വാഴുന്നോരായി താരസന്തതികള്‍

Saturday 3 February 2018 8:22 am IST

ഹിന്ദിയിലും തമിഴിലും താരപുത്രന്മാര്‍ നേരത്തെ അരങ്ങുവാഴാന്‍ തുടങ്ങിയെങ്കിലും മലയാളത്തില്‍ താമസിച്ചാരംഭിച്ച  ഈ പാരമ്പര്യം പക്ഷേ സിനിമയിലെ ട്വിസ്‌ററുപോലെ പെട്ടെന്നാണ് വേഗമാറ്റം ഉണ്ടായത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം ഇപ്പോള്‍ മലയാളം ആഘോഷിക്കുകയാണ്.പ്രണവിന്റെ ആദി കളക്ഷനില്‍ റെക്കോര്‍ഡിടുകയാണ്. നടന്‍ മുഖേഷിന്റെ മകന്റെ ചിത്രവും പുറത്തിറങ്ങി.ഇനിയും പിന്നണിയില്‍ താരപുത്രന്മാര്‍ ഒരുങ്ങുന്നുണ്ട്.  മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റമായിരുന്നു പ്രണവിനും മുന്നേ മലയാളം കൊണ്ടാടിയത്. ഇന്ന് വിജയ ചിത്രങ്ങളുടെ ഗാരണ്ടിയാണ് ദുല്‍ക്കര്‍.ബോളിവുഡിലേക്കും അദ്ദേഹം എത്തുകയാണ്. തമിഴില്‍ അരങ്ങേറ്റംകുറിച്ച ജയറാമിന്റെ മകന്‍ കാളിദാസ് അഭിനയിക്കുന്ന മലയാള ചിത്രവും ഉടനെത്തും. സുരേഷ് ഗോപിയുടെ മകന്റെ ചിത്രങ്ങളും ഇറങ്ങി.

പഴയ പ്രേക്ഷകരുടെ മനസിലുളള താരപുത്ര അരങ്ങേറ്റം പ്രശസ്ത നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്റേതായിരുന്നു.ചില ചിത്രങ്ങളില്‍ സതീഷ് അഭിനയിച്ചുവെങ്കിലും അതു തുടര്‍ച്ചയായില്ല.ഏതാണ്ട് അതേ കാലത്തുതന്നെയാണ് പ്രേംനസീറിന്റെ മകന്‍ ഷാനവാസ് അരങ്ങേറിയത്. പ്രണവിന്റെ പോലെ വന്‍ പ്രചാരമായിരുന്നു ഈ തുടക്കത്തിന്. മലയാള സിനിമയ്ക്കു പുതിയ നായകന്‍ എന്നാണ് സിനിമാലോകം ഉറ്റുനോക്കിയത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ ആയിരുന്നു ഷാനവാസിന്റെ ആദ്യചിത്രം.അത് ഹിറ്റായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചുവെങ്കിലും ക്രമേണെ പിന്മാറുകയായിരുന്നു.

അതുല്യ നടന്‍ സായികുമാറും ഇങ്ങനെ താരപുത്ര മേല്‍വിലാസത്തില്‍ വരികയായിരുന്നു. നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായികുമാര്‍. അതിനു മുന്‍പേ അദ്ദേഹത്തിന്റെ പെങ്ങള്‍ ശോഭാ മോഹന്‍ സിനിമയിലെത്തിയിരുന്നു. മുഖേഷിനൊപ്പം ബലൂണിലായിരുന്നു അവരുടെ തുടക്കം.. പിന്നീട് ശോഭയുടെ മകനും നടനായി, വിനുമോഹന്‍. ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളായിരുന്ന സുകുമാരന്‍,രതീഷ്,സോമന്‍ എന്നിവരുടെ മക്കളും സിനിമയിലെത്തി. അതില്‍ സുകുമാരന്റെ മക്കള്‍ നിറഞ്ഞ നില്‍ക്കുകയാണ്,പൃഥ്വിരാജും ഇന്ദ്രജിത്തും. സോമന്റെ മകന്‍ ഒന്നുരണ്ടു ചിത്രങ്ങളിലായി ഒതുങ്ങി. രതീഷിന്റെ മകനും മകളും അടുത്തകാലത്താണ് സിനിമയിലെത്തിയത്. അകാലത്തില്‍ കൊഴിഞ്ഞ നടന്‍ ജിഷ്ണു പഴയകാല സൂപ്പര്‍താരം രാഘവന്റെ മകനാണ്.

അതുപോലെ ബാലന്‍ കെ.നായരുടേയും രാജന്‍പി.ദേവിന്റേയും മണിയന്‍പിള്ള രാജുവിന്റേയും മക്കളും സിനിമയിലുണ്ട്. ഷീലയുടേയും സുകുമാരിയുടേയും മക്കളും അരങ്ങേറുകയുണ്ടായി. പിന്നീട് എന്തുകൊണ്ടോ അവരെ കണ്ടില്ല. തമിഴിലും തെലുങ്കിലും സൂപ്പര്‍ താരമായിമാറിയ കീര്‍ത്തി സുരേഷ് നടി മേനകയുടെ മകളാണ്. മലയാളത്തില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തിയുടെ തുടക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.