മുന്നണി പ്രവേശനം; കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകി

Saturday 3 February 2018 2:45 am IST

കോട്ടയം: ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം മുറുകി. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് കൂടി ചേര്‍ന്നതോടെ പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേക്കാണ്.

കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന മാണിയുടെ നിലപാടിനെതിരേ ജോസഫ്  പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യം വ്യക്തമാക്കുന്നു.  ജോസഫും കൂട്ടരും യുഡിഎഫ് അനുകൂല  നിലപാടെടുക്കുന്നത് തങ്ങളുടെ സുരക്ഷിത മണ്ഡലങ്ങള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുമോയെന്ന ഭീതി മൂലമാണ്.

പി.ജെ.ജോസഫിനും മോന്‍സ് ജോസഫിനും സി.എഫ്.തോമസിനും സ്വന്തം മണ്ഡലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ യുഡിഎഫില്‍ നില്‍ക്കണം. എല്‍ഡിഎഫില്‍  സിറ്റിങ് മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ശക്തരായ എതിരാളികള്‍ യുഡിഎഫ് ചേരിയിലുണ്ട് എന്നതാണ്  കാരണം.  മണ്ഡലങ്ങളില്‍ ഇവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന ആരും എല്‍ഡിഎഫിലില്ല. അതുകൊണ്ടു തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചാല്‍ ജയം ഉറപ്പാണ്. 

മാണിയാകട്ടെ, യുഡിഎഫിനെ പരമാവധി വെറുപ്പിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിനെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചു കൊണ്ട് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയതും ഇടതുപക്ഷത്തിന്റെ കാരുണ്യമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ത്തന്നെ. എന്നാല്‍ ഉടന്‍ ഇടതു മുന്നണിയിലേക്കു പോകുന്നത് രാഷ്ട്രീയ അബദ്ധമാകുമെന്ന് മാണിയോട് അടുപ്പമുള്ളവര്‍ക്കു തന്നെ അഭിപ്രായമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.