ആവശ്യത്തിന് ഫാര്‍മസിസ്റ്റില്ല; രോഗികള്‍ വലയുന്നു

Sunday 4 February 2018 2:10 am IST


അമ്പലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റില്ല. രോഗികള്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം  ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുണ്ടായിരുന്നത്.
  രാവിലെ ഒന്‍പതിന് ക്യൂവില്‍ നിന്നവര്‍ക്കു പോലും ഉച്ചക്ക് ഒന്നായിട്ടും മരുന്ന് ലഭിച്ചില്ല. കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിന് പേരാണ്  മണിക്കൂറുകളോളം ദുരിതമനുഭവിച്ചത്. പ്രതിദിനം അറുനൂറിനും എഴുന്നൂറിനുമിടയില്‍ രോഗികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നത്.
  ആവശ്യത്തിന് മരുന്നുകള്‍ ഫാര്‍മസിയില്‍ ലഭ്യമാണെങ്കിലും ഇവ വിതരണം ചെയ്യാന്‍ ആളില്ലാത്തതാണ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്. കൂടാതെ ഒപി ചീട്ടെഴുതാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടാകുക. ഇതിനായി മൂന്ന് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രാത്രിയിലാണ് ഡ്യൂട്ടി. ഒരാള്‍ അവധിയിലാണെങ്കില്‍ പലപ്പോഴും കൃത്യമായി ഒപി ചീട്ട് നല്‍കാനും ജീവനക്കാര്‍ ബുദ്ധിമുട്ടിലാകും. കുട്ടികളുടെയും മുതിര്‍ന്നവരുടെയുമായി രണ്ട് രജിസ്റ്ററുകളാണ് ഒപി കൗണ്ടറിലുള്ളത്.
  രോഗികളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ജീവനക്കാരും ബുദ്ധിമുട്ടിലാകുകയാണ്. പഴയ സ്റ്റാഫ് പാറ്റേനാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.