പാലം പണിത് നാട്ടുകാര്‍ക്ക് മടുത്തു; പാലം വലിച്ച് സര്‍ക്കാര്‍

Saturday 3 February 2018 2:00 am IST
പാലം പണിത്, പണിത് ദുരിതത്തിലാണ് നാട്ടുകാര്‍. കുറുമാലി പുഴയ്ക്ക് കുറുകെ കാരിക്കുളം കടവിലാണ് എല്ലാ വര്‍ഷവും താത്കാലിക പാലം നിര്‍മിക്കുന്നത്.

വരന്തരപ്പിള്ളി: പാലം പണിത്, പണിത് ദുരിതത്തിലാണ് നാട്ടുകാര്‍. കുറുമാലി പുഴയ്ക്ക് കുറുകെ കാരിക്കുളം കടവിലാണ് എല്ലാ വര്‍ഷവും താത്കാലിക പാലം നിര്‍മിക്കുന്നത്. പ്രദേശത്തെ പ്രധാന ഉത്സവങ്ങളായ ഷഷ്ഠിയും, ആണ്ടു നേര്‍ച്ചയും ആഘോഷിക്കണമെങ്കില്‍ ഇവിടെ പാലം വേണം. സ്ഥിരം പാലമെന്ന ആവശ്യത്തിന് സര്‍ക്കാരും അധികൃതരും ചെവികൊടുക്കുന്നുമില്ല.

ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ നാട്ടുകാര്‍ തന്നെ പാലം പൊളിച്ചുമാറ്റും. പതിറ്റാണ്ടുകളായി മുടക്കമില്ലാതെ പാലം പണിതും പൊളിച്ചു മാറ്റിയുമാണ് ഇവരുടെ ഉത്സവ പങ്കാളിത്തം. കരികുളത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ കടന്നു വേണം ഓത്തനാട് ശിവക്ഷേത്രത്തിലെ ഷഷ്ഠിയും ജാറത്തിലെ നേര്‍ച്ചയിലും പങ്കെടുക്കാന്‍. അതുകൊണ്ടാണ് പിരിവെടുത്ത് നാട്ടുകാര്‍ നടപ്പാലം പണിയുന്നത്. കാരികുളം കടവില്‍ പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ പാലം സജീവമാണ്. എന്നാല്‍, തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ചര്‍ച്ച നിലയ്ക്കുകയാണ് പതിവ്. ഇത്തവണയും ഓത്തനാട് ഷഷ്ഠിക്ക് കാവടികള്‍ എത്തിയത് ഒറ്റവരി നടപ്പാലത്തിലൂടെയാണ്. ജീവന്‍പണയം വച്ചാണ് ആട്ടക്കാര്‍ കാവടിയുമായി പാലത്തിലൂടെ മറുകരയെത്തിയത്. വരാനിരിക്കുന്ന ആണ്ടുനേര്‍ച്ചക്കും ഇതു തന്നെ ആശ്രയം. ജാറത്തിലെ നേര്‍ച്ച കഴിഞ്ഞാല്‍ നാട്ടുകാര്‍ തന്നെ പാലം പൊളിച്ച് മാറ്റുകയാണ് പതിവ്. 

പ്രദേശത്ത് പാലം യാഥാര്‍ത്ഥ്യമായാല്‍ 15 മിനിറ്റില്‍ കന്നാറ്റുപാടത്തും 20 മിനിറ്റില്‍ കോടാലിയിലേക്കുമെത്താനാകും. നേരത്തെ, ഇവിടെ കടത്തുവഞ്ചിയുണ്ടായിരുന്നെങ്കിലും പിന്നീട് നിലച്ചു. നാട്ടുകാരുടെ യാത്രാദുരിതം ഇത്തവണയെങ്കിലും അധികതരുടെ ശ്രദ്ധയില്‍പ്പെടുമെന്നും പരിഹാരം കാണുമെന്നുമുള്ള പ്രതീക്ഷയിലാണ് കാരികുളത്തുകാര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.