മെഡിക്കല്‍ പ്രവേശനം: ബാങ്ക് ഗ്യാരണ്ടി മാര്‍ച്ചില്‍ അവസാനിക്കും

Friday 2 February 2018 2:00 am IST

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2017ല്‍ പ്രവേശനം നേടിയവര്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടി മാര്‍ച്ച് 30ന് അവസാനിക്കും. അടുത്ത  ഫീസ് ജൂലൈയില്‍ അടയ്ക്കണം. ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കേണ്ട കഴിഞ്ഞവര്‍ഷത്തെ ഫീസ് നിര്‍ണ്ണയം പാതിവഴിയിലാണ്.  ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി.

കഴിഞ്ഞ വര്‍ഷം ഫീസ് നിര്‍ണ്ണയ സമിതി   അധ്യക്ഷന്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു  നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഫീസ് സുപ്രീംകോടതി തള്ളി. പകരം അഞ്ച് ലക്ഷം ഫീസും ആറുലക്ഷം ബാങ്ക് ഗ്യാരണ്ടിയും നിര്‍ദ്ദേശിച്ചു.  രണ്ട് മാസത്തിനുള്ളില്‍ 22 കോളേജുകളിലെയും ഫീസ് പുനര്‍നിര്‍ണ്ണയിച്ച് നല്‍കാനും ഉത്തരവിട്ടു. ബാങ്ക് ഗ്യാരണ്ടി നല്‍കാനാകാതെ 604 വിദ്യാര്‍ത്ഥികള്‍ പ്രവേശനം വേണ്ടെന്നുവച്ചു. ഇത് കടുത്ത വിമര്‍ശനം ഉയര്‍ത്തി. അതോടെ ആറ് മാസത്തെ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കി. ഒപ്പം രണ്ട് മാസത്തിനുള്ളില്‍ പുതിയ ഫീസ് നിശ്ചയിക്കുമെന്ന് വാഗ്ദാനവും. ഇത് വിശ്വസിച്ച വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് ഇപ്പോള്‍ ആശങ്കയിലായന്നത്.

പത്ത് കോളേജുകളുടെ ഫീസ് പുനര്‍നിശ്ചയിച്ചു. ഇതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഈ മാസം 28ന് പരിഗണിക്കും. ഇനി 12 കോളേജുകളുടെ ഫീസ് നിര്‍ണ്ണയിക്കാനുണ്ട്. ആ മാനേജുമെന്റുകളും കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. മാനേജുമെന്റുകള്‍ സുപ്രീംകോടതിവരെയും ഫീസിനെ ചോദ്യം ചെയ്യും. അതോടെ ഫീസ് നിര്‍ണ്ണയം അനന്തമായി നീളും. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് ഈമാസം കൊണ്ട് 2018ലെ ഫീസ് തീരുമാനിക്കണം. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും ഫീസ് ഒരുമിച്ചാണ്  നിര്‍ണ്ണയിക്കുന്നത്. 28 ദിവസത്തിനുള്ളില്‍ 12 കോളേജുകളുടെ രണ്ട് വര്‍ഷത്തെ ഫീസാണ് നിശ്ചക്കേണ്ടത്. അടുത്തവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.