ഖേലോ ഇന്ത്യ; അപർണയ്ക്ക് സ്വർണം

Saturday 3 February 2018 2:45 am IST

ന്യൂദല്‍ഹി: പ്രഥമ ഖേലോ ഇന്ത്യാ സ്‌കൂള്‍ ഗെയിംസിന്റെ മൂന്നാം ദിനം അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. നാല് മെഡലുകളും നേടിയത് പെണ്‍കുട്ടികള്‍. ഇത് കൂടാതെ നീന്തല്‍ക്കുളത്തില്‍ നിന്നും രണ്ട് വെള്ളി കേരളം നേടി. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ സമ്പാദ്യം മൂന്ന് സ്വര്‍ണ്ണം ഏഴ് വെള്ളി മൂന്ന് വെങ്കലമടക്കം 13 ആയി.

പെണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്‍ണ റോയ്‌യാണ് ഇന്നലെ പൊന്നണിഞ്ഞത്. ഹര്‍ഡിലുകള്‍ക്ക് മീതെ പറവയെപോലെ പറന്നുനീങ്ങിയ അപര്‍ണ 14.02 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നത്. നിലവിലെ ദേശീയ ജൂനിയര്‍, സ്‌കൂള്‍ മീറ്റുകളിലെ സ്വര്‍ണ്ണ ജേത്രിയാണ് അപര്‍ണ. ഹൈജമ്പിലും 800 മീറ്ററിലുമാണ് കേരളത്തിന്റെ വെള്ളി. വെങ്കലം 800 മീറ്ററിലും .

800 മീറ്ററില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പ്രസ്‌കില ഡാനിയേല്‍ 2:13.91 സെക്കന്‍ഡിലും ഹൈജമ്പില്‍ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസിലെ ഗായത്രി ശിവകുമാര്‍ 1.65 മീറ്റര്‍ ചാടിയുമാണ് വെള്ളി നേടിയത്. 800 മീറ്ററില്‍ എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ സാന്ദ്ര. എ.എസാണ് 2:15.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്. 

800 മീറ്ററില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ മഹാരാഷ്ട്രയുടെ തായ് ബമാനെ 2:13.37 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണ്ണം നേടി. ഹൈജമ്പില്‍ 1.76 മീറ്റര്‍ ചാടിയ ഹരിയാനയുടെ റുബീന യാദവിന് സ്വര്‍ണ്ണം.

മീറ്റിലെ വേഗമേറിയ താരങ്ങളായി ദല്‍ഹിയുടെ നിസാര്‍ അഹമ്മദും മഹാരാഷ്ട്രയുടെ അവന്തിക നരാലെയും തെരഞ്ഞെടുക്കപ്പെട്ടു.10.76 സെക്കന്റില്‍ പറന്നെത്തിയാണ് നിസാര്‍ മീറ്റിലെ വേഗതയേറിയ താരമായത്. വെള്ളി നേടിയ ശശികാന്ത് 10.90 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നു. ശശികാന്തിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം 200 മീറ്ററില്‍ ശശികാന്ത് സ്വര്‍ണ്ണം നേടിയിരുന്നു.  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അവന്തിക 12.36 സെക്കന്‍ഡിലാണ് സ്വര്‍ണ്ണം നേടിയത്. തമിഴ്‌നാടിന്റെ ഗിരിധാരിണി 12.49 സെക്കന്‍ഡില്‍ സ്വര്‍ണ്ണവും അവരുടെ തന്നെ സാന്ദ്ര തെരേസ മാര്‍ട്ടിന്‍ 12ഴ61 സെക്കന്‍ഡില്‍ വെങ്കവും നേടി. 

നീന്തല്‍ക്കുളത്തില്‍ നിന്ന് കളമശ്ശേരി ജിഎച്ച്എസ്എസിലെ ജഗന്നാഥന്‍. പി.ജെ, തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ എം. വാസുറാം എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്. ജഗന്നാഥന്‍ നൂറ് മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ 1:09.27 സെക്കന്‍ഡിലും 200 മീറ്റര്‍ ്രഫീസ്‌റ്റൈലില്‍ വാസുറാം 2:01.01 സെക്കന്‍ഡിലും നീന്തിയെത്തിയാണ് വെള്ളി മെഡല്‍ നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.