അന്‍ എയ്‌ഡഡ് വിദ്യാഭ്യാസമേഖലയോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതികള്‍

Sunday 4 February 2018 4:07 am IST
ഏതു വിദ്യാലയത്തില്‍ പഠിക്കണം, ഏത് സിലബസ് എടുക്കണം എന്നത് കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും അവകാശമാണെന്നിരിക്കെ, ഈ അവകാശ നിയമത്തില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും സൗകര്യങ്ങളും നടപ്പിലാക്കാത്ത ഈ സര്‍ക്കാരിന് മുന്‍പറഞ്ഞ അവകാശങ്ങള്‍ നിഷേധിക്കാന്‍ അര്‍ഹതയില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നിലാണ്. നമ്മുടെ സംസ്ഥാനം ഈ നേട്ടം കൈവരിച്ചതില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതുകൊണ്ടാണ് കേരളത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അയയ്ക്കുന്നത്.

സര്‍ക്കാരിന് യാതൊരു ബാധ്യതയും വരുത്താതെ തികഞ്ഞ സേവനമനോഭാവത്തോടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നവിധം മതസംഘടനകളും സൊസൈറ്റികളും ട്രസ്റ്റികളും നടത്തുന്ന സ്ഥാപനങ്ങളുടെ സേവനം നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ ഉണര്‍വിനും ഉല്‍ക്കര്‍ഷത്തിനും സഹായകമായി നിലകൊള്ളുന്നു. ഇവരുടെ സേവനത്തെ മാനിക്കാനും, ഇത്തരം വിദ്യാലയങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

ഒന്നരലക്ഷത്തിലധികം വരുന്ന ജീവനക്കാരും, 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പഠനം നടത്തിവരുന്ന കേരളത്തിലെ ഐസിഎസ്ഇ, സ്റ്റേറ്റ് ഗവ. റെക്കഗ്‌നേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതുമായ 6500 ഓളം വിദ്യാലയങ്ങള്‍ പ്രതിനിധീകരിക്കുന്ന ഈ മേഖലയെ ഒഴിവാക്കി, സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളും മാത്രം മതിയോ? എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ഇവര്‍ക്ക് സാധ്യമല്ല എന്നത് ഒരു നഗ്നസത്യം മാത്രമാണ്. അതുകൊണ്ടാണ് ജനങ്ങള്‍ അണ്‍എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചീത്തയായി ചിത്രീകരിക്കാനും, അവരുടെ സേവനം അംഗീകാരമില്ലാത്തതാണെന്നും കുറ്റകരമാണെന്നും വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ കാണുന്നത്. ഇത്തരം വിദ്യാലയങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടാനും, ഒരിക്കലും ഇവര്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് ശഠിക്കാനും അധികാര സ്ഥാനത്തിരിക്കുന്നവരും ഉദ്യോഗസ്ഥവൃന്ദവും ശ്രമിക്കുന്നു.

ഉടനടി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും ഉത്തരവുകള്‍ ഇറക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിപ്പിച്ചവരും പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നോര്‍ക്കുക. വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളും ലോക്കല്‍ ബോഡികളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ കേരളത്തില്‍ മാത്രം എന്തിന് മറ്റൊരു നയം സ്വീകരിക്കുന്നു?

പുതുതായി കേരള സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസനയം അനവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി വിദ്യാലയങ്ങളെ പ്രതികൂലമായി ബാധിക്കാനും, 95% സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒന്നരലക്ഷത്തിലധികം അഭ്യസ്തവിദ്യരായ ജീവനക്കാരെയും അനുബന്ധമായി മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും തൊഴില്‍രഹിതരാക്കി പട്ടിണിയിലാക്കാനും, 15 ലക്ഷത്തിലേറെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനും മാത്രമേ സഹായിക്കൂ. ഇത് ക്രൂരമാണ്.

സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ ഗ്രാന്റും ആനുകൂല്യങ്ങളും നല്‍കിയ വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു. കേരളത്തില്‍ 5573 ലാഭകരമല്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പുതിയ കണക്കുകള്‍. സര്‍ക്കാരിനു തന്നെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന അത്തരം മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും മാന്യതയും നല്‍കുമ്പോള്‍, അതുപോലെതന്നെയോ-ഒരുപക്ഷേ അതിലും നല്ല രീതിയിലോ-വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് അണ്‍ റെക്കഗ്‌നൈസ്ഡ് വിദ്യാലയങ്ങളേയും അവിടുത്തെ അധ്യാപക-അധ്യാപകേതര ജീവനക്കാരേയും വിദ്യാര്‍ത്ഥികളേയും മറ്റുതരത്തില്‍ കാണുന്നത് ന്യായമാണോ? സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ മാത്രമല്ല അധ്യാപകര്‍. കേവലം സര്‍ക്കാര്‍ അധ്യാപകരെ സംരക്ഷിക്കാന്‍ വേണ്ടി (4059 സംരക്ഷിതാധ്യാപകര്‍ നിലവിലിരിക്കെ) 250 കോടി രൂപവരെ പ്രതിവര്‍ഷം ചെലവഴിക്കുന്ന സാഹചര്യത്തില്‍ തികഞ്ഞ യോഗ്യതയുള്ള ഈ മേഖലയിലെ ജീവനക്കാര്‍ക്ക് യാതൊരു ആനുകൂല്യവും സര്‍ക്കാര്‍ നല്‍കാത്തത് അനീതിയാണ്.

അണ്‍എയ്ഡഡ്-അണ്‍ റെക്കഗ്‌നൈസ്ഡ് മേഖലയിലെ അടച്ചുപൂട്ടല്‍ നടപടി പൊതുവിദ്യാഭ്യാസ മേഖലയെ രക്ഷിക്കുകയോ ശക്തിപ്പെടുത്തുകയോയില്ല, എന്നതിലുപരി സ്വകാര്യ മാനേജുമെന്റുകള്‍ നടത്തുന്ന ഹൈടെക് സ്‌കൂളുകള്‍ക്കും അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ കോഴവാങ്ങുന്ന സ്വകാര്യ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ഉയര്‍ന്ന ഫീസ് വാങ്ങി പഠിപ്പിക്കുന്ന അണ്‍എയ്ഡഡ്  സ്‌കൂളുകള്‍ക്കുമാണ് ഇത് ഗുണകരമാവുക. ഭീമമായ സാമ്പത്തിക ബാധ്യതയും ഭീകരമായ ഒരു തൊഴില്‍ മേഖലാ പ്രശ്‌നവുമാണ് സര്‍ക്കാരിന് നേരിടേണ്ടി വരിക. ഉയര്‍ന്ന യോഗ്യതയുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാരെ തൊഴില്‍രഹിതരാക്കുന്നതിലുള്ള ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമായിരിക്കും.

ഏത് സിലബസ് എടുക്കണം എന്നത് കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും അവകാശമാണെന്നിരിക്കെ, ഈ അവകാശ നിയമത്തില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും സൗകര്യങ്ങളും നടപ്പിലാക്കാത്ത ഈ സര്‍ക്കാരിന് മുന്‍പറഞ്ഞ അവകാശങ്ങള്‍ നിഷേധിക്കാന്‍ അര്‍ഹതയില്ല. ഏഴായിരത്തോളം നിയമവിരുദ്ധ അധ്യാപകരും 12000 അധിക തസ്തികകളും നിലനില്‍ക്കെ ജോലി സംരക്ഷണം മാത്രം ലക്ഷ്യമാക്കി, ഇവരുടെ ശമ്പളത്തിനും പെന്‍ഷനുമുള്ള സാമ്പത്തിക ഭാരം മുഴുവന്‍  കേരള ജനതയില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.

നിലവിലുള്ള സാഹചര്യത്തില്‍ ചില്ലിക്കാശുപോലും വാങ്ങാതെ ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന വിദ്യാഭ്യാസം നല്‍കുന്ന 63% പ്രൈവറ്റ് മേഖലയേയും, കൃത്യമായി തൊഴില്‍ നികുതി നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അധ്യാപക അനധ്യാപകരേയും തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് താങ്ങാന്‍ പറ്റാത്ത സാമ്പത്തികബാധ്യത വരുത്തുന്നതും ആത്മഹത്യാപരവുമാണ്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളും എന്‍ജിനീയറിങ് കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാന്‍ യാതൊരു തടസ്സവുമില്ലെന്നിരിക്കെ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രൈമറി, സെക്കന്ററി വിദ്യാലയങ്ങള്‍ തുടങ്ങാനും അംഗീകാരം നല്‍കാനും ധാരാളം കരിനിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നു. അനാവശ്യമായ നിബന്ധനകള്‍ മുന്നോട്ടുവച്ച് തടസ്സം സൃഷ്ടിക്കുന്ന നയം ഉപേക്ഷിക്കണം. വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കാന്‍ ഇത്തരം സ്ഥാപനങ്ങളുടെ സേവനംകൂടി പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം.

പൊതുവിദ്യാഭ്യാസ നിയമങ്ങള്‍ കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ വരുത്തി, നിലവിലുള്ള മുഴുവന്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്കും താല്‍ക്കാലിക അംഗീകാരം നല്‍കി വിദ്യാഭ്യാസ അവകാശങ്ങള്‍ വഴിയുള്ള നിയമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആര്‍ടിഎഫ് ആക്ടില്‍ പറഞ്ഞിട്ടുള്ള പ്രകാരം മൂന്നുവര്‍ഷത്തെ സമയം അംഗീകരിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ വിദ്യാലയങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ ഭീഷണിയെ മറികടക്കാനും, വേണ്ടത്ര സൗകര്യങ്ങളും നിയമങ്ങളും പാലിക്കുന്നതിനും സാധിക്കുകയുള്ളൂ. ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും ക്ഷേമനിധി, ഇപിഎഫ്, ഇഎസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുകയും, ലംസംഗ്രാന്റും സൗജന്യപുസ്തകവും ഉച്ചഭക്ഷണവും മറ്റു ഗ്രാന്റുകളും നല്‍കുകയും, സര്‍ക്കാര്‍ മേളകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യേണ്ടതാണ്. എല്‍പിതലം അഞ്ചാം ക്ലാസ് അടക്കവും, യുപിതലം എട്ടാം ക്ലാസ് അടക്കവും മറ്റു സംസ്ഥാനങ്ങളെപ്പോലെ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയും, എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

കേരളത്തിന്റെ ഇന്നത്തെ ധനകാര്യ സുസ്ഥിരതയ്ക്ക് പന്ത്രണ്ടായിരത്തോളം വരുന്ന അധിക അധ്യാപക തസ്തികകള്‍ ഭീഷണിയായി മാറിയിട്ടുണ്ട്. അതിനുപുറമെയാണ് സാമ്പത്തിക നഷ്ടം സഹിക്കുന്ന 5573 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഭാവിതലമുറയെ കരുപിടിപ്പിക്കാനാണ് പൊതുസമൂഹം ഈ ഭാരം വഹിക്കുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അധ്യാപകരുടെ ജോലി സംരക്ഷണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള നയം എങ്ങനെയാണ് പാവപ്പെട്ടവരുടെ കുട്ടികളോട് അനീതി പ്രവര്‍ത്തിക്കുന്നു.

(ഓള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍സ് കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.