മുഴുവൻ പൊങ്ങച്ചം

Saturday 3 February 2018 2:45 am IST

തലേന്നും പിറ്റേന്നുമായാണ് കേന്ദ്ര-കേരള ബജറ്റുകള്‍ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റ് കൃഷിക്കും ആരോഗ്യത്തിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നല്‍ നല്‍കി പ്രശംസ നേടി. ലോകത്തിലെതന്നെ സാമ്പത്തികശക്തിയാവാനും വികസന മുന്നേറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമാക്കുന്ന പദ്ധതികളുടെ നീണ്ട പട്ടികതന്നെ കേന്ദ്ര ബജറ്റിലുണ്ട്. അതിനായി നീക്കിയിരിപ്പുമുണ്ട്. എന്നാല്‍ കേരള ബജറ്റ് ആരെയും നിരാശപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.

മല എലിയെ പ്രസവിച്ചപോലെയാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയപ്പോള്‍ തോന്നിയത്. ചെലവ് ചുരുക്കലിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കിയ ധനമന്ത്രി, മുന്‍പ് നടത്തിയ പ്രസംഗങ്ങളുടെ ആവര്‍ത്തനമാണ് നടത്തിയത്. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് എന്ന മട്ടില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ ബഡായിയുടെ അകമ്പടിയോടെയാണെന്നു മാത്രം. നോട്ട് നിരോധനവും ജിഎസ്ടിയും കേരളത്തെ പ്രതിസന്ധിയിലാക്കി എന്നാണ് വിലാപം. ഇവ രണ്ടും കേരളത്തിന് മാത്രമായി കേന്ദ്രം ചെയ്തതല്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതുമൂലം പ്രതിസന്ധിയല്ല, പ്രയോജനമാണുണ്ടായത്. അതിനര്‍ത്ഥം, കുറ്റം കേരളത്തിന്റേതാകുന്നു എന്നാണ്. ജിഎസ്ടി സംബന്ധിച്ച ഒരു നടപടിയും വേഗത്തിലാക്കാന്‍ കേരളം ശ്രമിച്ചില്ല. അതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പോയകാലത്തെ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗങ്ങളില്‍ വൈക്കം മുഹമ്മദ് ബഷീറിനെയും എം.ടി. വാസുദേവന്‍നായരേയും ഒഎന്‍വിയേയുമൊക്കെ കൂട്ടുപിടിച്ചിരുന്നു. ഇത്തവണ സുഗതകുമാരി, ബാലാമണിയമ്മ തുടങ്ങിയ മഹതികളെയാണ് ഒപ്പം കൊണ്ടുവന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ തന്നെത്താന്‍ എന്തുപറഞ്ഞാലും ജനം വിശ്വസിക്കില്ല. അതുകൊണ്ടാവണം പൊതുസമൂഹത്തില്‍ അംഗീകാരമുള്ളവരുടെ തണലില്‍ മേനി പറയാന്‍ തുനിഞ്ഞത്. കഴിഞ്ഞ ബജറ്റിലെ ആകര്‍ഷണം 'കിഫ്ബി'യായിരുന്നു.  'കിഫ്ബി' വഴിയുള്ള വമ്പന്‍ മൂലധന നിക്ഷേപകുതിപ്പ് വിജയിപ്പിക്കുന്നതിന് 54000 കോടിരൂപയുടെ നിര്‍ദ്ദേശങ്ങളാണ് ഉണ്ടായത്.

ഒരുവര്‍ഷംകൊണ്ട് അതിന്റെ പകുതി ലക്ഷ്യത്തില്‍പോലും എത്തിയില്ല. 'കിഫ്ബി'യിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന നിക്ഷേപം കടംകൊണ്ട് മൂടിയ കേരളത്തിന് കൂനിന്മേല്‍ കുരുവായി മാറുമെന്നുറപ്പാണ്. രണ്ടുലക്ഷത്തിലധികം കോടിയുടെ കടമുള്ള സംസ്ഥാനമാണ് കേരളം. ആളോഹരി കടം 60000 രൂപയായി. പലിശ കൊടുക്കാന്‍ കടം വാങ്ങുന്ന സര്‍ക്കാര്‍ 'കിഫ്ബി' നിക്ഷേപത്തിന് നല്‍കേണ്ടത് വര്‍ദ്ധിച്ച പലിശയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. 'കിഫ്ബി' വഴി സൃഷ്ടിക്കാവുന്ന ഭാവിയിലെ ബാദ്ധ്യതകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധനമന്ത്രി നല്‍കുന്ന ഉറപ്പ്. എല്ലാം ശരിയാകുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പറഞ്ഞതൊന്നും നടന്നില്ലെന്ന് ജനത്തിനറിയാം.

കെഎസ്ആര്‍ടിസി കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്. അതിന്ന് അന്ത്യശ്വാസം വലിക്കുകയാണ്. നാല്‍ക്കവലയിലാണ് സര്‍ക്കാരുകള്‍ ആ സ്ഥാപനത്തെ കൊണ്ടുചെന്നിട്ടത്. കട്ടപ്പുറത്ത് നില്‍ക്കുകയാണ് സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും. പെന്‍ഷന്‍കാരുടെ  ജീവിതമാകട്ടെ വഴിമുട്ടി നില്‍ക്കുന്നു. ആറുപേര്‍ ഇതിനകം ആത്മഹത്യചെയ്തു. മറ്റ് പലരും ആത്മഹത്യാ മുനമ്പിലാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന തോന്നല്‍ ഇവര്‍ക്കിന്ന് ഇല്ലേയില്ല. ഇവര്‍ക്ക് ഒരു പ്രതീക്ഷയും ബജറ്റ് നല്‍കുന്നില്ല.

ആരോഗ്യ, സ്ത്രീശാക്തീകരണരംഗത്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പേരുമാറ്റി സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍, എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് ഇടതു സര്‍ക്കാര്‍. മാറിയ കാലഘട്ടത്തിന്റെ സാഹചര്യങ്ങളും സൗകര്യങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഒരു പദ്ധതിയും ചൂണ്ടിക്കാട്ടാനില്ല. വരട്ടുതത്വം മുറുകെപ്പിടിച്ച് പരിഷ്‌ക്കാരത്തിന് മുതിരാത്ത ഒരു പിന്തിരിപ്പന്‍ ബജറ്റാണിതെന്ന് ആര്‍ക്കും ബോദ്ധ്യമാകും. ഐസക്കിന്റെ പൊങ്ങച്ചമാണ് ബജറ്റ് പ്രസംഗത്തില്‍ മുഴച്ചുനില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.