പ്രണവിനെ ആദിയാക്കിയ കഥ

Sunday 4 February 2018 2:45 am IST

ഓരോ സിനിമയും സംവിധായകനെ സംബന്ധിച്ച് വെല്ലുവിളിയാണ്, ടെന്‍ഷനാണ്. ആ ചിത്രം എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ടെന്‍ഷന്‍. മലയാളസിനിമയില്‍ മറ്റൊരു സംവിധായകനും അനുഭവിക്കാത്ത ടെന്‍ഷന്‍ അനുഭവിച്ച വ്യക്തിയാണ് ജീത്തു ജോസഫ്. മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകനെ വെള്ളിത്തിരയിലെ രാജകുമാരനാക്കുക എന്ന വെല്ലുവിളി ജീത്തു ജോസഫ് ഏറ്റെടുത്തു. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിനു ഉത്തരമായി കഴിഞ്ഞു. 'ആദി' ഹിറ്റുകളുടെ പട്ടികയിലേക്ക് മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ജീത്തു ജോസഫ്. ജീത്തു ജോസഫുമൊത്ത്....

 

'ആദി'യുടെ കഥ

കോളേജില്‍ പഠിക്കുന്ന സമയത്ത് സിനിമയാക്കാന്‍ പറ്റിയ പല ചിന്തകളും മനസ്സില്‍ കടന്നുവരുമായിരുന്നു. 90കളില്‍ അത്തരത്തില്‍ മനസ്സില്‍ കയറിയ ആശയമായിരുന്നു ഒരു ക്രോസ് കണ്‍ട്രി റേസറുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ. നല്ല കായികക്ഷമതയുള്ള നടനെ കിട്ടുമ്പോള്‍ അത് സിനിമയാക്കാം എന്ന് കരുതിവച്ചു. ചെലവ് വരുന്ന പ്രോജക്ട് കൂടിയാവുമെന്നറിയാവുന്നതിനാല്‍ ഓരോ ഘട്ടങ്ങളിലും മാറ്റിവച്ചു. 'അപ്പു' (പ്രണവ്) അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോഴാണ് 'ആദി'യുടെ കഥ പറഞ്ഞാലോ എന്നാലോചിച്ചത്.

പ്രണവിനെ പരിചയപ്പെട്ട നിമിഷം

പാപനാശത്തിന്റെ പ്രീപ്രൊഡക്ഷന്‍ വേളയിലാണ് സഹസംവിധായകനായി കൂടാന്‍ പ്രണവ് എത്തുന്നത്. 'അപ്പു' (പ്രണവ്) വിന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കിയത്. സുരേഷ് ബാലാജി സാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് സിനിമയെ മനസ്സിലാക്കാന്‍വേണ്ടി വന്നതായിരുന്നു. അപ്പുവിന്റെ പ്രതേ്യകത ഏതെങ്കിലും ഒരു ജോലി ഏറ്റെടുത്താല്‍ അത് 100 ശതമാനം ഡെഡിക്കേഷനോടെ ചെയ്യും. 'ലൈഫ് ഓഫ് ജോസൂട്ടി'യിലും സഹസംവിധായകന്റെ വേഷത്തില്‍ പ്രണവ് ഒപ്പം കൂടി.

'ആദി' പ്രണവിനോട് പറയുന്നത്

സഹസംവിധായകനായി നിന്നപ്പോഴും അപ്പു അഭിനയമോഹമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. സംവിധാനത്തിലും അഭിനയത്തിലുമുപരി അപ്പുവിന് എഴുത്തിനോടാണ് താല്‍പര്യം. അപ്പു എഴുതിയ ഒരു ഇംഗ്ലീഷ് ഗാനം 'ആദി'യില്‍ അപ്പു തന്നെ പാടി ചിത്രീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ ചെന്നൈയിലെ ഒരു കസിന്റെ വീട്ടിലിരിക്കുമ്പോഴാണ് അപ്പു സിനിമയ്ക്കായി കഥ കേള്‍ക്കുന്ന വിവരമറിയുന്നത്. സുചിത്രയോട് കഥ വല്ലതുമുണ്ടെങ്കില്‍ പറയാന്‍ കസിന്‍കൂടിയായ ജോജി പറയുകയും ചെയ്തു. അപ്പു പാര്‍ക്കൗര്‍ പരിശീലിച്ചിട്ടുണ്ടെന്നുകൂടി അറിഞ്ഞതോടെ 'ആദി'യുടെ കഥ മനസ്സിലേക്കെത്തി. സുചിത്രയോട് വിവരം പറഞ്ഞു. അങ്ങനെയാണ് അപ്പുവിനോട് കഥ പറയുന്നത്. ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി, എന്നെ പരിചയമുണ്ടെന്നുകരുതി താല്‍പര്യമില്ലെങ്കില്‍ അതു പറയുന്നതില്‍ വിഷമമൊന്നുമില്ലെന്നും പറഞ്ഞു. കഥ ഇഷ്ടമായെന്നു പറഞ്ഞതോടെ 'ആദി' പ്രണവ് നായകനായ ആദ്യ സിനിമയായി.

ആദിയിലെ ടെന്‍ഷന്‍

എല്ലാ സിനിമകള്‍ക്കും പിന്നിലും ടെന്‍ഷനുണ്ട്. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ടെന്‍ഷന്‍. എന്നാല്‍ 'ആദി'യില്‍ ഇതുവരെ അനുഭവിക്കാത്ത മറ്റൊരു ടെന്‍ഷനായിരുന്നു. മോഹന്‍ലാലിന്റെ മകന്റെ ആദ്യചിത്രം. ലാലേട്ടനും സുചിയും വിശ്വാസത്തോടെ ഏല്‍പ്പിക്കുമ്പോള്‍ മോശമായിപ്പോയാല്‍ തീര്‍ന്നു. ആദ്യചിത്രം ഞാനായിട്ട് നശിപ്പിച്ചുകളഞ്ഞുവെന്ന് മറ്റുള്ളവര്‍ പറയും. ഷൂട്ട് കഴിഞ്ഞ് എഡിറ്റിംഗിനിടെ കണ്ടപ്പോള്‍ ടെന്‍ഷന്‍ മാറി. പ്രിവ്യൂ കണ്ട് മോഹന്‍ലാലും സുചിയും ഇഷ്ടമായി എന്നുപറഞ്ഞപ്പോള്‍ സന്തോഷമായി. പിന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. സിനിമ പുറത്തിറങ്ങിയതോടെ ഒത്തിരിപേര്‍ വിളിച്ചു. സ്ത്രീകളും കുട്ടികളും ഒക്കെ  സിനിമ ഇഷ്ടമായെന്നു പറയുന്നു. അപ്പുവിന്റെ ആക്ഷന്‍ രംഗങ്ങളുടെ മികവ് സിനിമയ്ക്ക് നേട്ടമായി.

പ്രണവ് എന്ന വ്യക്തി

അന്തര്‍മുഖനാണ്, സിംപിളാണ്. ഡൗണ്‍ ടു എര്‍ത്ത്. വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുക എന്നത് വലിയ ഗുണമാണ്. സംവിധായകന്‍ മുതല്‍ യൂണിറ്റ് ബോയിയോട് വരെ ഒരേ രീതിയിലാണ് പ്രണവ് പെരുമാറുക. അപ്പു ആരോടെങ്കിലും അടുപ്പമായാല്‍ വളരെ ഓപ്പണ്‍ ആണ്.അഭിനയത്തിന്റെ കാര്യത്തില്‍ വളരെ വേഗമാണ് പ്രണവ് ആദിയായി മാറിയത്. അച്ഛന്റെ ഗുണങ്ങള്‍ എന്തായാലും മകനിലുമുണ്ടാവും. പ്രണവും അഭിപ്രായം പറയും. സംശയങ്ങള്‍ ചോദിക്കും. ഒന്നിനും പിടിവാശിയില്ല. ഒരു ജോലി ഏല്‍പിച്ചാല്‍ അത് ഭംഗിയാക്കാന്‍ അങ്ങേയറ്റം ശ്രമിക്കും. ലാലേട്ടന്റെയും ഗുണമാണത്. സിനിമയുടെ ആക്ഷന്‍ രംഗങ്ങളില്‍ ഒരു സീനിലൊഴികെ ഒരിടത്തും പ്രണവ് ഡ്യൂപ്പിനെ ഉപയോഗിച്ചില്ല. പലപ്പോഴും നിസാര പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഗ്ലാസ് പൊട്ടിക്കുന്ന ഒരു രംഗം കൈവിട്ടുപോയി. കൈ ശരിക്കും കീറിപോയി. ഗ്ലൗസില്ലായിരുന്നുവെങ്കില്‍ വിരല്‍ മുറിഞ്ഞുപോയേനെ.

നടന്‍, സംവിധായകന്‍, പ്രണവിന് യോജിക്കുന്നത്

നടന്‍ എന്ന നിലയില്‍ നമുക്ക് വിലയിരുത്താന്‍ 'ആദി' മുന്നിലുണ്ട്. പക്ഷേ സംവിധായക വേഷം എങ്ങനെയെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ല. സഹസംവിധായകനായിരുന്നു എന്നതുകൊണ്ടുമാത്രം പ്രണവിന്റെ സംവിധാനത്തിന്റെ മികവ് വിലയിരുത്താന്‍ കഴിയില്ല. പക്ഷേ ചെയ്യുന്നത് ഭംഗിയാക്കാന്‍ പ്രണവ് അങ്ങേയറ്റം പരിശ്രമിക്കും.

ഷൂട്ടിങ്ങിലെ വെല്ലുവിളി

ലൊക്കേഷനുകള്‍ കണ്ടെത്തുക എന്നത്. തിരക്കേറിയ സ്ഥലങ്ങളില്‍ പാര്‍ക്കൗര്‍ ഉള്‍ക്കൊള്ളിച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത്. ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ പല ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്. ക്ലൈമാക്‌സിലെ ബഹുനില ഓഫീസ് മന്ദിരവും വെല്ലുവിളിയായിരുന്നു. പുറമെനിന്നുള്ള ഷൂട്ടിങ്ങിന് മാത്രമേ അനുമതി ലഭിച്ചുള്ളൂ. ഇന്റീരിയര്‍ പലയിടത്തും നിന്നാണ് ഷൂട്ട് ചെയ്തത്.

പാര്‍ക്കൗര്‍ രംഗങ്ങളുടെ ഷൂട്ടിങ്

പാര്‍ക്കൗര്‍ ഒരു ഗെയിം അല്ല. ഫ്രീ റണ്‍ എന്നുപറയാം. ഫ്രാന്‍സിലാണ് ഇതിന്റെ തുടക്കം. ഫ്രാന്‍സിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഡേവിഡ് ബെല്‍ അദ്ദേഹത്തിന്റെ കസിന്‍ അടക്കം ഏഴുപേരെ ഉള്‍പ്പെടുത്തി 2001ല്‍ ഒരു സിനിമ ചെയ്തിരുന്നു. അതിലുള്‍പ്പെട്ട ചൗ അടക്കമുള്ള വിദേശ ഫൈറ്റര്‍മാരാണ് ആക്ഷന്‍ രംഗങ്ങളിലുള്ളത്. ഫ്രാന്‍സില്‍ നിന്നുമുള്ള ജില്‍സ് ആയിരുന്നു ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ത്രില്ലര്‍ സിനിമകള്‍

ത്രില്ലര്‍ സിനിമകള്‍ ഇഷ്ടമാണ്. പക്ഷേ എന്റെ 'മമ്മീ ആന്‍ഡ് മീ', 'മൈ ബോസ്', 'ലൈഫ് ഓഫ് ജോസൂട്ടി' എന്നിവയൊക്കെ വ്യത്യസ്ത പാറ്റേണിലുള്ള സിനിമകളാണ്. അടുത്ത സിനിമ ത്രില്ലര്‍ പാറ്റേണില്‍ നിന്നും മാറിയെടുക്കണം. എടുത്ത ത്രില്ലര്‍ സിനിമകള്‍ ഹിറ്റാണെങ്കിലും ഇഷ്ടസിനിമകള്‍ 'മമ്മി ആന്‍ഡ് മീ'യും 'ലൈഫ് ഓഫ് ജോസൂട്ടി' യുമാണ്.

രാഷ്ട്രീയത്തില്‍നിന്ന് അകലം

അച്ഛന്‍ വി.വി. ജോസഫ് എംഎല്‍എയായിരുന്നു. കുട്ടിക്കാലം മുതല്‍ രാഷ്ട്രീയരംഗം കണ്ടാണ് വളര്‍ന്നത്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയം അത്ര സുഖമുള്ള ഏര്‍പ്പാടല്ല. പത്ത് നല്ലകാര്യങ്ങള്‍ ചെയ്തുകൊടുത്താലും പതിനൊന്നാമത്തെ കാര്യം നടന്നില്ലെങ്കില്‍ ചെയ്ത കാര്യങ്ങള്‍ക്കൊന്നും വിലയില്ലാതാവും. 'ആര്‍ട്ടിഫിഷ്യ'ലായി പെരുമാറേണ്ടിവരും. എനിക്കതിലൊന്നും താല്‍പര്യമില്ല. രാഷ്ട്രീയത്തില്‍ അധികാരമുണ്ടെങ്കിലേ ആദരവുള്ളൂ. സിനിമയും ഏതാണ്ടതുപോലെയൊക്കെ തന്നെ. അത് സിനിമയില്‍ വന്നുകഴിഞ്ഞാണ് മനസ്സിലായത്. നമ്മുടെ നല്ലകാലത്ത് എല്ലാവരും ഒപ്പമുണ്ടാവും. അച്ഛന്റെ മരണശേഷം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്കാര്‍ വന്നുകണ്ടിരുന്നു. താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

സംവിധായകന്‍ എന്ന നിലയില്‍

നല്ല തിരക്കഥയാണെങ്കില്‍ സംവിധാനം ചെയ്യാന്‍ എളുപ്പമാണ്. എന്റെ സിനിമകള്‍ ഞാന്‍തന്നെ എഴുതുന്നതുകൊണ്ട് തിരക്കഥാ രൂപീകരണത്തെക്കാള്‍ എളുപ്പം സംവിധാനമാണ്.

തിരക്കഥ എഴുതുമ്പോള്‍

തിരക്കഥയ്ക്ക് ഒരുപാടു തലങ്ങളുണ്ട്. ആദ്യമായി ഒരു ചിന്ത മനസില്‍ കടന്നുവന്നാല്‍ അത് തിരക്കഥയാവുന്നതിന് വര്‍ഷങ്ങളെടുക്കാം. 2000ത്തില്‍ രണ്ടുപേരുടെ സംസാരത്തിനിടെയാണ് 'ദൃശ്യ'ത്തിന്റെ ആശയം മനസ്സിലേക്കെത്തിയത്. 2010 കഴിഞ്ഞപ്പോഴാണ് 'ദൃശ്യം' യാഥാര്‍ത്ഥ്യമാകുന്നത്. ആശയങ്ങള്‍ മനസില്‍ കിടക്കും. പിന്നീട് പേപ്പറില്‍ സീന്‍ ഓര്‍ഡറിലാക്കും. ഏറ്റവും അവസാനം ഡയലോഗുകള്‍ എഴുതും. ഒരിക്കലും അഭിനേതാക്കളെ മനസ്സില്‍ കണ്ട് കഥയെഴുതിയിട്ടില്ല. 'ദൃശ്യ'ത്തിനായി ആദ്യം സമീപിച്ചത് ശ്രീനിവാസനെയും മമ്മൂട്ടിയെയുമായിരുന്നു. പിന്നീടാണ് ലാലേട്ടനിലേക്കെത്തിയത്. എന്നാല്‍ 'മൈ ബോസ്' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ദിലീപ് കടന്നുവന്നിരുന്നു. അതനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ടായി.

സംവിധായകന്റെ സ്വാതന്ത്ര്യം

സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ അഭിനേതാക്കള്‍ ഇടപെടുന്നത് രണ്ടുതരത്തിലാണ്. തിരക്കഥയെക്കുറിച്ചും സീനുകളെക്കുറിച്ചും വ്യക്തമായ മറുപടി നല്‍കാന്‍ സംവിധായകന് കഴിയാതെ വരുമ്പോള്‍ ഇടപെടുന്ന ആര്‍ട്ടിസ്റ്റുകളുണ്ട്. എന്നാല്‍ ചിലര്‍ ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടാറുണ്ട്. അത് പ്രശ്‌നമാണ്. സിനിമകളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുള്ളതിനാല്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയുന്നുണ്ട്. അഭിനേതാക്കളുടെ അഭിപ്രായം നല്ലതാണെങ്കില്‍ അതും സ്വീകരിക്കാറുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാവാറില്ല.  

തിരക്കഥാവിവാദം

ഇപ്പോഴും കേട്ടു. 'ദൃശ്യം' എന്ന സിനിമയ്ക്ക് വിവാദം നേരിടേണ്ടിവന്നിരുന്നു. ചേട്ടന്റെ ഒരു സുഹൃത്ത് എഴുതിയ കഥയ്ക്ക് ഇതുമായി സാമ്യമുണ്ടെന്ന് പറഞ്ഞുകേട്ടു. അപ്പോള്‍ തന്നെ അദ്ദേഹവുമായി ഡിസ്‌കസ് ചെയ്തു. ഡിസ്‌കഷന്‍ കഴിഞ്ഞപ്പോള്‍ പുള്ളിതന്നെ പറഞ്ഞു. കഥ രണ്ടും രണ്ടുവഴിക്കാണ് പോകുന്നതെന്ന്. കൊറിയന്‍ സിനിമയുടെ തിരക്കഥയാണെന്ന് സിനിമ ഇറങ്ങിയപ്പോള്‍ ചിലര്‍ പറഞ്ഞു. ഒരു കൊറിയന്‍ സിനിമയുമായി ചെറിയ സാമ്യം ഉണ്ടെന്ന് സുരേഷ് ബാലാജി എന്നോട് പറഞ്ഞിരുന്നു.

'ദൃശ്യം' തമിഴിലാക്കിയപ്പോള്‍ ആദ്യത്തെയാള്‍ വീണ്ടും രംഗത്തെത്തി. 'പാപനാശ'ത്തിന്റെ ഷൂട്ടിങ് വേളയില്‍ കേസുകൊടുക്കുമെന്ന് പറഞ്ഞെത്തി. പൈസയായിരുന്നു ലക്ഷ്യം. കമല്‍ഹാസന്‍ വിട്ടുകൊടുക്കരുതെന്ന് പറഞ്ഞു. അയാള്‍ കൊടുത്ത കേസ് തള്ളിപോയി. 'ദൃശ്യ'ത്തിന്റെ പേരില്‍ മറ്റൊരു കേസ് നിലവിലുണ്ട്. 

ശശിഭൂഷണ്‍ എഴുതിയ 'കൃഷിക്കാരന്‍' എന്ന ചെറുകഥാസമാഹാരത്തിലെ ഒരു രംഗമാണ് 'ദൃശ്യ'ത്തിനു പ്രചോദനമായതത്രേ. ചെറുകഥയില്‍ പോലീസുകാര്‍ കുഴി മാന്തുമ്പോള്‍ ഒരു പട്ടിയുടെ ബോഡി കിട്ടുന്നുണ്ട്. അതാണ് 'ദൃശ്യ'ത്തിന് പ്രേരണ നല്‍കിയതുപോലും. കേസ് വിധിയായിട്ടില്ല.

ഡ്രീം പ്രോജക്ട്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ മനസിലുണ്ടായിരുന്നു. വളരെനാളത്തെ ആഗ്രഹമായിരുന്നു അത്. പൃഥ്വിരാജിന്റെയടുത്ത് കഥ പറഞ്ഞ് എല്ലാ തയ്യാറെടുപ്പുമായപ്പോഴാണ് മറ്റൊരു ചെറുപ്പക്കാരന്റെ വരവ്. എന്റെ കഥയും അയാളുടെ കഥയും തമ്മില്‍ സമാനതകളുണ്ടെന്നു പറഞ്ഞു. അയാള്‍ സംവിധായകനാവാന്‍ ആഗ്രഹിച്ച് വന്നതാണ്. അയാളോട് ബന്ധപ്പെട്ടപ്പോള്‍ കഥയില്‍ സമാനതകളുണ്ടായിരുന്നു. ഇതെങ്ങനെ കിട്ടി എന്നു ചോദിച്ചു. ഒരു നോവലില്‍ നിന്നാണ് ആശയം കിട്ടിയതെന്ന് പറഞ്ഞു. എന്തായാലും അയാളോട് മുന്നോട്ടുപോകാന്‍ പറഞ്ഞു. ഒരാളുടെ ജീവിത സ്വപ്‌നത്തിന് നമ്മള്‍ തടസ്സം നില്‍ക്കാന്‍ പാടില്ല. രചനകളിലെ കഥാപാത്രങ്ങളും നമ്മുടെ ചിന്തകളും തമ്മില്‍ സമാനതകളുണ്ടാകാം. ചിലപ്പോള്‍ സിനിമ ഇറങ്ങികഴിഞ്ഞാല്‍പോലും നമ്മള്‍ ആ രചനകള്‍ കണ്ടെന്നുവരില്ല.

ലിന്‍ഡ കോസ്റ്റിയൂം ഡിസൈനറായത്

'ഡിറ്റക്ടീവിലും' 'മൈ ബോസിലും' എന്നെ സഹായിച്ചിരുന്നു. എന്റെ സിനിമകളിലെല്ലാം ഭാര്യ ഒരു ഭാഗമാണ്. സിനിമകളില്‍ അവളുടെ കോസ്റ്റ്യൂംസ് രസകരമായിരുന്നു എന്ന് പലരും വിളിച്ചുപറഞ്ഞതോടെ അത് സ്ഥിരമാക്കി. എന്റെ തിരക്കഥകള്‍ വായിച്ച് ലിന്‍ഡ അഭിപ്രായം പറയാറുണ്ട്. കുറ്റം പറയാറുണ്ട്. അതിന്റെപേരില്‍ 'വഴക്കു'മുണ്ടായിട്ടുണ്ട്.

മക്കളും സിനിമയും

രണ്ടുപേരും സിനിമയെ ഇഷ്ടപ്പെടുന്നവരാണ്. മൂത്തവള്‍ കാതറിന്‍ ജീത്തു. ഡിഗ്രി ചെയ്യുന്നു. സംവിധാനമാണ് ഇഷ്ടം. ഇളയവള്‍ കറ്റീന ജീത്തു. പന്ത്രണ്ടാം ക്ലാസിലാണ്. സിനിമകള്‍ ഇഷ്ടമാണ്. എഴുതുന്നതിലാണ് താല്‍പര്യം.

ഹിന്ദിയിലേക്ക്

ഏപ്രില്‍ അവസാനത്തോടെയുണ്ടാകും. ഇമ്രാന്‍ ഹാഷ്മി, ഋഷികപൂര്‍ തുടങ്ങിയവര്‍ ഉണ്ട്. ഒരു വിദേശസിനിമയുടെ റൈറ്റ് വാങ്ങി ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.