ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിരട്ടിയാക്കി ബിജെപി; ഇരട്ട നാണക്കേടില്‍ സിപിഎം

Saturday 3 February 2018 2:45 am IST

ന്യൂദല്‍ഹി: ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേടില്‍ സിപിഎം. നോപര നിയമസഭാ സീറ്റിലും ഉലുബേരിയ ലോക്‌സഭാ മണ്ഡലത്തിലും  ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തള്ളി ബിജെപി രണ്ടാമതെത്തി. ഉലുബേരിയയില്‍ ബിജെപിക്ക് 1.6 ലക്ഷം വോട്ടുകളും നോപാരയില്‍ 15132 വോട്ടുകളും അധികം ലഭിച്ചു. രണ്ടിടത്തും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചു. നോപരയിലെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് നാലാമതായി. ഇവിടെ 10527 വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. തൃണമൂല്‍- 101729, ബിജെപി- 38711, സിപിഎം- 35497 എന്നിങ്ങനെയാണ് വോട്ടുനില. 

 സിറ്റിംഗ് സീറ്റായ ഉലുബേരിയ 767556 വോട്ട് നേടി തൃണമൂല്‍ നിലനിര്‍ത്തി. ബിജെപിക്ക് 293046, സിപിഎമ്മിന് 138892, കോണ്‍ഗ്രസ്സിന് 23109 വോട്ടുകള്‍ ലഭിച്ചു. 2014ല്‍ സിപിഎം 369563, ബിജെപി 137137, കോണ്‍ഗ്രസ് 67826 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ഇടതും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. കോണ്‍ഗ്രസ്സുമായി സഹകരണം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ അടുത്തിടെ കേന്ദ്ര കമ്മറ്റി തള്ളിയിരുന്നു. 

 ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് സഹകരണത്തിനായി യെച്ചൂരിക്കൊപ്പം പാര്‍ട്ടിയില്‍ വാദിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ മുന്നേറ്റമാണ് പാര്‍ട്ടിയുടെ ഉറക്കം കളയുന്നത്. മൂന്നരപ്പതിറ്റാണ്ട് കാലത്തെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുഖ്യ പ്രതിപക്ഷ സ്ഥാനവും സിപിഎമ്മിന് അന്യമാവുകയാണ്. ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഹകരണത്തിന് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്താനാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.