സുരേഷ് ഗോപി എംപി നിലയ്ക്കല്‍ ഗോശാല സന്ദര്‍ശിച്ചു

Saturday 3 February 2018 10:53 pm IST

പത്തനംതിട്ട: പട്ടിണിമൂലം പശുക്കള്‍ ചത്തുവീണ നിലയ്ക്കല്‍ ഗോശാലയില്‍ അവശേഷിക്കുന്ന പശുക്കളെ  സംരക്ഷിക്കാന്‍ ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാസഹായവും ലഭ്യമാക്കുമെന്ന് സുരേഷ്‌ഗോപി എംപി. നിലയ്ക്കല്‍ ഗോശാലയില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം 2018  പശുപരിപാലന വര്‍ഷമായി ആചരിക്കുന്നു. പശുക്കളെ സംരക്ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ അതിലുണ്ട്. ബോര്‍ഡ് എന്തുപദ്ധതിയാണ് വേണ്ടെതെന്ന് നിര്‍ദേശിച്ചാല്‍ കേന്ദ്രസഹായം ഉറപ്പാക്കും. ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണ്. ഭക്തര്‍ ഭഗവാനായി സമര്‍പ്പിച്ച പശുക്കളുടെയും കാളകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. അതിനായി എന്തു സഹായത്തിനും താന്‍ തയ്യാറാണ്. 

പശുക്കള്‍ക്ക് അത്യാവശ്യം വേണ്ടത് പച്ചപ്പുല്ലാണ്. വന്യമൃഗ ശല്ല്യം ഉണ്ടാകാത്ത നിലയില്‍ പുല്‍കൃഷി നടത്താന്‍ ആദിവാസികളുടെ സഹായം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 അട്ടത്തോട് വനവാസി കോളനിയിലെ മുപ്പനുമായും അയ്യപ്പസേവാസമാജം ഭാരവാഹികളുമായും അദ്ദേഹം ചര്‍ച്ചനടത്തി. ഗോശാലയിലെ പശുക്കളെ പരിരക്ഷിക്കാ ന്‍ വനവാസികള്‍ തയ്യാറാണെന്ന് മൂപ്പന്‍ അറിയിച്ചു. കോളനിയില്‍ വനവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളവും, ശൗചാലയങ്ങളും ലഭ്യമാക്കാന്‍ സുരേഷ്‌ഗോപി എംപി സഹായം ഉറപ്പുനല്‍കി. വിശദമായ പദ്ധതി തയ്യാറാക്കാ ന്‍ അയ്യപ്പസേവാ സമാജത്തെ ചുമതലപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബിജെപി കലാ-സാംസ്‌കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, മൃഗസംരക്ഷണ വകുപ്പ്, ഡയറി ഡവലപ്പ്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും നിലയ്ക്കലില്‍ എത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.