ആശ്രയം കിഫ്ബി തന്നെ

Saturday 3 February 2018 2:45 am IST

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചില പ്രേത്യക വിഭാഗങ്ങളെ കയ്യിലെടുക്കാന്‍ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ശ്രമം നടത്തിയിട്ടുണ്ട്. 2018-19 വര്‍ഷത്തെ അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കാനും, 20 വര്‍ഷം പിന്നിടുന്ന കുടുംബശ്രീക്കുവേണ്ടി 20 ഇന പരിപാടി നടപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി എന്നീ മേഖലകള്‍ക്ക് പുനരുദ്ധാരണ പാക്കേജ് എന്ന പേരില്‍ ചെറിയ തുകകള്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യമുള്ള കയര്‍ മേഖലയ്ക്ക്മാത്രം 1200 കോടി രൂപ വകയിരുത്തിയത് ശ്രദ്ധേയമാണ്. അതേസമയം, തേങ്ങ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പാക്കേജ് ഇല്ലാതെ 1000 മില്ലുകള്‍ക്ക് തൊണ്ട് എങ്ങനെ ലഭ്യമാകുമെന്ന ചോദ്യം അവശേഷിക്കുന്നു. ചുരുക്കത്തില്‍ കയര്‍ തൊഴിലാളികളെ സ്വാധീനിക്കാനുള്ള തന്ത്രം മാത്രമാണ്.

അതേസമയം, വളരെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച  മറ്റ് പല പദ്ധതികള്‍ക്കും വെറും നാമമാത്രമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. ജൈവകൃഷിക്ക് 10 കോടിയും കേരഗ്രാമത്തിന് 50 കോടിയും ഗുണമേന്മയുള്ള വിത്തുല്‍പാദനത്തിന് 216 കോടിയുംഔഷധസസ്യ കൃഷിക്ക് 11 കോടിയും എന്‍ഡോസള്‍ഫാന്‍ പാക്കേജ് 50 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നടപടിയാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ ധനകാര്യമന്ത്രി ഇത്തവണയും കിഫ്ബിയിലാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. നടപ്പുവര്‍ഷം 50000 കോടി സ്വരൂപിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രവര്‍ത്തനഫലമായി 20,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും പണമില്ലാത്തതുകാരണം 4270 കോടി രൂപ ഗ്രാന്റായി ലഭിച്ചിട്ടുണ്ട്. മറ്റ് വിഭവങ്ങള്‍ കാര്യമായി ലഭിച്ചിട്ടില്ല. വരും വര്‍ഷം 54000 കോടി രൂപയുടെ (നടപ്പു വര്‍ഷത്തെ അടക്കം) പശ്ചാത്തല വികസനമണ് ലക്ഷ്യമിടുന്നത്. അതിന്റെ പകുതിപോലും  നടപ്പാക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 42 റെയില്‍പാലങ്ങള്‍ (റെയില്‍വെയുമായി ചേര്‍ന്ന്), 125 പാലങ്ങളുടെയും കലുങ്കുകളുടെയും പുനര്‍നിര്‍മാണം, യുപി-എല്‍പി സ്‌കൂളുകളുടെ കമ്പ്യൂട്ടറൈസേഷന്‍, തീരദേശ പാക്കേജ്, കെഎസ്ആര്‍ടിസിക്ക് 300 ബസ്സ് വാങ്ങല്‍ എന്നീ കാര്യങ്ങള്‍ക്കെല്ലാം കിഫ്ബിയെയാണ് ആശ്രയിക്കുന്നത്. ഇത് എത്രമാത്രം നടപ്പാകുമെന്ന് കണ്ടറിയണം.

കേരളസര്‍ക്കാരിന്റെ ധനകാര്യ പ്രതിസന്ധിയുടെ ശരിയായ പരിച്ഛേദമാണ് കെഎസ്ആര്‍ടിസി. അവിടുത്തെ ശമ്പളം-പെന്‍ഷന്‍ പ്രശ്‌നം ഗുരുതരമായി തുടരുന്നത് താല്‍ക്കാലികമായി പരിഹരിക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന 3500 കോടി ഉടനെ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം കെഎസ്ആര്‍ടിസിക്ക് ഉപാധികളോടെ 1000 കോടി ലഭ്യമാക്കുമെന്നും പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷനെ നേരത്തെ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തതുപോലെ ലാഭകേന്ദ്രങ്ങളായി വിഭജിക്കും. കിഫ്ബിയുടെ സഹായത്തോടെ ആദ്യഘട്ടം 1000 ബസ്സും അടുത്തഘട്ടം 2000 ബസ്സും പുതുതായി വാങ്ങും. 1000 ബസ്സുകള്‍ ഓട്ടം മുടങ്ങിക്കിടക്കുന്ന കോര്‍പ്പറേഷന് ഇവ കൂടുതല്‍ ബാധ്യതയാകും. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കൂടുതല്‍ ബസ്സുകള്‍ വാങ്ങി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടി അപകടകരമാണ്.

ഓഖി ദുരന്തത്തിനുശേഷം ഉയര്‍ന്ന ജനരോഷം താങ്ങാന്‍ 2000 കോടി രൂപയുടെ (അതില്‍ 900 കിഫ്ബിയില്‍നിന്ന്) തീരദേശ പാക്കേജും തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മത്‌സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് നബാര്‍ഡ് വായ്പ ലഭ്യമാക്കും എന്ന ഒഴുക്കന്‍ പ്രഖ്യാപനവുമുണ്ട്. തീരദേശത്ത് വൈഫൈ നടപ്പാക്കുന്നത് ഫലപ്രദമായാല്‍ മാത്രമേ അതുകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.

ചുരുക്കത്തില്‍ പുതുമകളില്ലാത്ത, വികസനാത്മകമല്ലാത്ത രാഷ്ട്രീയ ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. പണമില്ലാത്തവനും സ്വപ്‌നം കാണാമല്ലോ. അത്തരത്തിലുള്ള സ്വപ്‌നലോകത്തില്‍നിന്നുകൊണ്ട് യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. 

(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.