എന്റെ മുഖ്യശിക്ഷക്

Sunday 4 February 2018 2:45 am IST
രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതിയായ പത്മവിഭൂഷണിൽ വരെയെത്തി നിൽക്കുന്ന പി പരമേശ്വരന്റെ യാത്ര സമൂഹത്തിനാകെ വേണ്ടിയുള്ളതാണ്.

സമൂഹത്തില്‍ ആദരണീയ സ്ഥാനം നേടുന്ന, സ്ഥാനത്തെത്തുന്ന ചിലരുണ്ട്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയുന്നത് മഹാഭാഗ്യമാണ്. അത്തരത്തിലൊരു ഭാഗ്യം എനിക്കും വന്നുചേര്‍ന്നു. പി. പരമേശ്വരനൊപ്പം വിദ്യാര്‍ത്ഥി കാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നടത്താനുള്ള മഹാഭാഗ്യം. 65 വര്‍ഷത്തിലേറെയായി ആ പ്രവര്‍ത്തനം തുടരുന്നതും അതിലേറെ ഭാഗ്യമാണ്. 

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കാനെത്തുമ്പോഴാണ് പരമേശ്വര്‍ജിയെ കാണുന്നത്. ആര്‍എസ്എസ്സിനോടുള്ള ആഭിമുഖ്യമാണ് പരമേശ്വര്‍ജിയോടുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. പരമേശ്വര്‍ജിയും മറ്റൊരു സ്വയംസേവകനും കൂടി എന്റെ താമസസ്ഥലത്തുവന്നു. അന്ന് പുത്തന്‍ചന്ത ശാഖയുടെ മുഖ്യശിക്ഷകായിരുന്നു പരമേശ്വര്‍ജി. എന്റെ താമസ സ്ഥലത്തിന് വളരെ അടുത്തായിരുന്നു പുത്തന്‍ചന്ത ശാഖ എന്നതിനാല്‍ എന്നെ അവിടേക്കു ക്ഷണിച്ചു. ശാഖയുടെ മുഖ്യശിക്ഷക് എന്ന നിലയില്‍ കൂടുതല്‍ ആളുകളെ സമ്പര്‍ക്കം ചെയ്ത് ശാഖയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പരിശ്രമം പരമേശ്വര്‍ജി എന്നും നടത്തിയിരുന്നു. പരമേശ്വര്‍ജിയുടെ സമ്പര്‍ക്ക ഫലമായി നിരവധി പേരാണ് അന്ന് പുത്തന്‍ചന്ത ശാഖയില്‍ വന്നത്. എല്ലാവരും ഉന്നതവിദ്യാഭ്യാസത്തിനു പഠിക്കുന്നവര്‍ സി.ആര്‍.ആര്‍. വര്‍മ്മയടക്കം എഞ്ചിനീയറിംഗിനു പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് പുത്തന്‍ചന്ത ശാഖയില്‍ വന്നുകൊണ്ടിരുന്നു. പരമേശ്വര്‍ജിയുടെ ശ്രമഫലമായിരുന്നു അത്. അവരെല്ലാം ആര്‍എസ്എസ്സിനെ അറിഞ്ഞത് പരമേശ്വര്‍ജിയുടെ വ്യക്തിത്വത്തിലൂടെയാണ്.

സംഘകാര്യങ്ങളില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് അന്ന് താല്‍പര്യം. സാമൂഹ്യകാര്യങ്ങളിലെല്ലാം ഇടപെടുന്ന സ്വഭാവമായിരുന്നു. വിശാലമായ വായന വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ പ്രത്യേകതയായിരുന്നു. നല്ല പുസ്തകങ്ങള്‍ അതെന്തായിരുന്നാലും തേടിപ്പിടിച്ച് വായിക്കും. അതില്‍ ആര്‍എസ്എസ്സിന് എതിരായ പുസ്തകങ്ങളുമുണ്ടാകും. വായിച്ച കാര്യങ്ങള്‍ ശാഖയില്‍ വന്ന് മറ്റുള്ളവരുമായി പങ്കുവയ്ക്കും. വളരെ ചെറുപ്പത്തിലെ രൂപപ്പെടുത്തിയെടുത്ത വായന പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പരമേശ്വര്‍ജിയുടെ വായനയും ചിന്തയും ആര്‍എസ്എസ് എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. സാമൂഹ്യപരമായ എല്ലാത്തിലും പരമേശ്വര്‍ജിയുടെ ഇടപെടലുണ്ടായി. രാഷ്ട്രീയവും കലയും സാഹിത്യവുമെല്ലാം അതില്‍പ്പെടുമായിരുന്നു. ശാഖ കഴിഞ്ഞുള്ള അനൗപചാരിക കൂടിക്കാഴ്ചകളിലെപ്പോഴും അദ്ദേഹം സംസാരിക്കുക സാമൂഹ്യ പ്രശ്‌നങ്ങളോ സാഹിത്യമോ ആകും. കവിത എഴുതുന്ന ശീലവും പരമേശ്വര്‍ജിക്ക് ചെറുപ്പത്തില്‍ തന്നെയുണ്ടായി. 

ഒരു മുഖ്യശിക്ഷക് എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണമായിരുന്നു തിരുവനന്തപുരത്തെ പുത്തന്‍ചന്ത ശാഖയിലെ മുഖ്യശിക്ഷകായിരുന്ന പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനം കൂടുതല്‍ പേരെ സമ്പര്‍ക്കം ചെയ്ത് ആര്‍എസ്എസ് എന്താണെന്ന് അറിയിക്കുക എന്നതായിരുന്നു. ഒരിക്കല്‍ പരമേശ്വര്‍ജി ആഗമാനന്ദ സ്വാമിയെ പുത്തന്‍ചന്ത ശാഖയില്‍ കൊണ്ടുവന്നു. സ്വാമിജി അന്നവിടെ ചെറിയൊരു പ്രസംഗം നടത്തി. എന്റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ഇടയാക്കിയത് ആ പ്രഭാഷണമാണ്. ആഗമാനന്ദജിയുടെ പ്രസംഗം എന്നെ വലിയതോതില്‍ സ്വാധീനിച്ചു. ഞാന്‍ ആര്‍എസ്എസ് പ്രചാരകനാകാന്‍ തീരുമാനിച്ചത് ആ പ്രസംഗം ശ്രവിച്ചതിനു ശേഷമാണ്. 

അക്കാലത്ത് സംഘശിക്ഷാ വര്‍ഗ്ഗുകള്‍ (ഒടിസി) കേരളത്തിനു പുറത്തായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പരമേശ്വര്‍ജി ഒടിസിക്ക് പോയി. പരീക്ഷക്കാലമായിരുന്നു. പരീക്ഷ ഉപേക്ഷിച്ചാണ് അദ്ദേഹം പോയത്. ദാദാജി പരമാര്‍ത്ഥാണ് കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യയുടെ പ്രചാരക്. പരീക്ഷ എഴുതാതെയാണ് പരമേശ്വരന്‍  വന്നിരിക്കുന്നതെന്ന് അദ്ദേഹം അറിഞ്ഞു. ഉടന്‍ തന്നെ തിരികെ പോകാനും പരീക്ഷ എഴുതിയ ശേഷം ക്യാമ്പിലേക്കെത്താനും പറഞ്ഞു. പരമേശ്വര്‍ജിക്ക് അതനുസരിക്കുകയല്ലാതെ വഴിയില്ലായിരുന്നു.

എക്കാലത്തും പരമേശ്വര്‍ജിക്കുള്ള വലിയ കഴിവ് ദീര്‍ഘവീക്ഷണമായിരുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ദൈവികമായ കഴിവായിരുന്നു അത്. പുത്തന്‍ചന്ത ശാഖയിലെത്തുന്ന പ്രവര്‍ത്തകരോട് അദ്ദേഹം പറയുമായിരുന്നു, സംഘം എന്തു ചുമതലകളേല്‍പ്പിച്ചാലും അത് അനുസരിക്കാനുള്ള ബാധ്യത സംഘ പ്രവര്‍ത്തകനുണ്ടെന്ന്. മന്ത്രിയാകാനും എംഎല്‍എയാകാനും വരെ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞത് ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇടപെടുമോ എന്നുപോലും നിശ്ചയമില്ലാത്ത കാലത്തായിരുന്നു. ഇന്ന് ആര്‍എസ്എസ് പ്രചാരകന്‍ പ്രധാനമന്ത്രി പദത്തില്‍ വരെയെത്തുന്ന സാഹചര്യമുണ്ടായി.

പ്രചാരകനായി പരമേശ്വര്‍ജി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായും ദീനദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിനായും ദല്‍ഹിയിലും പ്രവര്‍ത്തിച്ചു. പ്രാന്തപ്രചാരകായിരുന്ന ഭാസ്‌കര്‍റാവുവിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വാഴൂരിലെ സ്‌കൂളില്‍ അധ്യാപകനായി. ഒരു വര്‍ഷത്തെ അധ്യാപക ജീവിതത്തിനു ശേഷം പ്രചാരകനായി. അക്കാലത്ത് പരമേശ്വര്‍ജിയുമായി നിരന്തര ബന്ധം ഉണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ കേസരി വാരികയുടെ പത്രാധിപരായി കോഴിക്കോട്ടെത്തിയ ശേഷമാണ് പരമേശ്വര്‍ജിയുമായി നിരന്തരം സമ്പര്‍ക്കമുണ്ടായത്. 

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ പരമേശ്വര്‍ജി നടത്തിയത് സമാനതകളില്ലാത്ത ഇടപെടലുകളാണ്. ദിശാബോധം നഷ്ടപ്പെട്ട് തെറ്റിന്റെ വഴിയിലൂടെ സഞ്ചരിക്കുമായിരുന്ന ജനതയ്ക്ക് വഴികാട്ടുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തിക്കൊണ്ട് ഉച്ചനീചത്വത്തില്‍ മുഴുകിക്കിടന്ന കേരളത്തെ സ്ഥിതി സമത്വത്തിലേക്ക് ഉയര്‍ത്താനുള്ള പഠനങ്ങളും പരിശ്രമങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള പുസ്തകം. മഹര്‍ഷി അരവിന്ദഘോഷിനെ കേരളത്തിനു പരിചയപ്പെടുത്തുകയായിരുന്നു പരമേശ്വര്‍ജിയുടെ മറ്റൊരു പ്രവൃത്തി.

ലോകത്തെവിടെയുമില്ലാത്ത ഉച്ചനീചത്വമാണ് സ്വാമി വിവേകാനന്ദന് കേരളത്തില്‍ ദര്‍ശിക്കേണ്ടി വന്നത്. അങ്ങനെയുള്ള കേരളത്തിനെ ഏതു നിലയില്‍ ഉയര്‍ത്തണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്ന ഏക വ്യക്തി പരമേശ്വര്‍ജിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിദേശഭരണത്തില്‍ നിന്ന് മോചനം നേടിയ ഭാരതത്തിന്റെ നവോത്ഥാനം ഏതു ദിശയിലേക്കായിരിക്കണമെന്ന് പഠന നിഗമനങ്ങളിലൂടെ ദര്‍ശിച്ച പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ദര്‍ശനമാണ് പരമേശ്വര്‍ജി കേരളത്തിന് ആദ്യം നല്‍കിയത്. അതിനു ശേഷം ശ്രീനാരായണ ദര്‍ശനവും അരവിന്ദ ദര്‍ശനവുമാണ്. ഇതെല്ലാം നാം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് പിന്‍മുറക്കാര്‍ ചിന്തിക്കട്ടെ.

കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേക്ക് എന്ന പുസ്തകം പരമേശ്വര്‍ജി ആദ്യകാലത്ത് എഴുതിയതാണ്. അദ്ദേഹത്തിന്റെ കേരളീയ നവോത്ഥാന ചിന്തകളാണ് പുസ്തകങ്ങളിലെല്ലാം പ്രതിപാദിക്കുന്നത്. യുവാക്കള്‍ക്കു വേണ്ടി കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിദ്ധീകരിക്കുന്ന 'യുവഭാരതി'യുടെ എഡിറ്റര്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിയ എഡിറ്റോറിയലുകള്‍ എല്ലാം യുവാക്കളോടുള്ള ആഹ്വാനങ്ങളാണ്. 

തിരുവനന്തപുരത്തെ പുത്തന്‍ചന്ത ശാഖയുടെ മുഖ്യശിക്ഷകായിരുന്ന പരമേശ്വര്‍ജി ഇന്ന് ഭാരതീയ ചിന്താമണ്ഡലത്തിലെ നക്ഷത്രമാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതിയായ പത്മവിഭൂഷണില്‍ വരെയെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ യാത്ര കേരളീയ സമൂഹത്തിനാകെ വേണ്ടിയുള്ളതാണ്. അദ്ദേഹം മുന്നോട്ടു വച്ചിട്ടുള്ള ദര്‍ശനങ്ങള്‍ ജനങ്ങളെയെല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ളതുമാണ്.

(ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകനാണ് എം.എ.കൃഷ്ണന്‍. കേസരി വാരികയുടെ പത്രാധിപരായിരുന്ന അദ്ദേഹം ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനകള്‍ക്ക് രൂപം കൊടുത്തു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.