പോലീസ് ചമഞ്ഞ് അരക്കോടി തട്ടി; മൂന്ന് പേര്‍ പിടിയില്‍

Sunday 4 February 2018 1:15 am IST

പാലക്കാട്: പോലീസ് ചമഞ്ഞെത്തി  55 ലക്ഷം രൂപ  കവര്‍ച്ച ചെയ്ത  സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട മൂന്നുപേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.താമരശേരി, ചാലുമ്പാട്ട് വീട്ടില്‍  മുഹമ്മദ് ഷാഫി എന്ന കുഞ്ചു(32),പൂനൂര് പുതിയോട്ടില്‍ അസ്‌കര്‍ (38), കൊയിലാണ്ടി മുത്താമ്പി സ്വദേശി കബീര്‍(4)0 എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസ്സില്‍  അറസ്റ്റിലായവരുടെ എണ്ണം ആറായി. സിഐ  ആര്‍. ശിവശങ്കരന്റെ നേതൃത്വത്തിലുള്ള  ക്രൈം സ്‌ക്വാഡാണ് പ്രതികെള   താമരശേരി അടിവാരത്ത് വെച്ച് അറസ്റ്റു ചെയ്തത്.  

ജൂലൈ 25നാണ്  സംഭവം.  സേലത്ത് നിന്നും പണവുമായെത്തിയ മേലാറ്റൂര്‍ സ്വദേശികളായ ജലീലിനെയും, ഉണ്ണി മുഹമ്മദിനെയും രണ്ടുകാറുകളിലായെത്തിയ എട്ടംഗ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്സ്. പാലക്കാട് ജംഗ്ഷനില്‍ ട്രെയിനിങ്ങി  മേലാറ്റൂര്‍ക്കു  പോകാന്‍ ഒലവക്കോട് ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു  പോലീസെന്നു പറഞ്ഞ്   കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് പണം കവര്‍ന്ന ശേഷം ആലത്തൂര്‍ കാവശ്ശേരിക്കടുത്ത് ഇറക്കിവിട്ടു.  ജലീലിന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിതോടെ  പരാതിക്കാരന്‍ ജലീല്‍ ഉള്‍പ്പെടെ പ്രതികളായി.  മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മൈസൂരിലേക്ക് കടക്കാനിരിക്കെയാണ് പോലീസിന്റെ വലയിലായത്.  ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.  അസ്‌കറിനും, കബീറിനുമെതിരെ കൊയിലാണ്ടി, താമരശേരി,വയനാട് സ്‌റ്റേഷനുകളില്‍ കവര്‍ച്ചാ കേസ്സുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജിഎസ്‌ഐ ജി.ഷേണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.സുന്ദരന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായആര്‍. കിഷോര്‍,  എം.ഷിബു, കെ.അഹമ്മദ് കബീര്‍, ബിനു രാമചന്ദ്രന്‍ , എം. സുനില്‍, ആര്‍.രാജീദ്, എം.ആര്‍.ബിനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.