കള്ളനോട്ട് വിതരണം; സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

Saturday 3 February 2018 8:39 am IST

കോതമംഗലം: കാറില്‍ കള്ളനോട്ടുമായെത്തിയ രണ്ടു സ്ത്രീകളടക്കം മൂന്നു പേരെ തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനികളായ സുവാന ഷെയ്ക്ക് (27), സഹിന്‍ (24), പൊന്‍കുന്നം സ്വദേശി മാളിയേക്കല്‍ അനൂപ് (40) എന്നിവരെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ അടിമാലിക്കു സമീപം ഭക്ഷണം കഴിച്ച ഹോട്ടലില്‍ നല്‍കിയ രണ്ടായിരത്തിന്റെ നോട്ട് കള്ളനോട്ടാണെന്നു കടയുടമ കണ്ടെത്തിയിരുന്നു.

കബളിപ്പിക്കപ്പെട്ട ഹോട്ടലുടമ നല്‍കിയ സന്ദേശത്തെ തുടര്‍ന്നാണു തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പ്രതികളെ പിടികൂടിയത്. സംഘത്തിന്റെ കൈവശം അഞ്ചു ലക്ഷത്തിലേറെ രൂപ ഉണ്ടായിരുന്നു. ഇതില്‍ ഇടകലര്‍ത്തി വച്ചിരുന്ന 20,000 രൂപയുടെ കള്ളനോട്ടാണു പോലീസ് പിടികൂടിയത്.

കൊച്ചിയില്‍നിന്ന് അനൂപ് വാടകയ്ക്കെടുത്ത കാറിലായിരുന്നു സംഘത്തിന്റെ യാത്ര. മൂന്നാറില്‍ നിന്നു മടങ്ങിയ സംഘം ഇടുക്കി ജില്ലയിലും മറ്റും കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണു സൂചന. പ്രതികള്‍ സംസ്ഥാനാന്തര കള്ളനോട്ടു സംഘത്തിലെ കണ്ണികളാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.