അതിരൂപതയുടെ വസ്തുഇടപാട് : കര്‍ദ്ദിനാളിനെ മാറ്റാന്‍ പുതിയ നീക്കം

Sunday 4 February 2018 3:40 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം- അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കാന്‍ പുരോഹിതര്‍  വിശ്വാസികളുടെ അഭിപ്രായം തേടുന്നു. ഇതിന് കര്‍ദ്ദിനാളിന്റെ വീഴ്ചയും സഭയ്ക്കുണ്ടായ നഷ്ടവും വിശ്വാസികളെ ബോധ്യപ്പെടുത്തും. 

അതിരൂപതയുടെ സുതാര്യതയ്ക്കുവേണ്ടിയുള്ള ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് വിശ്വാസികള്‍ക്കിടയില്‍ ഒരു കൂട്ടം പുരോഹിതര്‍  ഇതിനായി പ്രചാരണം നടത്തുന്നുണ്ട്. വിശ്വാസികള്‍ക്കിടയില്‍പ്പോലും കര്‍ദ്ദിനാളിന് പിന്തുണ ഇല്ലെന്ന് വത്തിക്കാനെയും മാര്‍പാപ്പയെയും ബോധ്യപ്പെടുത്തുകയാണ്  ലക്ഷ്യം. 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഭയുടെ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് വൈക്കം വെല്‍ഫെയര്‍ സെന്ററിലാണ് ചര്‍ച്ച. നമ്മുടെ അതിരൂപത നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ് വിഷയം. 

വിശ്വാസികളില്‍ നിന്ന് ചര്‍ച്ചയിലൂടെ വിവരശേഖരണം നടത്തും. വസ്തു ഇടപാട് വിഷയങ്ങള്‍ ജനമധ്യത്തിലേക്ക് എത്തിച്ച ഒരു കൂട്ടം പുരോഹിതരാണ് ഇതിനുപിന്നില്‍. വിശ്വാസികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് നഷ്ടമായ കോടിക്കണക്കിന് രൂപയെന്ന് അവരെ ബോധ്യപ്പെടുത്തും.

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്താത്തതിലും ഒരുവിഭാഗം പുരോഹിതര്‍ക്ക് അതൃപ്തിയുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട്  അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് ആരോപണം. 

കൊച്ചി റേഞ്ച് ഐജിയായിരുന്ന പി. വിജയന് അതിരൂപതയിലെ അഴിമതിക്കെതിരെ പോരാടുന്ന പോളച്ചന്‍ പുതുപ്പാറയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നത്. ഈ പരാതി അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, അന്വേഷണം അട്ടിമറിക്കപ്പെട്ടു. 

വസ്തുഇടപാടിലൂടെ അതിരൂപതയ്ക്ക് നഷ്ടമായ പണം അക്കൗണ്ടിലെത്തിച്ച കര്‍ദ്ദിനാളിനെ രക്ഷിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, പുരോഹതരില്‍  ഭൂരിഭാഗവും ഇതിനെതിരാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തെറ്റുകാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.