ംസ്ഥാന ബജറ്റ് : കണ്ണൂരിന് നിരാശ; പുതിയ പദ്ധതികളില്ല പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇത്തവണയും കടലാസില്‍

Friday 2 February 2018 10:28 pm IST

 

സ്വന്തംലേഖകന്‍

കണ്ണൂര്‍: ഇന്നലെ നിയമസഭയില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കണ്ണൂരിന് കടുത്ത നിരാശ. അടിസ്ഥാന മേഖലയിലടക്കം ഒരൊറ്റ പുതിയ പദ്ധതിയും ജില്ലയ്ക്ക് അനുവദിച്ചിട്ടില്ല. മാത്രമല്ല ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇത്തവണ ബജറ്റിലില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ പരിയാരം ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. 

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പരമ്പരാഗത ചെറുകിട വ്യവസായ മേഖലയ്‌ക്കോ റബ്ബര്‍ അഥിഷ്ഠിത വ്യവസായങ്ങള്‍ക്കോ ഉതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലാത്തതും ജില്ലയ്ക്ക് തിരിച്ചടിയാണ്.

ജില്ലയിലെ കാര്‍ഷിക മേഖലയ്‌ക്കോ തൊഴിലാളികള്‍ക്കോ ആശ്വാസമാകുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. മാത്രമല്ല കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക തുകകളൊന്നും ബജറ്റിലില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജില്ലയിലെ കൈത്തറി മേഖലയ്ക്കും ബജറ്റില്‍ പ്രത്യേകിച്ച് തുകയൊന്നും മാറ്റിവെച്ചിട്ടില്ല. സംസ്ഥാനത്താകാമാനം കൈത്തറിക്കായി മൊത്തം 46 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുളളത്. മലബാറിലെ ഖാദി മേഖല ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബജറ്റില്‍ 19 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. ഇത് കൈത്തറി-ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നതടക്കമുളള ഏതാനും ചില പ്രഖ്യാപനങ്ങളാണ് കണ്ണൂരിനു വേണ്ടി ബജറ്റിലുളളത്. പരിയാരം ഏറ്റെടുക്കുമെന്നു പറഞ്ഞ് നടത്തിയ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പോലെ എംസിസിയുമായി ബന്ധപ്പെട്ട പ്രഖ്യാപനവും കടലാസിലൊതുങ്ങുമോയെന്ന ചോദ്യം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുമ്പോഴും വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധ റോഡ് വികസനമടക്കമുളള കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഒരു പദ്ധതിയെക്കുറിച്ചും പരാമര്‍ശമില്ല. അഴീക്കല്‍ തുറമുഖ വികസനത്തിന് 110 കോടി വകയിരുത്തിയതായി പറയുമ്പോഴും ഇതെങ്ങനെ ലഭ്യമാക്കുമെന്നോ തുറമുഖ പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാകുമെന്നോ ബജറ്റില്‍ പ്രഖ്യാപനമില്ല. മൈസൂര്‍, വിമാനത്താവളം തുടങ്ങിയവയുമായി ബന്ധപ്പെട്ട റെയില്‍വേയുമായി ബന്ധപ്പെട്ട പദ്ധതികളുടെ സര്‍വ്വേയെ സംബന്ധിച്ചോ അതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള നീക്കങ്ങളെ സംബന്ധിച്ചും ഒന്നും വ്യക്തമാക്കുന്നില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാട്ടി ജനോപകാരപ്രദമായ പദ്ധതികള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന് പറയുന്ന ധനമന്ത്രി പെരളശ്ശേരിയില്‍ എകെജിയുടെ സ്മരണയ്ക്ക് മ്യൂസിയം പണിയാന്‍ 10 കോടി വകയിരുത്തിയതായി ബജറ്റില്‍ പറയുന്നുണ്ട്. ഇത് പൊതു സമൂഹത്തില്‍ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. പാര്‍ട്ടി ഭരണത്തില്‍ പടുത്തുയര്‍ത്തിയ പല പൊതുസ്ഥാപനങ്ങളും പിന്നീട് മസില്‍പവറിന്റെ ബലത്തില്‍ പാര്‍ട്ടി ഓഫീസായി മാറ്റിയതു പോലെ ഏകെജി മ്യൂസിയവും മാറുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 

ജില്ലാ താലൂക്ക്-ആശുപത്രികള്‍ക്ക് 2000 കോടി സംസ്ഥാനത്ത് നീക്കിവെച്ചിട്ടുണ്ടെന്ന് പറയുമ്പോഴും കിഫ്ബിയില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ച കണ്ണൂര്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും ബജറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. പാനൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്ന് മാത്രമാണ് ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ബജറ്റിലുളള ഏക പരാമര്‍ശം.25 കോടി രൂപ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും നിരവധി ക്യാമ്പസുകളുളള സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട തുക നാമമാത്രമാണ്. ഇത്തരത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നിന്നെല്ലാം വിത്യസ്തമായി കടുത്ത നിരാശയാണ് സംസ്ഥാന ബജറ്റ് കണ്ണൂരുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് യാഥാര്‍ത്ഥ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.