അമ്പലപ്പുഴ ക്ഷേത്രത്തിലെ ആല്‍ത്തറ പൊളിക്കാന്‍ നീക്കം

Sunday 4 February 2018 2:00 am IST

 

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍ത്തറയും കാണിക്ക മണ്ഡപവും റോഡു നിര്‍മ്മാണത്തിന്റെ മറവില്‍ പൊളിച്ചുനീക്കാന്‍ ശ്രമം. പടിഞ്ഞാറെ നടയിലെ ഗോപുരവാതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന കുറ്റന്‍ ആല്‍മരം പൊളിച്ചുനീക്കാനുള്ള ശ്രമം കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. 

 അമ്പലപ്പുഴ തിരുവല്ല റോഡുനിര്‍മ്മാണത്തിന്റെ മറവിലാണ് മരാമത്ത് വിഭാഗത്തിലെ ചില ജീവനക്കാര്‍ ബോധപൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമം നടത്തിയത്. ദേവസ്വം ബോര്‍ഡ് സ്ഥലത്ത് നില്‍ക്കുന്ന ആല്‍ത്തറ പൊളിച്ചുമാറ്റുവാന്‍ ശ്രമിച്ചിട്ടും പ്രതികരിക്കാന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തയാറാകാതിരുന്നതിനു പിന്നില്‍  സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഒത്തുകളിയാണന്ന് കര്‍മ്മസമിതി നേതാവ് അനില്‍ പാഞ്ചജന്യം ആരോപിച്ചു.

 ആറാട്ട് പുറപ്പാടും പ്രത്യക പൂജകളും നടക്കുന്ന ആല്‍മരവും,തറയും പൊളിച്ചുമാറ്റാന്‍ ശ്രമിച്ചാല്‍ ബന്ധപ്പെട്ടവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന്  അനില്‍പഞ്ചജന്യം പറഞ്ഞു. ആല്‍ത്തറ പൊളിക്കാതെ റോഡ് നിര്‍മ്മിക്കാം എന്നിരിക്കെ ഇത് പൊളിച്ചുമാറ്റിയേ പറ്റൂ എന്ന നിലപാട് ക്ഷേത്ര വിശ്വാസികള്‍ക്കു നേരേയുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആല്‍ത്തറയുടെ ഒരു ഭാഗത്തെ ഭിത്തി പൂര്‍ണ്ണമായും തകര്‍ത്തതോ ടെയാണ്  ഇതിനെതിരെ പ്രതിക്ഷേധം ശക്തമായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.