വനംവകുപ്പിന്റെ ഏക്കറുകണക്കിന് തേക്കിന്‍തോട്ടം കത്തിയമര്‍ന്നു

Friday 2 February 2018 12:30 pm IST

 

 

പത്തനാപുരം: വനംവകുപ്പിന്റെ തേക്കിന്‍തോട്ടത്തില്‍ വന്‍തീപിടിത്തം. കത്തിനശിച്ചത് ഏക്കറുകണക്കിന് ഭൂമി. വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. പത്തനാപുരം റേഞ്ചിലെ കടയ്ക്കാമണ്‍ പൂവാലിക്കുഴി ഇരുപതേക്കര്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനോടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്ന് അഗ്‌നിശമനസേനയെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസമായി. കാറ്റില്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് ആളിക്കത്തി. പത്ത് ഏക്കറോളം വനഭൂമിയില്‍ പുതിയതായി നട്ടുപിടിപ്പിച്ച തേക്കിന്‍തൈകളാണ് കത്തിയമര്‍ന്നത്. കാട്ടുതീ തടയുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. തീയുടെ പുക ശ്വസിച്ച് കരാര്‍തൊഴിലാളിയായ കടയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയിലെ താമസക്കാരിയായ മോഹനകുമാരി (45)ക്ക് ബോധക്ഷയം സംഭവിച്ചു. ഇവരെ പത്തനാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും തീയണയ്ക്കുന്നതിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സഹായിച്ചു. ജനവാസമേഖലയോട് ചേര്‍ന്ന വനഭൂമിയിലാണ് തീ ആളിപ്പടര്‍ന്നത്. വേനല്‍ ശക്തമായതോടെ കരിയിലകള്‍ക്ക് തീ പടരുന്നത് പതിവാണ്. കാര്യക്ഷമമായ രീതിയില്‍ ഫയര്‍ലൈന്‍ തെളിക്കാത്തത് തീപിടിത്തത്തിന് കാരണമാകുന്നതായി ആക്ഷേപമുണ്ട്. മേഖലയില്‍ ഇത്തവണ തന്നെ പത്തോളം പ്രദേശങ്ങളിലാണ് തീപിടിത്തമുണ്ടായത്. രാത്രി ഏറെ വൈകിയാണ് തീപൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.