മലര്‍പ്പൊടിക്കാരന്റെ കിഫ്ബി സ്വപ്നം

Saturday 3 February 2018 2:45 am IST

തിരുവനന്തപുരം:  സ്വപ്‌നങ്ങളുടെ കണക്കെഴുതിയ ഡയറിയുമായി ജീവിക്കുന്ന ഒരു അച്ഛന്‍... സാറാ ജോസഫിന്റെ മറ്റാത്തി എന്ന നേവലിലെ വാചകം  ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പരാമര്‍ശിക്കുന്നു. ഇത്തരത്തില്‍  മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ പദ്ധതികള്‍ എന്ന് നടപ്പിലാക്കുമെന്ന് അറിയാതെ തോമസ് ഐസക്കിന്റെ  ബജറ്റിലും പ്രതിഫലിച്ചു നിന്നത് കിഫ്ബി. ബജറ്റ് പ്രസംഗം പൂര്‍ത്തിയായപ്പോള്‍   കിഫ്ബിക്കും താഴെയായി ബജറ്റ്.   സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ പുതിയ പദ്ധതികളും ക്ഷേമകാര്യങ്ങളും വ്യക്തമാക്കുന്നതാണ് ബജറ്റ്. എന്നാല്‍ ധനമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും  കിഫ്ബിയില്‍. 

കിഫ്ബി വഴി 19000 കോടിയ്ക്കുള്ള പദ്ധതികള്‍ക്ക് നിര്‍വ്വഹണാനുമതി നല്‍കിയെന്ന് ബജറ്റില്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ 4270 കോടി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിക്ക് ഗ്രാന്റായി നല്‍കിയെന്നും 3000 കോടക്ക് ജനറല്‍ ഒബ്ലിക്കേഷന്‍ ബോണ്ട് പുറപ്പെടുവിക്കുന്നതിന്  തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും പറയുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അടുത്ത നാലുമാസത്തേക്ക് സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് പണം നല്‍കാന്‍ ഇത് മതിയാകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. അതായത് പുതിയ പദ്ധതികള്‍ക്ക് നല്‍കാന്‍ ചില്ലിക്കാശ് കിഫ്ബിയില്‍ ഇല്ല എന്ന് വ്യക്തം. 

തുടങ്ങാനിരിക്കുന്ന കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലെ നിക്ഷേപം കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും  ബോണ്ടുകളിലൂടെ പണം കണ്ടെത്താനാകുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.  എന്നാല്‍ വിദേശത്ത് സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമായി രാജ്യങ്ങള്‍ നടപ്പിലാക്കുന്നു. നിരവധി തൊഴിലാളികള്‍ തൊഴില്‍ നിഷ്ടപ്പെട്ട് തിരികെ വരുന്നു. അതിനാല്‍ പ്രവാസിച്ചിട്ടി പദ്ധതി പൊട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കടത്തിലായ സര്‍ക്കാരിന്റെ ബോണ്ട് അത്രയധികം ചെലവാകണമെന്നില്ല.  ബജറ്റിലെ  പദ്ധതികളിലെല്ലാം കിഫ്ബിയാണ് മുതല്‍മുടക്ക്. നിക്ഷേപം പരാജയപ്പെട്ടാല്‍ എല്ലാം താളം തെറ്റുന്നതോടൊപ്പം  19000 കോടി രൂപയുടെ പദ്ധതി നര്‍വ്വഹണവും  തെറ്റും. 

 കിഫ്ബിവന്നതോടെ എംഎല്‍എമാരും പെട്ടു. സാധാരണ ബജറ്റിനു മുമ്പ് തങ്ങളുടെ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ ധനമന്ത്രിക്ക് സമര്‍പ്പിക്കാറുണ്ട്. ഇതനുസരിച്ച് ഈ ബജറ്റിനു മുമ്പും പദ്ധതികള്‍ സമര്‍പ്പിച്ചു. എന്നാല്‍ എംഎല്‍എ മാര്‍ നല്‍കിയ പദ്ധതികളെ സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. സമര്‍പ്പിച്ച പദ്ധതികള്‍  കിഫ്ബി വഴിമുറപ്രകാരം നടപ്പിലാക്കും എന്ന് മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.