'കൃഷ്ണപിള്ള'യെ കത്തിച്ചവര്‍ എകെജി സ്മാരകവുമായി

Saturday 3 February 2018 2:45 am IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ കണ്ണാര്‍കാട്ടെ സ്മാരകം സിപിഎമ്മുകാര്‍ കത്തിച്ചതിന്റെ പാപഭാരം തീര്‍ക്കാന്‍ കഴിഞ്ഞ ബജറ്റില്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രഖ്യാപിച്ച സാംസ്‌ക്കാരിക കേന്ദ്രം കല്ലിടലില്‍ ഒതുങ്ങി. 

സിപിഎമ്മുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ക്ക് പണം അനുവദിച്ചെന്ന് പ്രഖ്യാപനം നടത്തി തുടര്‍ച്ചയായി അണികളെ കബളിപ്പിക്കുന്ന തോമസ് ഐസക്കിന്റെ ഇത്തവണത്തെ ഇര ഏകെജിയാണെന്ന് മാത്രം. എകെജിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അണികളെ ആവേശഭരിതരാക്കാന്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ പത്തുകോടി മുടക്കി സ്മാരകം നിര്‍മ്മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം.

എകെജിയുടെ കുടുംബവീട് ഇടിച്ചു നിരത്തിയപ്പോള്‍ കാഴ്ചക്കാരായി നിന്ന സിപിഎം നേതൃത്വമാണ്  ഇപ്പോള്‍ എകെജി സ്‌നേഹവുമായി രംഗത്തിറങ്ങിയത് . 2011ലാണ് കണ്ണൂര്‍ പെരളിശേരിയിലെ എകെജിയുടെ കുടുംബവീട് ബന്ധുക്കള്‍ ഇടിച്ചു നിരത്തിയത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കെട്ടിടം ഏറ്റെടുത്ത് സ്മാരകമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

പുന്നപ്ര-വയലാര്‍ സ്മാരകത്തിന് 10 കോടിയും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കഴിഞ്ഞ ബജറ്റിലും പുന്നപ്ര-വയലാര്‍ സ്മാരകത്തിന് (വലിയ ചുടുകാട്) അന്‍പത് ലക്ഷം അനുവദിച്ചിരുന്നു. ഈ തുക എന്തിനു വേണ്ടി ചെലവഴിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. 

കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് 2008ലെ ബജറ്റില്‍ തോമസ് ഐസക്ക് പുന്നപ്ര-വയലാര്‍ സ്മാരകത്തിന്റെ ഭാഗമായ വയലാറിലെ രക്തസാക്ഷിമണ്ഡപം ചരിത്രസാംസ്‌കാരിക കേന്ദ്രമാക്കാന്‍ ചൈനീസ് മോഡല്‍ മാട്രിസ് സ്‌ക്വയര്‍ പദ്ധതിക്കായി അരക്കോടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.