ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാകുന്നില്ല: ധീവരസഭ

Sunday 4 February 2018 2:12 am IST


ആലപ്പുഴ: തീരദേശ മേഖലയുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെടാറുണ്ടെങ്കിലും പകുതി പോലും നടപ്പാകാറില്ലെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
  കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. മറൈന്‍ ആംബുലന്‍സിന് രണ്ടുകോടി വകയിരുത്തിയെങ്കിലും യാഥാര്‍ത്ഥ്യമായില്ല. ഓഖി ദുരന്തം ആഞ്ഞടിച്ചപ്പോള്‍ മറൈന്‍ ആംബുലന്‍സിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.
  ഹാര്‍ബര്‍ നിര്‍മാണത്തിന് 39 കോടി ഉള്‍പ്പെടുത്തിയെങ്കിലും നാമമാത്രമായ തുകയാണ് ചെലവഴിച്ചത്. 50 മീറ്ററിനുള്ളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 150 കോടി പ്രഖ്യാപിച്ചെങ്കിലും തുച്ഛമായ തുകയാണ് ചെലവഴിക്കാന്‍ സാധിച്ചത്.
  ഇത്തരത്തില്‍ 586 കോടിയുടെ പ്രഖ്യാപനങ്ങള്‍ കവിഞ്ഞ ബജറ്റിലുണ്ടായെങ്കിലും പകുതി തുകപോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പത്തുലക്ഷമായി വര്‍ദ്ധിപ്പിച്ചെങ്കിലും ഒരു തൊഴിലാളിക്കും അതിന്റെ പ്രയോജനം ലഭിച്ചില്ല.
  മണ്ണെണ്ണ സബ്‌സിഡിക്കായി ഇത്തവണ ബജറ്റില്‍ തുക വകയിരുത്താത്തതും പ്രതിഷേധാര്‍ഹമാണ്. പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന് തുക അനുവദിക്കാത്തതിലും ദിനകരന്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.