ബജറ്റ് നിരാശാജനകം; ആശ്വാസ പദ്ധതികള്‍ ഒന്നുമില്ല

Friday 2 February 2018 2:47 pm IST

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത് തികച്ചും നിരാശാജനകമായ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരു പദ്ധതിയും ബജറ്റിലുണ്ടായിരുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ബജറ്റാണിതെന്നും ചെന്നിത്തല പറഞ്ഞു. ഭാവനയില്‍ ഉരുതിരിഞ്ഞ് വരുന്ന കാര്യങ്ങളല്ലാതെ യാഥാര്‍ത്ഥ്യബോധത്തോടു കൂടിയുള്ള ഒരു ബജറ്റായി ഇതിനെ കാണാനാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള ബജറ്റാണെന്ന് പറയുമ്പോഴും കഴിഞ്ഞ തവണ സ്ത്രീ സുരക്ഷയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും ഇത്തവണ നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റ് വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു ബജറ്റല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളുടെ അന്‍പത് ശതമാനം പോലും ചെലവഴിക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വാര്‍ഷിക പദ്ധതി തന്നെ ഫലപ്രദമായ രീതിയില്‍ കൊണ്ടുപോകാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ പൂര്‍ണമായും പാളംതെറ്റിയിരിക്കുകയാണ്. ട്രഷറി നിയന്ത്രണം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

പുതിയതായി ഒരാള്‍ക്ക് പോലും പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് കഴിഞ്ഞ ഒരു വര്‍ഷമായി നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതിയെപറ്റി പറയുന്നതെല്ലാം വെറുംവാക്കുകള്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ പാളിയ സര്‍ക്കാരാണിതെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.