അവഗണന മാത്രം; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

Saturday 3 February 2018 2:00 am IST

 

ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് ഇത്തവണയും ബജറ്റില്‍ അവഗണന മാത്രം, സര്‍ക്കാര്‍ സംരക്ഷണം ലഭിക്കാത്തതിനാല്‍ പുഞ്ചക്കൃഷിക്കു പിന്നാലെ രണ്ടാം കൃഷിയും കര്‍ഷകര്‍ ഉപേക്ഷിക്കുമ്പോഴാണ് സര്‍ക്കാരിന്റെ അലംഭാവം. 

  മുന്‍പെങ്ങും ഇല്ലാത്ത വിധം 5,000ത്തോളം ഹെക്ടറിലാണ് ഇക്കുറി പുഞ്ചക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ സീസണില്‍ 33,000 ഹെക്ടറിലായിരുന്നു പുഞ്ചക്കൃഷി ഇറക്കിയിരുന്നതെങ്കില്‍ ഇക്കുറി 26,000 ഹെക്ടറല്‍ പോലും ഇതുവരെ കൃഷി ഇറക്കിയിട്ടില്ല.  

  കഴിഞ്ഞ സീസണില്‍ പോലും രണ്ടാം കൃഷി 10,000 ഹെക്ടറില്‍ താഴെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കര്‍ഷിക മേഖലയോടു സര്‍ക്കാര്‍ കാട്ടുന്ന അവഗണനയും, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമാണു കര്‍ഷകരുടെ പിന്മാറ്റത്തിനു കാരണമായി പറയുന്നത്. വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന വിത്തിനുള്ള സബ്‌സിഡി രണ്ടാം കൃഷി മുതല്‍ നല്‍കുന്നില്ല.  

  വളം സബ്‌സിഡി  അക്കൗണ്ടില്‍ സമയത്തിന് എത്താറില്ല. കളയുടെയോ, വരിയുടെയോ ആധിക്യം മൂലം ഒരു കൃഷി ഉപേക്ഷിച്ച ശേഷം അടുത്ത കൃഷി ഇറക്കിയാല്‍ പമ്പിങ്ങിന്റെ കറന്റ് ചാര്‍ജ് കര്‍ഷകര്‍ അടയ്ക്കണം. 

  അതും വാണിജ്യാടിസ്ഥാനത്തിലുള്ള തുക നല്‍കുകയും വേണം. മാത്രമല്ല പമ്പിങ് സബ്‌സിഡി തടയുകയും ചെയ്യും. മുന്‍കാലങ്ങളില്‍ എസ്ആര്‍ഡിഎസ്,ആര്‍കെവിവൈ, പിപിപിആര്‍എസ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണു ലഭിച്ചുകൊണ്ടിരുന്നത്. 

  ഇപ്പോള്‍ ഇതെല്ലാം നിലച്ചു. ഇതിനൊന്നും പരിഹാരം ബജറ്റിലില്ല. നെല്‍കാര്‍ഷിക മേഖലയെ സമ്പൂര്‍ണമായി അവഗണിച്ചു. നെല്ലുസംഭരണത്തിന് തുക പോലും നീക്കിവെച്ചിട്ടില്ലെന്നതാണ് ദുഃഖകരം. 

  സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഗുണകരമാകേണ്ട ഈ സ്ഥാപനങ്ങള്‍ ഒട്ടുമിക്കവയും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. വിവിധ കാര്‍ഷിക സമിതികളും വേണ്ടത്ര ഫലമാകുന്നില്ല. തുറവൂര്‍ കരിനിലം വികസന ഏജന്‍സി എന്നീ സ്ഥാപനങ്ങള്‍ നോക്കുകുത്തിയായി.

നെല്ല് സംഭരണത്തിന് 525 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആയിരം കോടിയെങ്കിലും പ്രഖ്യാപിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യം ഉയരുമ്പോഴാണിത്. തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ 12 കോടി. ജൈവകൃഷി പ്രോത്സാഹനത്തിന് 10 കോടി.

  കുട്ടനാട് കായല്‍ പരിസ്ഥിതി പുനസ്ഥാപന പദ്ധതി ലോകബാങ്ക് സഹായത്തിന് നല്‍കുന്നതിന് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 2019-20 ല്‍ ഒരു വര്‍ഷം മുഴുവന്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നിടുന്നത് ലക്ഷ്യമാക്കി കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും. കിഫ്ബിക്ക് പദ്ധതി സമര്‍പ്പിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി ബജറ്റില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.