കോടതി വിശദീകരണം തേടി

Friday 2 February 2018 2:15 am IST

കൊച്ചി: ഫോണ്‍കെണിക്കേസില്‍ മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയതിനെതിരെ തിരുവനന്തപുരം തൈക്കാട് സ്വദേശി  മഹാലക്ഷ്മി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.  ഹര്‍ജിക്കാരി കേസില്‍ പരാതിക്കാരിയോ സാക്ഷിയോ അല്ല. ആ നിലക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരിയുടെ മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ സംശയകരമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞൂ.

മഹാലക്ഷ്മിക്ക് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്റെ വാദിച്ചു. എന്നാല്‍ കേസില്‍ ആദ്യം മൊഴി നല്‍കിയ പരാതിക്കാരി തനിക്കറിയില്ലെന്ന് പിന്നീട് കോടതിയെ അറിയിച്ചെന്നും പരാതി അട്ടിമറിച്ചത്  മുഴുവന്‍ സ്ത്രീകള്‍ക്കും അപമാനകരമാണെന്നതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. സംഭവത്തില്‍ കേസും കൗണ്ടര്‍ കേസുമുണ്ടെങ്കില്‍ ഒരുമിച്ച് തീര്‍പ്പാക്കണമെന്ന സുപ്രീം കോടതിയുടെ തത്ത്വത്തിന് വിരുദ്ധമായി യുവതിയുടെ പരാതിയില്‍ സിജെഎം കോടതി വിധി പറഞ്ഞെന്നും കൗണ്ടര്‍ കേസ് നിലവിലുണ്ടെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. 

തുടര്‍ന്ന് ഈ വിഷയത്തിലും മഹാലക്ഷ്മിക്ക് ഹര്‍ജി നല്‍കാന്‍ അവകാശം ഇല്ലെന്ന വാദത്തിലും വിശദീകരണം നല്‍കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളത്. മന്ത്രി എകെ ശശീന്ദ്രനടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് ഈ ഘട്ടത്തില്‍ നോട്ടീസ് നല്‍കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.