ആകാശക്കൂടാരത്തില്‍ ആശങ്ക നിറയുമ്പോള്‍

Sunday 4 February 2018 8:43 am IST
ആകാശമാലിന്യങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനകം ചുരുങ്ങിയത് 3000 കൃത്രിമ ഉപഗ്രഹങ്ങള്‍ കൂടി ആകാശത്തെത്തുമെന്നാണ് കണക്ക്. അതോടെ ആകാശവീഥിയില്‍ വമ്പന്‍ കൂട്ടിയിടികള്‍ തന്നെ നടന്നേക്കാം. പല ഉപഗ്രഹങ്ങളും തകര്‍ന്നേക്കാം. അത്തരമൊരവസ്ഥ കാലാവസ്ഥാ പ്രവചനത്തെയും വാര്‍ത്താവിനിമയത്തെയുമൊക്കെ ബാധിച്ചേക്കാം. അതുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സ്, നാസ,യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ ഒത്തുചേര്‍ന്ന് ആകാശമാലിന്യം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

മനോഹരമായ വസ്തുക്കള്‍ കാണണമെങ്കില്‍ രാത്രിയില്‍ ആകാശത്തേക്ക് നോക്കണം. ഭൂമിയില്‍ നിശ്ചലമായി മനോഹരവസ്തുക്കള്‍ നിരവധിയുണ്ട്.  എന്നാല്‍ ആകാശവിരിവിലെ കാഴ്ചകള്‍ക്ക് പ്രത്യേകം എന്തോ ഒരു വിശേഷം ഉണ്ട്.'' പൈലോ പോള്‍ ബി.എ ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ് ശുക്രനെക്കുറിച്ച് ഭാഷാപോഷിണിയില്‍ (1898 രണ്ടാം പുസ്തകം) എഴുതിയ ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. പക്ഷേ അദ്ദേഹം ഇപ്പോഴാണ് ജീവിച്ചിരുന്നതെങ്കില്‍ ഇപ്രകാരം തന്റെ ലേഖനം തുടങ്ങില്ലായിരുന്നു. കാരണം 'മനോഹര'മായ ഭൂമിയിലേതുപോലെ ആകാശവിരിവിലും മാലിന്യങ്ങള്‍ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രാറ്റജിക് കമാന്റിന്റെ കണക്കുപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുന്നത് ഇരുപതിനായിരത്തോളം മാലിന്യക്കഷണങ്ങളാണ്. ഇത്തിരിക്കുഞ്ഞനായ മൊട്ടുസൂചി മുതല്‍ ഡബിള്‍ഡക്കര്‍ ബസിന്റെ വലിപ്പമുള്ള കാലഹരണപ്പെട്ട ഉപഗ്രഹങ്ങള്‍ വരെ.

ആകാശത്തെ ഈ അശാന്തി ഭൂമിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. ആകാശമാലിന്യങ്ങള്‍ ബഹിരാകാശത്തേക്ക് കണ്‍തുറക്കുന്ന ടെലിസ്‌കോപ്പുകളുടെ കാഴ്ച തടസ്സപ്പെടുത്തുന്നുവെന്നത് ഒരു പ്രശ്‌നം. അത് ഗവേഷണത്തെ തടസ്സപ്പെടുത്തുന്നു. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും കാലാവസ്ഥാ പ്രവചന ഉപഗ്രഹങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉപഗ്രഹ വിക്ഷേപണത്തില്‍ ഉന്നം പിഴയ്ക്കാന്‍ സാഹചര്യമൊരുക്കുന്നു. അതിനൊക്കെ പുറമെ ഏത് നിമിഷവും കൂട്ടിയിടിക്കാനും, ആകാശവീഥിയില്‍ ആയിരക്കണക്കിന് പുത്തന്‍ ആക്രിക്കഷണങ്ങള്‍ ജനിക്കാനും ഇടയാക്കുന്നു.

മനുഷ്യന്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹമായ 'സ്ഫുട്‌നിക്' ആകാശത്തേക്കുയര്‍ന്നത് 1957-ലാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ആകാശത്തേക്കുള്ള മാലിന്യപ്രവാഹം. തൊട്ടടുത്തവര്‍ഷം തൊടുത്തുവിട്ട 'വാന്‍ഗാര്‍ഡ്-ഒന്ന്' എന്ന ഉപഗ്രഹവും ആക്രി വസ്തുവായി ആകാശത്ത് ഭൂഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ആകാശത്ത് സദാചുറ്റിത്തിരിയുന്ന അന്തര്‍ദ്ദേശീയ സ്‌പേസ് സ്റ്റേഷനും മാലിന്യമുണ്ടാക്കുന്നതില്‍ മോശമല്ല. അതിലെ യാത്രികര്‍ ഉപയോഗശൂന്യമായ  ക്യാമറകള്‍ അടക്കം പലതും ആകാശത്തേക്ക് തള്ളുന്നതായാണ് റിപ്പോര്‍ട്ട്. അതിന്റെ ദോഷവും അവരനുഭവിക്കുന്നുണ്ടത്രെ. ഭ്രമണപഥത്തില്‍ അതിവേഗം പായുന്ന ഒരു മാലിന്യവസ്തു ഈ സ്‌പേസ്ഷട്ടിലിന്റെ പടുകൂറ്റന്‍ സോളാര്‍ പാനലില്‍ തട്ടിദ്വാരമുണ്ടായി. വാഹനത്തിലുണ്ടായിരുന്ന ആകാശചാരി ക്രിസ് ഹാഡ്ഫീല്‍ഡിന് അന്നത് റിപ്പയര്‍ ചെയ്യാനായത് ഭാഗ്യംകൊണ്ടുമാത്രമാണ്.

കേവലം 10 സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ഒരു വസ്തു വന്നിടിച്ചാല്‍ 25 ഡൈനമീറ്റുകള്‍ പൊട്ടുന്നത്രയും ആഘാതമാണത്രെ ആകാശത്ത് സംഭവിക്കുക. കാരണം അവയോരോന്നും സഞ്ചരിക്കുന്നത് 17000 കിലോമീറ്റര്‍ വേഗതയിലാണത്രെ. ആകാശത്തെ മാലിന്യം നിയന്ത്രിക്കാന്‍ നിലവില്‍ ശക്തമായ നിയമങ്ങളില്ല. ഐക്യരാഷ്ട്ര സഭയുടെ പഴയൊരു പ്രോട്ടോകോള്‍ പ്രകാരം ആകാശം സമാധാനപരമായ കാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാനാവൂ. പക്ഷേ വിവിധ വന്‍ ശക്തികള്‍ തൊടുത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ ആണവ വസ്തുക്കള്‍പോലും  ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാവണം, തങ്ങള്‍ തൊടുത്തുവിട്ട ഒരു ഉപഗ്രഹം തകരാറിലായപ്പോള്‍ മിസൈല്‍ ഉപയോഗിച്ച് അതിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ചൈന മുന്നിട്ടിറങ്ങിയത്. 2007 ലായിരുന്നു ചൈനയുടെ ഈ അതിസാഹസം. ഇത്തരം നടപടികള്‍ ബഹിരാകാശത്ത് മാലിന്യങ്ങളുടെ ഒരു തുടര്‍പ്രവാഹമുണ്ടാക്കാന്‍ ഇടവരുത്തുമെന്ന് 'നാസ'യിലെ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് കെസ്‌ലര്‍ 1978 ല്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു മാലിന്യവസ്തു പതിനായിരം കഷണങ്ങളായി പൊട്ടിച്ചിതറുമ്പോള്‍ മാലിന്യംകൊണ്ടുള്ള ആപത്തിന്റെ വ്യാപ്തി ആയിരക്കണക്കിന് മടങ്ങ് വര്‍ധിക്കും. 

കാന്‍ബറയിലെ മൗണ്ട് സ്‌ട്രോംലോ ഒബ്‌സര്‍വേറ്ററിയിലെ ക്രെയ്ഗ് സ്മിത്തിന്റെ കൂട്ടാളികള്‍ ആകാശമാലിന്യം എരിച്ചു കളയാനുള്ള ലേസര്‍ നിര്‍മിക്കാനുള്ള തത്രപ്പാടിലാണ്. പക്ഷേ ഇതത്ര സുഖകരമല്ല. ആകാശയാനത്തില്‍ ഘടിപ്പിച്ച പടുകൂറ്റന്‍ വലകൊണ്ട് മാലിന്യത്തെ വീശിപ്പിടിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ~ിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ആലീസ് ഗോര്‍മാന്‍ പറയുന്നത്. അത്തരം വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്നതോടെ കത്തിച്ചാമ്പലാവുകയും ചെയ്യും. 'സാബര്‍ അസ്‌ട്രോ നോട്ടിക്‌സ്' തലവന്‍ ജാസന്‍ ഹെല്‍ഡാവട്ടെ, 'ഡ്രാഗ്-എന്‍' എന്നുപേരിട്ട അത്തരമൊരു വല രൂപകല്‍പന ചെയ്തുകഴിഞ്ഞു. ചാലകസ്വഭാവത്തോടെയുള്ള കയറുകള്‍കൊണ്ട് നിര്‍മിച്ച കനം കുറഞ്ഞ ഈ വല വൈദ്യുത-കാന്തിക ശക്തികളുടെ സഹായത്തോടെയാണ് അതിവേഗയാത്രികരായ മാലിന്യങ്ങളെ കുരുക്കില്‍ പെടുത്തുക. പക്ഷേ ഇത്തരം ഏര്‍പ്പാടുകളോട് വന്‍ ശക്തികള്‍ വിയോജിക്കാനാണ് സാധ്യത. അവരെ സംബന്ധിച്ചിടത്തോളം ദുഷ്ടലാക്കോടെ വിക്ഷേപിച്ച തങ്ങളുടെ ഉപഗ്രഹങ്ങള്‍ക്കുള്ളിലെ രഹസ്യം മറ്റുള്ളവര്‍ അറിയുന്നതില്‍ തെല്ലും താല്‍പ്പര്യം കാണില്ല. മറിച്ച് എതിര്‍പ്പും കണ്ടേക്കാം.

പക്ഷേ ആകാശമാലിന്യങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനകം ചുരുങ്ങിയത് 3000 കൃത്രിമ ഉപഗ്രഹങ്ങള്‍ കൂടി ആകാശത്തെത്തുമെന്നാണ് കണക്ക്. അതോടെ ആകാശവീഥിയില്‍ വമ്പന്‍ കൂട്ടിയിടികള്‍ തന്നെ നടന്നേക്കാം. പല ഉപഗ്രഹങ്ങളും തകര്‍ന്നേക്കാം. അത്തരമൊരവസ്ഥ കാലാവസ്ഥാ പ്രവചനത്തെയും വാര്‍ത്താവിനിമയത്തെയുമൊക്കെ  ബാധിച്ചേക്കാം. അതുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സ്, നാസ,യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ ഒത്തുചേര്‍ന്ന് ആകാശമാലിന്യം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു ആകാശദൗത്യം ആസൂത്രണം ചെയ്യുമ്പോള്‍ത്തന്നെ 25 വര്‍ഷത്തിനകം ആ ഉപഗ്രഹത്തിനെ ഭ്രമണപഥത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഏര്‍പ്പാടും ഉറപ്പാക്കിയിരിക്കണമെന്നാണ് അവരുടെ മാര്‍ഗനിര്‍ദ്ദേശം. പക്ഷേ അത് എത്രത്തോളം പ്രയോഗത്തില്‍ വരുത്താനാവുമെന്ന കാര്യം 'കാല'മായിരിക്കും തീരുമാനിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.