രാഷ്ട്രീയ പ്രതികാരം: ഹോംഗാര്‍ഡുകള്‍ ജോലി ഉപേക്ഷിക്കുന്നു

Sunday 4 February 2018 7:47 am IST

കൊച്ചി: രാഷ്ട്രീയ പ്രതികാരത്തോടെയുള്ള സ്ഥലം മാറ്റത്തിലും കടുത്ത അവഗണനയിലും മനംമടുത്ത് ഹോംഗാര്‍ഡുകള്‍ ജോലി ഉപേക്ഷിക്കുന്നു. ഇടത് ആഭിമുഖ്യമില്ലാത്ത ഹോംഗാര്‍ഡുമാരെ മദര്‍സ്‌റ്റേഷനില്‍ നിന്നും  മാറ്റി ദൂരസ്ഥലങ്ങളിലേക്ക് നിയമിക്കുന്നതാണ് പലരെയും ജോലി വിടാന്‍ പ്രേരിപ്പിക്കുന്നത്. പ്രാദേശിക സിപിഎം നേതാക്കളുടെ  ലിസ്റ്റിനനുസരിച്ചാണ് സ്ഥലം മാറ്റം.

ക്ഷേമപദ്ധതികള്‍ ഇല്ലാത്തതും സര്‍ക്കാരിന്റെ ക്രൂരനടപടികളും ഹോംഗാര്‍ഡുമാരെ തളര്‍ത്തുന്നു. കടുത്ത ചൂടില്‍ നിന്ന് ട്രാഫിക് ജോലി ചെയ്യുന്ന ഇവര്‍ക്ക് യാതൊരുവിധ ആരോഗ്യസുരക്ഷാപദ്ധതികളും ഇല്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവരെ ആരോഗ്യപദ്ധതിയുള്ളപ്പോഴാണ് ഈ അവഗണന. പ്രതിദിനം 685 രൂപയാണ് ഹോം ഗാര്‍ഡുമാരുടെ വേതനം. അവധി എടുത്താല്‍ വേതനവുമില്ല. ഡ്യൂട്ടിക്കിടയില്‍ മരിച്ചാല്‍പ്പോലും സര്‍ക്കാര്‍സഹായം ഇല്ല. മനുഷ്യാവകാശകമ്മീഷന്റെ  ഇടപെടല്‍മൂലമാണ് നാമമാത്രമായ വേതന വര്‍ധനവ് ഉണ്ടായത്. 

നേരത്തെ കൂടുതല്‍ ദിവസം ജോലി ചെയ്ത് മാന്യമായ ശമ്പളം ഉറപ്പാക്കാമായിരുന്നു. പിണറായി സര്‍ക്കാരിന്റെ  നിര്‍ദേശപ്രകാരം  18,480 രൂപയ്ക്ക് വരെ മാത്രമേ ഒരുമാസം പരാവധി ഡ്യൂട്ടി എടുക്കാവൂ എന്ന് ചട്ടമുണ്ടാക്കി. ഹോംഗാര്‍ഡുകാരുടെ വേതനത്തില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാരാണ്  നല്‍കുന്നത്. കേന്ദ്രം നല്‍കിയാലും സംസ്ഥാനം കൃത്യമായി വിഹിതം നല്‍കാത്തതിനാല്‍ ശമ്പളത്തിലും കാലതാമസം നേരിടാറുണ്ട്. ആഭ്യന്തര വകുപ്പിന് കീഴിലാണ് ഹോംഗാര്‍ഡുകള്‍.

സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്താതെ സര്‍ക്കാര്‍

കൊച്ചി: 2010ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാന ഹോംഗാര്‍ഡില്‍ 4000 ജീവനക്കാരാണുള്ളത്. സൈന്യത്തില്‍ ജോലി ചെയ്തവരാണ് ഏറെയും. 

ഇതില്‍തന്നെ ആയുധങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ പ്രാവീണ്യം ഉള്ളവര്‍, റേഡിയോമെക്കാനിക്ക്, റേഡിയോഓപ്പറേറ്റേഴ്‌സ്, ഡ്രൈവര്‍മാര്‍ എന്നിവരും ഉണ്ട്. മറ്റു സാങ്കേതിക പ്രാവീണ്യം ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. അതും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.