വയനാട്ടില്‍ 40 ഇനം നീര്‍പക്ഷികള്‍

Sunday 4 February 2018 3:06 am IST

കല്‍പ്പറ്റ: ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വ്വെയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ തണ്ണീര്‍ തടങ്ങളില്‍ നടത്തിയ നീര്‍പക്ഷി സര്‍വ്വേയില്‍ 40 ഇനങ്ങളെ കണ്ടെത്തി. ഹ്യൂ സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും, വയനാട് ജില്ലാ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും, വെറ്ററിനറി കോളേജ് പൂക്കോട്ടിലെ എന്‍എസ്എസ്. യൂണിറ്റും സംയുക്തമായാണ് സര്‍വ്വെ സംഘടിപ്പിച്ചത്.

ബാണാസുര റിസര്‍വോയര്‍, കാരാപ്പുഴ റിസര്‍വോയര്‍, പനമരം ആറാട്ടുത്തറ, വള്ളിയൂര്‍ക്കാവ്, വയനാട് വന്യജീവി സങ്കേതത്തിലെ  ഹോളൂര്‍ അമ്മവയല്‍ എന്നീ തണ്ണീര്‍ തടങ്ങളിലാണ് സര്‍വ്വെ നടത്തിയത്. 35ഓളം പക്ഷി നിരീക്ഷകരും മണ്ണുത്തി ഫോറസ്ട്രി കോളേജിലെ വിദ്യാര്‍ത്ഥികളും സര്‍വ്വെയില്‍ പങ്കെടുത്തു. വയനാട്ടില്‍ നിന്നും അന്യം നിന്നുപോകുന്ന എരണ്ട താറാവുകള്‍ ആഴം കുറഞ്ഞ ജലാശയ ഭാഗത്ത് ധാരാളമായി കണ്ടെത്തി. 

ചൂളന്‍ എരണ്ട, പച്ച എരണ്ട, വരി എരണ്ട പുളിയുണന്‍ താറാവ്, മുങ്ങാങ്കോഴി, ചെറിയ നീര്‍കാക്ക, വലിയ നീര്‍കാക്ക, ചേരക്കോഴി, നീലക്കോഴി, വെള്ള കൊക്കന്‍, കള്ളകൊത്തന്‍, കുളക്കോഴി, പട്ടക്കോഴി എന്നീ പക്ഷികളെ കാരാപ്പുഴ ഡാം പ്രദേശമായ നെല്ലാറച്ചാല്‍ ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. ആറാട്ട് തറ വള്ളിയൂര്‍ക്കാവ് ഭാഗത്ത് നിന്ന് നൂറിലധികം അരിവാള്‍ കൊക്കന്‍ ഇനങ്ങളെയും കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ തടാകമായ ഗോളൂരില്‍ നിന്ന് വയല്‍ നായ്ക്കന്‍ എന്ന പക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ തന്നെ വളരെ അപൂര്‍വമായ ഈ പക്ഷി ഇതിന് മുമ്പ് പറമ്പിക്കുളത്തും, വയനാട്ടിലും മാത്രമെ കണ്ടിട്ടുള്ളു.

ഏകദേശം 1000ത്തോളം നീര്‍പക്ഷികളെ സംഘം നേരിട്ട് എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. 1987ലാണ് ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സെന്‍സസ് ആരംഭിക്കുന്നത്. ഇതാദ്യമായാണ് വയനാട്ടില്‍ വിപുലമായ രീതിയില്‍ നീര്‍പക്ഷി സര്‍വ്വെ നടത്തിയത്. സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡിഎഫ്ഒ ഷജന കരീം, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുള്‍ അസീസ്, വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ എന്‍.ടി. സാജന്‍, ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, ഫെല്ലോ ആര്‍.എല്‍. രതീഷ് എന്നിവര്‍ സര്‍വ്വേക്ക് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.