സമാനതകളില്ലാത്ത സാന്ത്വന പരിചരണം

Sunday 4 February 2018 2:45 am IST

'പ്രായം വര്‍ദ്ധിച്ചതുകൊണ്ട് വ്യക്തി വ്യക്തിയല്ലാതെ ആവുന്നില്ല. അടച്ചിട്ട് ഭക്ഷണവും വസ്ത്രവും കൊടുക്കുകയാണ് ധര്‍മ്മമെങ്കില്‍ അതും ജയിലും തമ്മില്‍ എന്തു വ്യത്യാസം?  വ്യക്തിയുടെ അന്തസ്സ് ആവുന്നത്ര ഹനിക്കാതെ അനുവദിക്കാവുന്നത്ര സ്വാതന്ത്ര്യം അനുവദിക്കുക എന്നത് മുഖ്യം. വൃദ്ധജനങ്ങളെ പരിചരിക്കുന്നത് സമൂഹത്തിന്റെ കടമയാണ്. അതിനുള്ള അംഗീകാരം പരക്കെ ഉണ്ടായാല്‍ അതിനു വേണ്ട പരിശീലനം കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സാധാരണ ആശുപത്രി സംവിധാനം മതിയാവില്ല. പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എത്രത്തോളം വയോജന പ്രവര്‍ത്തകരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നോ അത്രയും പരിഹാരം മെച്ചപ്പെടും'. ജീവിതത്തില്‍ ആശയറ്റ്, വേദന അനുഭവിച്ച് ജീവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ കാല്‍ നൂറ്റാണ്ടായി മുഴുകിയിരിക്കുന്ന ഡോ. എം.ആര്‍. രാജഗോപാലിന്റെ വാക്കുകളാണിത്.

ലോകത്തിനു മുന്നില്‍ സാന്ത്വന പരിചരണ രംഗത്ത് ഭാരതത്തിന്റെ പേര് പ്രതിഷ്ഠിച്ച ഡോ. എം.ആര്‍. രാജഗോപാലിന് രാജ്യം ആദരവായി നല്‍കിയത് പത്മശ്രീ. സാന്ത്വന പരിചരണ ചികിത്സയാണ് രോഗികള്‍ക്കു വേദനകളില്‍ നിന്നും ആശ്വസം പകരുന്നതെന്നും മരുന്നും ശസ്ത്രക്രിയകളും ഇതിലെ ഒരു ഘടകം മാത്രമാണെന്നുമാണ് ഡോ. രാജഗോപാലിന്റെ പക്ഷം. ഇത് വിളിച്ചു പറഞ്ഞപ്പോള്‍ ലോകം ഏറ്റുപറയുകയും അംഗീകരിക്കുകയും ചെയ്തു. സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ 30 പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമാണ്.

സാന്ത്വന ചികിത്സയുടെ പ്രാധാന്യംസംസ്ഥാനത്തെ ബോധ്യപ്പെടുത്തിയ ഡോ. എം.ആര്‍. രാജഗോപാലിനെ പത്മശ്രീയ്ക്ക്  ശുപാര്‍ശ ചെയ്യാന്‍ കേരളം ബോധപൂര്‍വ്വം മറന്നെങ്കിലും അംഗീകാരം അര്‍ഹരെ തേടിയെത്തുമെന്നതുപോലെ ഇവിടെയും സംഭവിച്ചു. രോഗികളെ ഭവനങ്ങളില്‍ എത്തി പരിചരിക്കുന്ന ചികിത്സാ രീതിയായിരുന്നു ഭാരതത്തില്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നത്. കാലഘട്ടത്തിന്റെ അനിവാര്യ മാറ്റത്തിന് വിധേയമാക്കി രാജഗോപാ

ല്‍ പാലിയേറ്റീവ് കെയര്‍ എന്ന സാന്ത്വന പരിചരണ ചികിത്സാരീതി അവലംബിച്ചു. ആദ്യകാലങ്ങളില്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ലെങ്കിലും നിരാശപ്പെടാന്‍ അദ്ദേഹം തയ്യാറായില്ല. സാന്ത്വനചികിത്സ എന്നത് ഇന്ത്യയില്‍ കേട്ടുകേള്‍വി മാത്രമായിരുന്നു ആ കാലത്ത്. 1993 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഈ ആശയത്തിന് മുളപാകിയത്. അങ്ങനെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായി. 1995 ല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേരള ഫോര്‍ പോളിസി ആന്‍ഡ് ട്രെയിനിങ് ആക്‌സസ് ടു പെയിന്‍ റിലീഫ് ലോക ആരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതിന്റെ ഡയറക്ടറായിരുന്നു എം.ആര്‍. രാജഗോപാല്‍.

വേദന കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അനസ്‌തേഷ്യ പഠനം.  ഔപചാരികതയില്ലാത്ത നിറഞ്ഞ ചിരിയോടെയാണ് ഓരോ രോഗിയേയും രാജഗോപാല്‍ സമീപിക്കുന്നത്. വൈദ്യപാഠപുസ്തകങ്ങളുടെ അപ്പുറം മാനസികമായ വൈകാരികത അദ്ദേഹം കാത്തു സൂക്ഷിച്ചു. പുറമെയുള്ള വേദനയേക്കാള്‍ മനസ്സിന്റെ നീറ്റലുകള്‍ക്കും ആശ്വാസം പകരാന്‍ അദ്ദേഹം സമയം കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ വകുപ്പു തലവനായപ്പോള്‍ സാന്ത്വന പരിചരണ ചികിത്സാരീതിയില്‍ കൂടുതല്‍ പഠനങ്ങളും ക്രിയാത്മക ഇടപെടലുകളും നടത്തി. വേദനകൊണ്ട് നിലവിളിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഈ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രാജഗോപാല്‍ പറയുന്നു. 

രോഗം മൂലം കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ഉറപ്പാക്കുന്ന തരത്തില്‍ എന്‍ഡിപിഎസ് ആക്ടില്‍ 2014 ല്‍ ഭേദഗതി വരുത്തിയത് രാജഗോപാലിന്റെ ഇടപെടലുകൊണ്ടാണ്. 2008 ല്‍ സാന്ത്വന ചികിത്സ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യനയങ്ങളുടെ ഭാഗമായി മാറിയതിനു പിന്നിലും രാജഗോപാലിന്റെ പങ്കുണ്ടായിരുന്നു. 2012 ല്‍ കേന്ദ്രസര്‍ക്കാരും സാന്ത്വന പരിചരണം ആരോഗ്യനയത്തിന്റെ ഭാഗമാക്കി.എന്‍ജിഒ എന്ന നിലയ്ക്ക് പാലിയേറ്റീവ് കെയറിനെ ബഹുജന പ്രസ്ഥാനമാക്കി മാറ്റി. ഇന്ന് പാലിയം ഇന്ത്യ എന്ന പേരില്‍ രാജ്യവ്യാപകമായി സാന്ത്വനപരിചരണശ്രമവുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്. 1947 സെപ്തംബര്‍ 23നു തിരുവനന്തപുരത്തു ജനിച്ച അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും ന്യൂദല്‍ഹി എഐഐഎമ്മില്‍ നിന്നു പിജിയും നേടി. തിരുവനന്തപുരം ആസ്ഥാനമായാണ് ഡോ. എം.ആര്‍. രാജഗോപാല്‍ ചെയര്‍മാനായ പാലിയം ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.ദേശീയ-അന്തര്‍ദേശീയ പ്രശസ്തിക്കൊപ്പം ലോകാരോഗ്യ സംഘടനയടക്കം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 

ലോകമെമ്പാടും സാന്ത്വന ചികിത്സയ്ക്കുള്ള പ്രാധാന്യം പുനര്‍നിര്‍വ്വചിച്ചു തുടങ്ങിയ ഈ കാലഘട്ടത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കേരളത്തില്‍ തഴച്ചു വളര്‍ന്നു. ലോകമെങ്ങുമുള്ള പ്രസിദ്ധ ജേര്‍ണലുകളെല്ലാം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇത്തരം സാന്ത്വന ചികിത്സാ പ്രസ്ഥാനങ്ങള്‍ തുടങ്ങാനുള്ള മാതൃകയായതും പാലിയം ഇന്ത്യയും ഡോ. എം.ആര്‍. രാജഗോപാലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.