പുനലൂര്‍ നഗരത്തില്‍ വന്‍അഗ്നിബാധ; എട്ട് കടകള്‍ കത്തിനശിച്ചു

Friday 2 February 2018 12:28 pm IST

 

പുനലൂര്‍: പുനലൂര്‍ നഗരത്തില്‍ എട്ട് കടകള്‍ കത്തിനശിച്ചു. പുനലൂര്‍ ഗവ.ഹൈസ്‌കൂള്‍ ജങ്ഷന് സമീപത്തുള്ള കടകളാണ് അഗ്നിബാധയില്‍ കത്തിയമര്‍ന്നത്. ദേവി ഫാന്‍സി സ്റ്റോര്‍, പൂജാസ്റ്റോറുകള്‍, ചെരിപ്പുകട, കുമാര്‍ ജൂവലറി വര്‍ക്‌സ്, ബാര്‍ബര്‍ ഷോപ്പ്, കുട വില്പനകേന്ദ്രം എന്നിവയാണ് അഗ്നിക്കിരയായത്. ആറു കടകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിയമര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. അഗ്നിശമനസേന എത്തിയാണ് തീനിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമത്രെ. സമീപത്തുള്ള കടകളിലേക്കും തീ വളരെ വേഗം വ്യാപിക്കുകയായിരുന്നു. 

മുരുകന്‍, ഗണേശ് എന്നിവരുടെ പൂജാ സ്റ്റോറുകളും സമീപത്തുള്ള കുടക്കടയും ഫാന്‍സി സ്റ്റോറും ബാര്‍ബര്‍ഷോപ്പും പൂര്‍ണമായി കത്തിനശിച്ചു. ലോണെടുത്ത് വ്യാപാരം നടത്തിവന്ന ചെറുകിട കച്ചവടക്കാരുടെ കടകളാണ് അപകടത്തില്‍പെട്ടത്. ഇതോടെ ഇവരുടെ കുടുംബങ്ങളും വഴിയാധാരമായി. മുരുകന്‍, ഗണേശ് എന്നിവര്‍ അടുത്തിടെ ലോണെടുത്താണ് കട വിപുലീകരിച്ചത്. കടകള്‍ പൂര്‍ണമായും കത്തിയതോടെ അവരുടെ പ്രതീക്ഷയും അസ്തമിച്ചു. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പുലര്‍ച്ചെ തീപിടുത്തമുണ്ടായതിനാല്‍ നഗരത്തിലാരും അറിഞ്ഞിരുന്നില്ല. പുക ഉയരുന്നതുകണ്ട് വാഹനയാത്രക്കാരായ ചിലരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണവിധേയമാക്കി. പുനലൂര്‍ പോലീസും സ്ഥലത്തെത്തി അടിയന്തിര നടപടി സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.