കയറിന്റെ കുരുക്കഴിയില്ല

Saturday 3 February 2018 2:00 am IST

 

ആലപ്പുഴ: പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള കയര്‍മേഖലയെ സംരക്ഷിക്കുവാനും അതിനെ ആശ്രയിക്കുന്ന തൊഴിലാളികളെ പരിരക്ഷിക്കുവാനും കാര്യക്ഷമമായ യാതൊരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നു പോലും നടപ്പാകാത്ത സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നാണ് തൊഴിലാളികളും ചെറുകിട ഫാക്ടറി ഉടമകളും ചോദിക്കുന്നത്. 

  കയര്‍തൊഴിലാളികള്‍ക്കുവേണ്ടി വേതന ഉറപ്പു പദ്ധതി ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലില്ലാതെ എങ്ങിനെ കൂലി കിട്ടുമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. തൊഴിലുറപ്പാക്കാനുള്ള പദ്ധതികള്‍ ഒന്നും തന്നെ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റില്‍ അറുന്നൂറ് രൂപ മിനിമം കൂലിയാക്കുമെന്ന പ്രഖ്യാപനത്തെ കാണേണ്ടത്. ചെറുകിട കയര്‍ഫാക്ടറികള്‍ ബഹുഭൂരിപക്ഷവും അടച്ചു പൂട്ടുകയോ, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയോയാണ്. 

  ഇതിനിടെയാണ് കൂലി വര്‍ദ്ധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം. കയര്‍ മേഖലയ ഇപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ചകിരിയുടെ ലഭ്യതക്കുറവാണ്. തമിഴ്‌നാടിനെ ആശ്രയിച്ചാണ് ചകിരിയുടെ ലഭ്യത ഉറപ്പാക്കിപോന്നിരുന്നത്. 

  എന്നാല്‍ തമിഴ്‌നാട് ചകിരി വിതരണത്തിന് കുറവു വരുത്തുകയും വില അമിതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നമുക്ക് ആവശ്യമായുള്ളചികിരിയെല്ലാം ഇവിടെയില്ല. തൊണ്ടുസംഭരണവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും നടപ്പായിട്ടില്ല. 

  ഉല്പന്നങ്ങളുടെ മികവും ഉല്പാദനക്ഷമതയും കാര്യക്ഷമമായി വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ കയര്‍ വ്യവസായത്തിനു ഭാവിയുള്ളൂ. കയര്‍ ഉല്പന്നങ്ങള്‍ പരമ്പരാഗത രീതിയില്‍ ഉല്പാദിപ്പിക്കുന്നതിനു സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല. ആഭ്യന്തര കമ്പോളവും വൈദേശിക കമ്പോളവും വികസിപ്പിച്ചുകൊണ്ടുവരുവാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. 

  കഴിഞ്ഞ ബജറ്റില്‍ 200 ദിവസം തൊഴില്‍ ഉറപ്പാക്കും. 100 ചകിരി മില്ലുകള്‍ സ്ഥാപിക്കും എന്നിവയായിരുന്നു പ്രഖ്യാപനങ്ങള്‍, ഇതാന്നും യാഥാര്‍ത്ഥ്യമായില്ല. ഈ വസ്തുത നിലനില്‍ക്കെയാണ് തൊണ്ട് ചകിരിയാക്കുന്നതിന് കൂടുതല്‍ മില്ലുകള്‍ സ്ഥാപിക്കും. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും എന്നീ പ്രഖ്യാപനങ്ങളുമായി ഐസക്ക് രംഗത്തെത്തിയിട്ടുള്ളത്. 

കയര്‍മേഖലക്ക് ആകെ 211 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 70 കോടി എന്‍ സിഡിസി വായ്പയാണ്. കയറുല്പന്നങ്ങള്‍ വില്‍ക്കാന്‍ മാര്‍ക്കറ്റിങ് കമ്പനിക്ക് രൂപം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.