ചെല്‍സി, യുണൈറ്റഡ് തോറ്റു;കിരീടം ലക്ഷ്യമാക്കി സിറ്റി

Friday 2 February 2018 2:30 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയവുമായി കിരീടത്തിലേക്ക് കുതിക്കുന്നു.സ്വന്തം മൈതാനത്ത് എഎഫ്‌സി ബേണിമൗത്തിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ന്നടിഞ്ഞത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 16 മിനിറ്റിനിടെയാണ് ചെല്‍സി മൂന്ന് ഗോളുകളും വഴങ്ങിയത്. 51-ാം മിനിറ്റില്‍കല്ലം വില്‍സണ്‍, 64-ാം മിനിറ്റില്‍ ജൂനിയര്‍ സ്റ്റാനിസ്ലാസ്, 67-ാം മിനിറ്റില്‍ നഥാന്‍ ആകെ എന്നിവരാണ് ചെല്‍സിയുടെ ഹൃദയം പിളര്‍ന്ന ഗോളുകള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ചെല്‍സിയായിരുന്നു മുന്നിട്ടുനിന്നത്. കളിയുടെ 66 ശതമാനവും പന്ത് നിയന്ത്രിച്ചത് ചെല്‍സി. ആകെ പായിച്ചത് 21 ഷോട്ടുകള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ചെണ്ണം. എന്നാല്‍ ഒരെണ്ണം പോലും ബേണിമൗത്ത് വലയിലെത്തിക്കാന്‍ ഹസാര്‍ഡും പെഡ്രോയും ഫാബ്രിഗസും ബാര്‍ക്കെയും ഉള്‍പ്പെട്ട താരനിരക്ക് കഴിഞ്ഞില്ല. അതേസമയം ബേണിമൗത്ത് താരങ്ങള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത അഞ്ചില്‍ മൂന്നെണ്ണം വലയില്‍ കയറുകയും ചെയ്തു. പരാജയം ചെല്‍സിയുടെ കിരീട പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടിയായി. 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി ചെല്‍സി നാലാംസ്ഥാനത്താണ്.

അതേസമയം എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോംവിച്ചിനെ തകര്‍ത്തു. 19-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ, 68-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയന്‍, 89-ാം മിനിറ്റില്‍ സെര്‍ജി അഗ്യൂറോ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. വിജയത്തോടെ സിറ്റിക്ക് 25 കളികളില്‍ നിന്ന് 68 പോയിന്റായി. രണ്ടാമതുള്ള യുണൈറ്റഡിനേക്കാള്‍ 15 പോയിന്റിന്റെ ലീഡാണ് സിറ്റിക്കുള്ളത്.

ടോട്ടത്തോട് 2-0ന് തോറ്റതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായത്. കളി തുടങ്ങി 11-ാം സെക്കന്‍ഡില്‍ തന്നെ ടോട്ടനം ആദ്യ നിറയൊഴിച്ചു. ടച്ച് ചെയ്ത് നീക്കിയ പന്തുമായി മുന്നേറിയശേഷം ബോക്‌സില്‍ കിട്ടിയ പന്ത് ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഇടംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളില്‍ തന്നെ യുണൈറ്റഡ് അടിപതറി. പിന്നീട് 28-ാം മിനിറ്റില്‍ ഫില്‍ ജോണ്‍സ് സ്വന്തം വലയില്‍ പന്തെത്തിക്കുകയും ചെയ്തതോടെ യുണൈറ്റഡ് 2-0ന് പിന്നില്‍. 

അതിനുശേഷം രണ്ടാം പകുതിയില്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ യുണൈറ്റഡ് താരങ്ങള്‍ക്കായില്ല. 25 കളികളില്‍ നിന്ന് 53 പോയിന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്. 48 പോയിന്റുമായി ടോട്ടനം അഞ്ചാമത്. മറ്റൊരു കളിയില്‍ എവര്‍ട്ടണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.