ജില്ലയിലെ പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി

Saturday 3 February 2018 2:00 am IST
ജില്ലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച പദ്ധതികള്‍ മിക്കതും നടപ്പായില്ല. കഴിഞ്ഞ വര്‍ഷം തോമസ് ഐസ്‌ക് അവതരിപ്പിച്ച ബജറ്റില്‍ പ്രധാന ആകര്‍ഷകമായി ചൂണ്ടിക്കാട്ടിയിരുന്ന കോടിമത- കളത്തില്‍ക്കടവ് റോഡ്, കോട്ടയം-കുമരകം റോഡ്, പാറേച്ചാല്‍-കോടിമത റോഡ്, നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ക്ലിങ്കര്‍ ഗ്രൈന്‍ഡിങ്, കുമരകം വാട്ടര്‍ ടാക്‌സി, ചങ്ങനാശ്ശേരി ബൈപാസിലെ ഫ്‌ളൈഓവര്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രഖ്യാപനമായി അവശേഷിക്കുന്നത്.

 

കോട്ടയം: ജില്ലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച പദ്ധതികള്‍ മിക്കതും നടപ്പായില്ല. 

കഴിഞ്ഞ വര്‍ഷം തോമസ് ഐസ്‌ക് അവതരിപ്പിച്ച ബജറ്റില്‍ പ്രധാന ആകര്‍ഷകമായി ചൂണ്ടിക്കാട്ടിയിരുന്ന കോടിമത- കളത്തില്‍ക്കടവ് റോഡ്, കോട്ടയം-കുമരകം റോഡ്, പാറേച്ചാല്‍-കോടിമത റോഡ്, നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ക്ലിങ്കര്‍ ഗ്രൈന്‍ഡിങ്, കുമരകം വാട്ടര്‍ ടാക്‌സി, ചങ്ങനാശ്ശേരി ബൈപാസിലെ ഫ്‌ളൈഓവര്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രഖ്യാപനമായി അവശേഷിക്കുന്നത്. ഓരോ ബജറ്റിലും പദ്ധതികള്‍ക്ക് കോടികള്‍ അനുവദിച്ചതായി പ്രഖ്യാപിക്കുന്നതല്ലാതെ ജില്ലയുടെ വികസനത്തിന് മാറിമാറി വരുന്ന മുന്നണികള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നുള്ളതാണ് വസ്തുത.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കോടിമത-കളത്തില്‍ക്കടവ് റോഡ് (140 കോടി), കോട്ടയം-കുമരകം റോഡ് (ഇല്ലിക്കല്‍-കൈപ്പുഴമുക്ക് - 120 കോടി), പാറേച്ചാല്‍-കോടിമത (10കോടി) എന്നിവയാണ് നടക്കാതെ പോയ ജില്ലയിലെ പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ക്ലിങ്കര്‍ ഗ്രൈന്‍ഡിങ് യൂണിറ്റിന് 10 കോടി നല്‍കുമെന്ന് പറഞ്ഞിരുന്നു. 

എന്നാല്‍ ശമ്പളം നല്‍കാന്‍ മലബാര്‍ സിമന്റ്‌സില്‍ നിന്ന് കടം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടകം ട്രാവന്‍കൂര്‍ സിമിന്റ്‌സ്.കമ്പനി ഏത് നിമിഷവും പൂട്ടാമെന്ന അവസ്ഥയിലാണ്. 

മുഹമ്മ-ആലപ്പുഴ-കുമരകം-എറണാകുളം പാതയില്‍ വാട്ടര്‍ ടാക്‌സി ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നെങ്കിലും അതും ജലരേഖയായി. ജില്ലയില്‍ നൈപുണ്യകേന്ദ്രം, ചങ്ങനാശ്ശേരി ബൈപ്പാസിന് റെയില്‍വേ ജങ്ഷനില്‍ ഫ്‌ളൈഓവര്‍, കൊച്ചി സംയോജിത ജലഗതാഗത പദ്ധതിയുമായി ജില്ലയിലെ ജലപാതയെ ബന്ധിപ്പിക്കാന്‍ നടപടി തുടങ്ങിയവയെല്ലാം പ്രഖ്യാപനം മാത്രം. പദ്ധതികള്‍ നടത്തിപ്പിനായി കിഫ്ബിയില്‍ നിന്ന് പണമെടുത്ത് നടപ്പാക്കുമെന്നാണ് കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ മന്ത്രി പറഞ്ഞത്. അത്തരം പദ്ധതികളാണ് മിക്കതും നടക്കാതെ പോയത്. ഇവയ്‌ക്കൊന്നും എസ്റ്റിമേറ്റോ ടെണ്ടറോ ആയിട്ടില്ല. വലവൂരില്‍ നിര്‍മ്മാണം നടന്നു വരുന്ന ട്രിപ്പിള്‍ ഐ.ടി.യ്ക്ക് 25കോടി രൂപാ വകയിരുത്തിയിട്ടുള്ളതുമാത്രമാണ് പാലായ്ക്കുള്ള പരിഗണന.

കഴിഞ്ഞ ബജറ്റില്‍ റിംഗ് റോഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മ്മാണത്തിന് 45കോടി രൂപാ വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപയുടെ പണി പോലും നടന്നില്ല. സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം, സിന്തറ്റിക് സ്റ്റേഡിയത്തിന് ഗാലറി, വലവൂര്‍ ഇന്‍ഫോസിറ്റി, പാലാ ഗ്രീന്‍ ടൂറി സം പദ്ധതി, മിനി സിവില്‍ സ്റ്റേഷന്  നെല്ലിയാനിയില്‍ അന്ക്‌സ്, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയ സുപ്രധാന പദ്ധതികള്‍ക്കും ടോക്കണ്‍ തുക മാത്രമാണ് ബഡ്ജറ്റില്‍ ഉള്ളത്.

തനിയാവര്‍ത്തനമാകുമോ?

ജില്ലയില്‍ കഴിഞ്ഞ തവണ അനുവദിച്ച പദ്ധതികളുടെ അവസ്ഥ പ്രഖ്യാപനം മാത്രമാകുമ്പോള്‍ പുതിയ ബജറ്റിലെ പദ്ധതികളെക്കുറിച്ചും ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. പൊതുവേ എല്‍ഡിഎഫ് സര്‍ക്കാര്‍ കോട്ടയം ജില്ലയെ അവഗണിക്കുന്നതായി ആക്ഷേപം ഉണ്ട്. അത് തെളിയിക്കുന്നതാണ് ഇത്തവണത്തെയും ബജറ്റെന്നാണ് ജില്ലയിലെ പൊതുവായ അഭിപ്രായം. ജില്ലയുടെ വികസനത്തിന് കാര്യമായ പരിഗണന ലഭിച്ചില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറയുന്നത്. കാര്‍ഷികമേഖലയേയും അവഗണിച്ചതായി അദ്ദേഹം പറഞ്ഞു. 

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അനുവദിച്ച തുക കുറഞ്ഞതും റബ്ബര്‍ മേഖലയെ പരിഗണിക്കാതിരുന്നതും ബജറ്റിന്റെ പ്രധാന ന്യൂനതയാണെന്ന്  ഡോ. എന്‍. ജയരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി 334 കോടിയുടെ ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ഭൂനികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം പിന്‍വലിക്കണമെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു. റബ്ബര്‍, കാപ്പി തുടങ്ങിയ കാര്‍ഷിക വിളകളുടെ വില തകര്‍ച്ച വളരെ രൂക്ഷമായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന കര്‍ഷകര്‍ക്ക് മേലുള്ള ഇരുട്ടടിയാണ് ഭൂനികുതി വര്‍ദ്ധന. കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതായിരുന്നുവെന്നും, ഇതു പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.