കേന്ദ്രത്തിന്റെ നിഴലില്‍ കുട പിടിച്ച് ഐസക്ക്

Friday 2 February 2018 3:10 pm IST
ഓഖി ദുരിതമല്ല ബജറ്റിനെ തീരദേശ മേഖലയിലേക്ക് തിരിച്ചത്. ഓഖി ദുരന്തം വിഴിഞ്ഞം കടപ്പുറത്ത് സംസ്ഥാന സര്‍ക്കാരിനുണ്ടാക്കിയ ദുരന്തം അതിജീവിക്കാനാണ് 2000 കോടിയുടെ പദ്ധതി. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വഴി കേരള തീരത്തെ ബിജെപി കൈക്കലാക്കുമോ എന്ന ആശങ്ക ധനമന്ത്രിക്ക് ഉണ്ടായിരിക്കണം.

കൊച്ചി: വിപ്ലവപ്പാര്‍ട്ടിയുടെ ചുവപ്പ് ബജറ്റിലില്ല. സംസ്ഥാനത്തിന്റെ വികസനത്തിനെന്ന് മുട്ടിനുമുട്ടിനു പറയുന്നതല്ലാതെ തോമസ് ഐസക്കിന്റെ ധനാസൂത്രണ പദ്ധതിയില്‍ പുതുതയൊന്നുമില്ല. വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായി കമ്മ്യൂണിസ്റ്റുകള്‍ കൊണ്ടാടിയ ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡിയാസ് ബലാര്‍ട്ട് (68) വിഷാദവും നിരാശയും ബാധിച്ച് ആത്മഹത്യ ചെയ്ത വാര്‍ത്തയ്‌ക്കൊപ്പം വന്ന ബജറ്റിന് നിരാശയുടെ താളമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചത് 14.24 ശതമാനമായിരുന്നു. പക്ഷേ വളര്‍ന്നത് 8.10 ശതമാനം മാത്രം. സംസ്ഥാനത്തിന്റെ കടത്തില്‍ വലിയ വര്‍ധനയാണ്. 2010-11 വര്‍ഷത്തില്‍ ആഭ്യന്തകടം 48,528 കോടിയായിരുന്നത്. ഇപ്പോള്‍ 1,39,646 കോടിയായി. കടത്തിന്റെ പെരുക്ക നിരക്ക് ഇങ്ങനെ: 2012-ല്‍ 11.19 ശതമാനം ആയിരുന്നത് 2016-17 ല്‍ 18.08 ശതമാനമായി!

ഇതൊക്കെയലാണ് അവസ്ഥ. മുണ്ട് മുറുക്കിയുടുത്തേ പറ്റൂ. ഇനി കടമെടുത്ത് നിത്യവൃത്തി നടത്താനാവില്ല. തന്റേടവും താന്‍പോരിമയും പ്രകടിപ്പിക്കാമെന്നുമാത്രം. പക്ഷേ, നടപ്പില്ല. എന്നാലും വാശികുറയ്ക്കരുതല്ലോ. അതുകൊണ്ട് പതയിവ് മിശ്രിതമാണ് ബജറ്റ്. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുക, മുന്‍ സംസ്ഥാന ഭരണത്തിന്റെ പിടിപ്പുകേട് വിവരിക്കുക, പാര്‍ട്ടി സഖാക്കളുടെ കൈയടി നേടുക, ജനകീയബജറ്റെന്ന് വാഴ്ത്തിപ്പിക്കുക. അങ്ങനെ സ്വന്തം സീറ്റുറപ്പിക്കുക. അതിനപ്പുറം ആസൂത്രണമൊന്നും ബജറ്റിലില്ല.

സാമ്പത്തികത്തകര്‍ച്ചയിലായ സംസ്ഥാനത്തെ രക്ഷിക്കാന്‍ പദ്ധതിയൊന്നുമില്ലാത്ത വാര്‍ഷിക സാമ്പത്തിക ആസൂത്രണ പദ്ധതിയാണ്ധനമന്ത്രി തോമസ് ഐസക്  അവതരിപ്പിച്ചത്. സംസ്ഥാന ബജറ്റ് മാറിയ സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഒരു പരിപാടിയും ഇല്ലാത്തതായി.  സമ്പത്തിക വളര്‍ച്ച ലക്ഷ്യം കണ്ടിട്ടില്ല, കാണില്ല എന്ന് ഉറപ്പുമായ സാഹചര്യത്തിലും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുന്നില്ല. 

സര്‍ക്കാര്‍ ചെലവു ചുരുക്കുന്നതിന് മന്ത്രിമാരുടെ ഫോണ്‍ വിളി കുറച്ചാല്‍ മതിയെന്നത് ആസൂത്രണമല്ല. പുതിയ സര്‍ക്കാര്‍ വാഹനം  അതിനപ്പുറം ചെയ്യാവുന്ന എന്തെല്ലാം. പക്ഷേ അതിലേക്ക് ശ്രദ്ധയില്ല.

ഓഖി ദുരിതമല്ല ബജറ്റിനെ തീരദേശ മേഖലയിലേക്ക് തിരിച്ചത്. ഓഖി ദുരന്തം വിഴിഞ്ഞം കടപ്പുറത്ത് സംസ്ഥാന സര്‍ക്കാരിനുണ്ടാക്കിയ ദുരന്തം അതിജീവിക്കാനാണ് 2000 കോടിയുടെ പദ്ധതി. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വഴി കേരള തീരത്തെ ബിജെപി കൈക്കലാക്കുമോ എന്ന ആശങ്ക ധനമന്ത്രിക്ക് ഉണ്ടായിരിക്കണം. 

കേന്ദ്ര ബജറ്റിനെ ആശ്രയിച്ചാണ് ഐസക്കിന്റെ പല പദ്ധതി ആസൂത്രണവും. ആരോഗ്യ രംഗത്തെ കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം പഠിച്ച ശേഷം തുടര്‍ നടപടിയെന്ന് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 52 യെില്‍വേ ഓര്‍വര്‍ ബ്രിഡ്ജുകള്‍ പണിയുമെന്നും ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൂര്‍ത്തിയായാല്‍ ആവശ്യക്കാര്‍ക്കെല്ലാം വീടുകളിലേക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്നും പറയുമ്പോള്‍ ഐസക് കുടപിടിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തണലിലാണ്. 

ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്നും 2859 കോടിയുടെ പിന്നാക്ക ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും പറയുന്നത് കേന്ദ്ര ബജറ്റിലെ കണക്കുകള്‍ കണ്ടാണ്. 96,000 കോടി രൂപയാണ് കേന്ദ്രം പിന്നാക്ക ക്ഷേമത്തിനു വകയിരുത്തിയിട്ടുള്ളത്. 

പട്ടിണിരതഹിത സംസ്ഥാനം കേന്ദ്രത്തിന്റെ  പൊതുവിതരണ സംവിധാനത്തിലൂന്നിയാണ്. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ക്കെല്ലാം അടിത്തറ കേന്ദ്ര സഹായമാണ്. ബാംബൂ മിഷന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1290 കോടിയാണ്. കേരളം ബാംബൂ മേഖലയില്‍ 10 കോടി ചെലവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കൈ നനയാതെ മീന്‍പിടിക്കുന്ന ശൈലി.

ഒരു സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വരേണ്ട പല ശുപാര്‍ശകളും വിവിധ വകുപ്പുകള്‍ക്കും വകയിരുത്തലുകളും ഉണ്ട്. അത് പതിവു ശൈലിയില്‍നിന്ന് വിട്ട് സര്‍ഗ്ഗാത്മാമായ ഒന്നും ഐസക്കിന്റെ ബജറ്റിലില്ല. പാര്‍ട്ടി അണികളുടെ കൈയടി നേടാന്‍ എകെജി സ്മാരകവും വയലാറിലെ മണ്ഡപവും ഒഎന്‍വി സ്മൃതി കുടീരവും സഹായിച്ചേക്കും. 

പക്ഷേ, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വരാന്‍ പോകുന്നതെന്നറിയാം. അപ്പോഴും കവിതയും കഥയും പറഞ്ഞ് കാലക്ഷേപം കഴിക്കാന്‍ കേരള ധനമന്ത്രിക്ക് കഴിയുന്നത് താന്‍ കുടപിടിച്ച് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ തണലിലാണെന്ന നല്ല ഉറപ്പുള്ളതുകൊണ്ടാണ്. നിരാശയും വിഷാദവും കൂടുതല്‍ പടരാതിരിക്കാന്‍ കഴിയുന്നത് കരുതലോടെ ജീവിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.