കൈയേറ്റമൊഴിപ്പിക്കല്‍ പ്രഹസനം പോയവര്‍ മടങ്ങിയെത്തി

Sunday 4 February 2018 2:08 am IST


ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തില്‍ പാതയോരങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പ്രഹസനമായി. ഒഴിപ്പിച്ചവര്‍ ദിവസങ്ങള്‍ക്കുള്ളില്‍  മടങ്ങിയെത്തി.
  ഒഴിപ്പിച്ച സ്ഥലങ്ങളില്‍ ചെറിയ തട്ടുകള്‍ കെട്ടിയും ഉന്തുവണ്ടികളിലുമായാണ് വീണ്ടും കൈയേറ്റം. വൈകുന്നേരങ്ങളില്‍ മാത്രമെത്തുന്ന കച്ചവടക്കാരുമുണ്ട്. കോടതിപ്പാലത്തിനു വടക്കുഭാഗത്താണ് കൂടുതലായും ഇത്തരം കച്ചവടക്കാര്‍.
  പോലീസ്, റവന്യു, നഗരസഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡാണ് കഴിഞ്ഞ മാസം നഗരത്തിലെ കൈയേറ്റങ്ങളും ഫ്‌ലെക്‌സുകളും ഒഴിപ്പിച്ചത്. സ്വച്ഛ് സര്‍വേക്ഷണ്‍ 2018 സര്‍വേയുമായി ബന്ധപ്പെട്ട് നഗരശുചിത്വത്തിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടത്തിയത്. 
  നഗരത്തിലെ പലപ്രദേശങ്ങളിലെയും പാതയോരങ്ങളില്‍ ഗതാഗതത്തിന് തടസമായിട്ടുള്ള സാധനങ്ങള്‍ പലതും നീക്കം ചെയ്തിരുന്നു. മുന്‍കൂര്‍ അറിയിപ്പ് നല്‍കിയതിനുശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ശക്തമായ പൊലീസ് സംരക്ഷണയില്‍ ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങളുപയോഗിച്ചാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്.
  പുലയന്‍വഴി ജങ്ഷന്‍, വട്ടപ്പള്ളി, സക്കറിയാബസാര്‍, കണ്ണന്‍വര്‍ക്കിപാലത്തിന് പടിഞ്ഞാറുവശം, വൈഎംസിഎ പാലത്തിനു സമീപം, കോടതിപ്പാലത്തിനു സമീപം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഒഴിപ്പിക്കല്‍ നടന്നിരുന്നു. പലയിടങ്ങളിലും റോഡരികില്‍ സൂക്ഷിച്ചിരുന്ന പഴയകെട്ടിടങ്ങള്‍ പൊളിച്ച സാമഗ്രികള്‍ എടുത്തുമാറ്റിയിരുന്നു.
  നിര്‍മാണ സാമഗ്രികള്‍ അടക്കമുള്ളവ ഉടമസ്ഥര്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്‌ക്വാഡ് നീക്കം ചെയ്യുമെന്നും ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുമെന്നും നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.