെ ആന്‍സി സോജന്‍  ഖേലോ ഇന്ത്യ സ്‌കുള്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ സ്വര്‍ണമുള്‍പ്പെടെ രണ്ട് മെഡല്‍ കരസ്ഥമാക്കി. ലോങ് ജമ്പില്‍ സ്വര്‍ണം നേടിയ ആന്‍സി 200 മീറ്ററില്‍ വെള്ളിമെഡലും ഓടിയെടുത്തു. ആദ്യ ദിനത്തില്‍ ട്രപ്പിള്‍ ജമ്പില്‍ രണ്ടാം സ്ഥാനം ചാടിയെടുത്ത സാന്ദ്ര ബാബു ഇന്നലെ ലോങ് ജമ്പിലും വെള്ളി നേടി ഇരട്ട മെഡലിന് അര്‍ഹയായി. 

ആറു ചാട്ടത്തില്‍ നാലെണ്ണം ഫൗളായെങ്കിലും 5.80 മീറ്റര്‍ ദുരം താണ്ടിക്കടന്ന് ആന്‍സി സോജന്‍ ലോങ് ജമ്പില്‍ സ്വര്‍ണം പിടിയിലൊതുക്കി. സാന്ദ്ര ബാബുവിനാണ് വെള്ളി മെഡല്‍. 5.68 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് സാന്ദ്ര ബാബു ആന്‍സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. തമിഴ്‌നാടിന്റെ ബബിഷ വെങ്കലം നേടി. (5.62).

ഇരുനൂറ് മീറ്ററില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച ആന്‍സി പഞ്ചാബിന്റെ ചന്‍വീര്‍ കൗറിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. 25.31 സെക്കന്‍ഡിലാണ് ആന്‍സി വെള്ളിമെഡല്‍ നേടിയത്. കൗര്‍ 24.76 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു. തമിഴ്‌നാടിന്റെ സാന്ദ്ര തെരേസ മാര്‍ട്ടിനാണ് വെങ്കലം (25.44).

പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ ആര്‍. ശ്രീലക്ഷ്മി വെങ്കലം കരസ്ഥമാക്കി. 2.40 മീറ്റര്‍ ദുരം ചാടിക്കടന്നാണ് മൂന്നാം സ്ഥാനത്തെത്തിയത്. തമിഴ്‌നാടിന്റെ സത്യ സ്വര്‍ണവും (3.50മീ) ഉത്തര്‍പ്രദേശിന്റെ രേഷ്മ പട്ടേല്‍ (2.80) വെള്ളിയും നേടി.

ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കര്‍ണാടകത്തിന്റെ ശശികാന്ത് അവസാന 50 മീറ്ററില്‍ പൊരുതിക്കയറി സുവര്‍ണവിജയം കൊയ്തു.21.82 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. മഹാരാഷ്ട്രയുടെ കരണ്‍ വെള്ളിയും (21.98) ദല്‍ഹിയുടെ അന്‍ഷുല്‍ (22.27) വെങ്കലവും കരസ്ഥമാക്കി.

ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മഹാരാഷ്ട്രയുടെ വികാസ് യാദവ് അവസാന ശ്രമത്തില്‍ 75.02 മീറ്റര്‍ ദുരത്തേക്ക് ജാവലില്‍ പറത്തിവിട്ട് ഒന്നാമനായി. ഹരിയാനയുടെ യഷ്‌വീര്‍ സിങ് (73.87 മീ) വെള്ളിയും യുപിയുടെ അര്‍പിറ്റ് യാദവ് (71.90) വെങ്കലവും നേടി.

പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ ജ്യോതി സ്വര്‍ണവും( 40.59മീ ), ദല്‍ഹിയുടെ എ റോയി (39.90 മീ) വെളളിയും പഞ്ചാബിന്റെ ജഷ്പ്രീത് കൗര്‍ (37.10 മീ) വെങ്കലവും സ്വന്തമാക്കി.

മത്സരങ്ങള്‍ രണ്ട് ദിനം പിന്നിട്ടപ്പോള്‍ കേരളത്തിന് ഏഴു മെഡലുകള്‍ ലഭിച്ചു. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.