കള്ളനോട്ട്:തീവ്രവാദ ബന്ധം അന്വേഷിക്കുന്നു

Sunday 4 February 2018 7:09 am IST

കോതമംഗലം: മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് കൊച്ചിയിലേക്ക് വരികയായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളില്‍ നിന്ന് കള്ളനോട്ട് പിടിച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം.  കള്ളനോട്ട് കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുക. 

പശ്ചിമ ബംഗാള്‍ സ്വദേശികളായ സുവാന (24), സാഹിന്‍ (28), കോട്ടയം സ്വദേശി അനൂപ് വര്‍ഗീസ് (40) എന്നിവരെയാണ് ഊന്നുകല്‍ പോലീസ് കഴിഞ്ഞദിവസം കള്ളനോട്ട് കേസില്‍ പിടികൂടിയത്. പിടിയിലായ അനൂപ് നടത്തിയ വസ്തു കച്ചവടത്തില്‍ അഡ്വാന്‍സ് ലഭിച്ച തുകയാണ് കൈവശമുള്ള പണമെന്നാണ് പ്രതികള്‍ ക്രൈംബ്രാഞ്ചിനും എന്‍ഐഎയ്ക്കും മൊഴിനല്‍കിയിയിട്ടുള്ളത്. എന്നാല്‍, ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. 

യുവതികളും യുവാവും ബഹറിനില്‍ കാലങ്ങളായി ഒന്നിച്ച് ജോലി ചെയ്തു വരികയാ ണെന്നും ഒരു ബിസിനസ് ആവശ്യത്തിന് കേരളത്തില്‍ എത്തിയതാണെന്നുമാണ് ഇവര്‍ പോലീ സിനു നല്‍കിയ മൊഴി. ഇതിനിടയില്‍ മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നും  ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തി.

കോടതി റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ചും എന്‍ഐഎയും കൂടുതല്‍ ചേദ്യം ചെയ്യും. പ്രതികളുടെ മൊഴിയില്‍ പറയപ്പെടുന്ന വസ്തു ഇടപാട് നടന്നിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അവര്‍ക്ക് ഈപണം എവിടെനിന്ന് ലഭിച്ചുവെന്നും അന്വേഷിക്കും. പ്രതികള്‍ മറ്റാര്‍ക്കെങ്കിലും ഈപണം കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും. ഹവാല ഇടപാടുകളുമായുള്ള ബന്ധം, വിദേശബന്ധം, തീവ്രവാദബന്ധം എന്നിവ അന്വേഷിക്കും. കേസില്‍ പിടിയിലായവര്‍ക്കുള്ള വിദേശ ബന്ധവും സംശയമുണ്ടാക്കുന്നുണ്ട്. 

വാളറ പത്താം മൈലില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതക്കരികിലുള്ള ഒരു കടയില്‍ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നല്‍കിയപ്പോഴാണ് സംഘം കുടുങ്ങിയത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ വിവരമറിയിച്ചത് പോലീസാണ് റോഡില്‍ കാത്ത് നിന്ന് പ്രതികളെ പിടിച്ചത്. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.