സംസ്ഥാനത്തിന് ഒരു അയഥാര്‍ത്ഥ ബജറ്റ്

Friday 2 February 2018 3:39 pm IST
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സര്‍ക്കാരിനെയാണ് ബജറ്റ് കൂടുതല്‍ ആശ്രയിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനെന്നവകാശപ്പെടുന്നെങ്കിലും ബജറ്റില്‍ ആ കഴിവ് കാണിക്കാന്‍ മന്ത്രിയ്ക്ക് ആയിട്ടില്ല. ജിഎസ്‌ടി-നോട്ടുറദ്ദാക്കല്‍ വിഷയങ്ങളില്‍ സ്ഥിരതയില്ലാതെ ധനമന്ത്രി തോമസ് ഐസക്.

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്ത് മികച്ച സാമ്പത്തിക ആസൂത്രണം പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ച് സംസ്ഥാനത്തിന് അയഥാര്‍ത്ഥ ബജറ്റ്. വരുമാനത്തിന് മദ്യത്തെ ആശ്രയിച്ചും റദാക്കിയ ഭൂനികുതി പുനസ്ഥാപിച്ചും ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചെലവു ചുരുക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ പലതും നാമമാത്രമാണ്. 

ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ കേന്ദ്ര സര്‍ക്കാരിനെയാണ് ബജറ്റ് കൂടുതല്‍ ആശ്രയിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനെന്നവകാശപ്പെടുന്നെങ്കിലും ബജറ്റില്‍ ആ കഴിവ് കാണിക്കാന്‍ മന്ത്രിയ്ക്ക് ആയിട്ടില്ല. ജിഎസ്‌ടി-നോട്ടുറദ്ദാക്കല്‍ വിഷയങ്ങളില്‍  സ്ഥിരതയില്ലാതെ ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തില്‍ ഏകീകൃത നികുതി സംവിധാനമായ ജിഎസ്‌ടിയെ ഐസക് വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ജിഎസ്‌ടി സംസ്ഥാനത്തിന് ഗുണമായെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ജിഎസ്‌ടി വനതോടെ ചെക് പോസ്റ്റുകള്‍ നിഷ്‌ക്രിയമായെന്നാണ് ബജറ്റിലെ ആക്ഷേപം. 

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് കടത്തുമ്പോള്‍ നികുതി വെട്ടിപ്പു തടയാനായിരുന്നു ചെക് പോസ്റ്റുകള്‍. ഏക നികുതി വന്നതോടെ അതിന്റെ ആവശ്യമില്ലാതായി. നോട്ടുറദ്ദാക്കലിനെ ഓഖി ദുരന്തത്തോട് ഉപമിച്ചു. ഒന്ന് മനുഷ്യനുണ്ടാക്കിയതാണെങ്കില്‍ ഓഖി പ്രകൃതി ദുരന്തമായിരുന്നുവെന്ന് വ്യത്യാസമെന്നും വിശദീകരിച്ചു.

ആരോഗ്യം

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ തണലില്‍ കേരള സര്‍ക്കാരിന്റെ ബജറ്റിലെ ആരോഗ്യ ആസൂത്രണം. കേന്ദ്രത്തിന്റെ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം ആരോഗ്യരംഗത്ത് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജീയണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. മെഡിക്കല്‍ കോളെജുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിക്കും. ജില്ലാ ആശുപത്രികളില്‍ ഹദ്രോഗ ചികിത്സാ സംവിധാനം നടപ്പാക്കും. താലൂക്ക് ആശുപത്രികളിലും അപകട തീവ്ര ചികിത്സാ സൗകര്യമുണ്ടാക്കും. പൊതു ആരോഗ്യ രംഗത്തേക്ക് അടുത്ത വര്‍ഷം 1685 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.

സാമൂഹികം

കോഴിയിറച്ചി വിപ്ലവത്തിന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ പദ്ധതിയിടുന്നു. എല്ലാ പഞ്ചായത്തിലും കുടുംബശ്രീ വഴി കോഴിഫാം തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഇതുവഴി ജോലി ഉറപ്പിക്കാമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഗുണനിലവാരമുള്ള ചിക്കന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നാണ് പറയുന്നത്. കോഴിയിറച്ചി വില്‍പ്പനക്കാരുമായി ധനമന്ത്രിയുടെ  തര്‍ക്കവും വഴക്കും വിവാദമായതാണ്. അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിക്കടത്തും വിഷയമാണ്. ഇതുരണ്ടും മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനം. കുടുംബശ്രീയ്ക്ക് 200 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുമുണ്ട്.

ഒരു നേരത്തെ അരിഭക്ഷണം ഇന്നും കേരളത്തിലുണ്ട്. വിശന്ന് അന്തിയുറങ്ങുന്ന ഒരാളും കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല. അതിന് ഏറ്റവും നല്ല മാര്‍ഗം ഭക്ഷ്യ സുരക്ഷാ പദ്ധതിയാണെന്ന് ബജറ്റ് അവകാശപ്പെടുന്നു. സര്‍വേയിലെ അപാകത മൂലം ആറു ലക്ഷത്തോളം പേര്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് പുറത്തുപോയി. ഇവരില്‍ ഏറെയും ബി.പി.എല്‍ വിഭാഗക്കാരാണ്. നിലവില്‍ മുന്‍ഗണന പട്ടികയില്‍ ഉള്ളവരിലെഅനര്‍ഹരെ പുറത്താക്കുന്നതോടെ പുറത്തുപോയവരെ ഉള്‍പ്പെടുത്താന്‍ സംവിധാനം ഒരുക്കും.  

സാമ്പത്തികം

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ചെലവ് ചുരുക്കിയേ തീരുവെന്ന് ധനമന്ത്രി പറയുന്നു. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. കിഫ്ബി പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. കിഫ്ബി വഴി കൂടുതല്‍ തുക സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഭവ സമാഹരണത്തിനായി ഏപ്രില്‍ മുതല്‍ കെഎസ്എഫ്ഇയുടെ ഭാഗമായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിക്കഴിഞ്ഞതായും തോമസ് ഐസക് വ്യക്തമാക്കി.ചിട്ടിയില്‍ ചേരുന്നുവര്‍ക്ക് അപകട ഇന്‍ഷൂറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും അനുവദിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

നികുതി

2015 ലെ ഭൂനികുതി പുനസ്ഥാപിച്ച് ഇടതുപക്ഷം തങ്ങളുടെ ഇരട്ടത്താപ്പ് ഒന്നുകൂടി വ്യക്തമാക്കി.  യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഏര്‍പ്പെടുത്തി ഭൂനികുതിക്കെതിരെ സമരം ചെയ്തത് അന്നത്തെ പ്രതിപക്ഷമായ സിപിഎമ്മായിരുന്നു.  ഭൂനികുതിയിലൂടെ 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 1000 കോടിയുടെ നീര്‍ത്തട അധിഷ്ഠിത പദ്ധതികള്‍ക്ക് നിര്‍ദേശമുണ്ട്.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള ബജറ്റാണെന്ന് പറയുമ്പോഴും കഴിഞ്ഞ തവണ സ്ത്രീ സുരക്ഷയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും ഇത്തവണ നടപ്പാക്കിയിട്ടില്ല. ബജറ്റ് വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു ബജറ്റല്ല തോമസ് ഐസക് അവതരിപ്പിച്ചത്. യാഥാര്‍ത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങള്‍ മാത്രം പങ്കുവെക്കുന്നതുമാണ് ബജറ്റ് പ്രസംഗം. പണം എവിടുന്നു വരും എന്നതിന് ഈ വര്‍ഷവും ഉത്തരമില്ല. ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിര്‍ദ്ദേശങ്ങള്‍. നിയമനനിരോധനം തുടരുകയും ചെയ്യും.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.