സാമ്പത്തിക പ്രതിസന്ധി; വരുമാനം വകമാറ്റി, ഭാഗ്യക്കുറി സമ്മാനങ്ങളുടെ വിതരണം മുടങ്ങി

Saturday 3 February 2018 2:45 am IST

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വകമാറ്റി. ഇതേത്തുടര്‍ന്ന് ആറ് മാസമായി സമ്മാനവിതരണം മുടങ്ങി. പത്ത് കോടിയുടെ ഓണം ബംബറിന്റെ സമ്മാനം വരെ കൊടുക്കാനുണ്ട്. അതേ സമയം ഭാഗ്യക്കുറിയുടെ 50-ാം വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഖജനാവിലേക്ക് മാറ്റുകയായിരുന്നു. ഭാഗ്യക്കുറിയുടെ 50-ാം വാര്‍ഷികാഘോഷം നടക്കുന്ന സമയം കണക്കിലെടുത്ത് ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ധനവകുപ്പ് തള്ളി. ഒരു ടിക്കറ്റിന് 7 രൂപ 20 പൈസയില്‍ നിന്ന് 5 രൂപ 10 പൈസയായിട്ടാണ് കമ്മീഷന്‍ കുറച്ചത്. 96 ലക്ഷം ടിക്കറ്റുകളാണ് ഓരോ ലോട്ടറി നറുക്കെടുപ്പിനുമായി സര്‍ക്കാര്‍ അച്ചടിക്കുന്നത്. ഈ ടിക്കറ്റുകള്‍ വിറ്റു കിട്ടുന്ന പണം മുമ്പ് ബാങ്കിലായിരുന്നു അടച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രഷറിയിലാണ് അടയ്ക്കുന്നത്.

ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം ഒരു ദിവസം 25 കോടി രൂപയില്‍ കൂടുതല്‍ ടിക്കറ്റ് വില്പനയിലൂടെ ട്രഷറിയില്‍ എത്തുന്നുണ്ട്. ഒരു മാസം 700 കോടി രൂപയാണ് ഖജനാവിലെത്തിയത്. സമ്മാനങ്ങളും കമ്മീഷനും കിഴിച്ചാല്‍ 300 കോടി രൂപയോളം ലാഭമുണ്ട്. ഇത്രയും തുക സര്‍ക്കാരിന് ലഭിക്കുമ്പോഴാണ് വിയര്‍പ്പൊഴുക്കിയ ഏജന്റുമാരുടെ കമ്മീഷന്‍ കൂട്ടാനോ സമ്മാനങ്ങള്‍ കൊടുക്കാനോ തയ്യാറാകാത്തത്. 

യൂണിഫോമില്‍ സര്‍ക്കാര്‍ മുദ്രയില്ല 

ലോട്ടറി വില്പനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന യൂണിഫോമിലെ മുദ്രയെ ചൊല്ലി തര്‍ക്കം. യൂണിഫോമില്‍ രണ്ട് പ്രാവുകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. മെറൂണ്‍ കളറുള്ള ഓവര്‍ക്കോട്ടാണ് വില്പനക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന ലോട്ടറി വില്‍ക്കുന്നവര്‍ക്ക് ആനയുടെ ചിത്രമുള്ള സര്‍ക്കാര്‍ മുദ്ര വേണമെന്നാണ് ലോട്ടറി ഏജന്റുമാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.