സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ; നടപ്പായത് 44.77 ശതമാനം പദ്ധതികള്‍ മാത്രം

Saturday 3 February 2018 2:45 am IST

കോഴിക്കോട്: വാര്‍ഷിക പദ്ധതികളില്‍ നടപ്പാക്കാത്ത പദ്ധതികള്‍ ഭേദഗതി ചെയ്ത് അംഗീകാരത്തിന് നല്‍കാനുള്ള അവസാന തീയതി അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് 44.77 ശതമാനം മാത്രം. ഗ്രാമപഞ്ചായത്തുകളില്‍ 43.18 ശതമാനവും ബ്ലോക്ക് പഞ്ചായത്തില്‍ 39.04 ശതമാനവും മുനിസിപ്പാലറ്റികളില്‍ 35.53 ശതമാനവും കോര്‍പ്പറേഷനുകളില്‍ 28.15 ശതമാനവും ജില്ലാ പഞ്ചായത്തുകളില്‍ 20.84 ശതമാനവുമാണ് ജനുവരി 17ലെ കണക്കുകള്‍ പ്രകാരം പദ്ധതി ചെലവിന്റെ നില.

സംസ്ഥാനത്ത് 6194.65 കോടി രൂപയാണ് പദ്ധതി അടങ്കലെങ്കില്‍ അവസാന കണക്കുകള്‍ പ്രകാരം 2773.29 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ 47.44 ശതമാനം ചെലവഴിച്ച് കോട്ടയം ജില്ല മുന്നിലെത്തിയപ്പോള്‍ 38.94 ശതമാനമായി കോഴിക്കോടാണ് ഏറെ പിന്നില്‍.  4729 പദ്ധതികളുടെ  ബില്‍ കുടിശ്ശികയായി ട്രഷറിയില്‍ കെട്ടിക്കിടപ്പാണ്. 

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു മാസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ അവശേഷിച്ച തുക ചെലവഴിക്കാന്‍ കഴിയില്ലെന്നത് വ്യക്തം.  ഇതിനിടയിലാണ് ഭേദഗതി ചെയ്ത് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരവസരം കൂടി നല്‍കിയത്.

ഗുണഭോക്താക്കള്‍ ഇല്ലാത്തതും സമാന പദ്ധതികള്‍ നിലവിലുള്ളതിനാല്‍ അംഗീകാരം ലഭിക്കാത്തതും സാങ്കേതിക കാരണങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടതുമായ പദ്ധതികളാണ് ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രം  15 പദ്ധതികളാണ് ഭേദഗതിയുടെ ഭാഗമായി ഒഴിവാക്കിയത്. നാലു പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പദ്ധതി തയ്യാറാക്കുന്നതിലെ അശാസ്ത്രീയതയാണ് ഇതില്‍ മുഴച്ചുനില്‍ക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.