പണം സമ്പാദിക്കാന്‍ പാര്‍ട്ടിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ല

Saturday 3 February 2018 10:19 pm IST
നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പാര്‍ട്ടി പ്രശ്‌നമല്ലെന്ന് കേരള ഘടകം ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്ന് യെച്ചൂരി.

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌യുടെ ഗള്‍ഫിലെ സാമ്പത്തിക തട്ടിപ്പില്‍ പാര്‍ട്ടി കേരള ഘടകത്തിന് മുന്നറിയിപ്പുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയെയും പാര്‍ട്ടി പദവിയും നേതാക്കളോ കുടുംബാംഗങ്ങളോ പണം സമ്പാദിക്കാന്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ദല്‍ഹി എകെജി ഭവനില്‍  പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. ബിനോയ്‌ക്കെതിരെ ഗള്‍ഫ് വ്യവസായി പരാതി നല്‍കിയിരുന്നതായും അദ്ദേഹം സമ്മതിച്ചു. പരാതി ലഭിച്ചെന്ന വാര്‍ത്ത നേരത്തെ യെച്ചൂരി നിഷേധിച്ചിരുന്നു.  

 ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. ഇത് കൈകാര്യം ചെയ്യാന്‍  പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. ബിനോയ് വിഷയത്തില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ മറുപടിയില്‍ തൃപ്തനാണോയെന്ന ചോദ്യത്തില്‍നിന്ന് യെച്ചൂരി ഒഴിഞ്ഞുമാറി. തൃപ്തനോ അതൃപ്തനോ എന്ന  ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു മറുപടി. അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട സിപിഎം ബിനോയ്‌ക്കെതിരായ പരാതിയില്‍ നടപടിയെടുക്കാത്തത് ഇരട്ടത്താപ്പല്ലേയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഗള്‍ഫില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ബിനോയിക്കെതിരെ കേസോ അന്വേഷണമോ ഇല്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ പരോക്ഷമായി തള്ളുന്നതാണിത്. 

 പരാതി ചോര്‍ത്തിയത് യെച്ചൂരിയാണെന്ന് കാരാട്ട് പക്ഷവും കേരള ഘടകവും ആരോപിക്കുന്നുണ്ട്. കമ്പനി ഉടമ മര്‍സൂഖിയുടെ അഭിഭാഷകനും കഴിഞ്ഞ ദിവസം ഇത് തുറന്നുപറഞ്ഞിരുന്നു. പരാതി ലഭിച്ചതായി യെച്ചൂരി വെളിപ്പെടുത്തുമ്പോള്‍ വാര്‍ത്ത ചോര്‍ത്തിയതിലെ ആരോപണവും ബലപ്പെടുകയാണ്. നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പാര്‍ട്ടി പ്രശ്‌നമല്ലെന്ന് കേരള ഘടകം ആവര്‍ത്തിക്കുമ്പോള്‍, പാര്‍ട്ടി ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്നാണ് യെച്ചൂരി പറയുന്നത്. കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയില്‍ കാരാട്ടിനൊപ്പമുള്ള കേരളഘടകത്തിന് പരാതി ആയുധമാക്കി തിരിച്ചടി നല്‍കുകയാണ് യെച്ചൂരി. ഇതിനിടെ, സാമ്പത്തിക തട്ടിപ്പ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗള്‍ഫിലെ സിപിഎം അനുകൂല സംഘടനയുടെ സഹായവും ബിനോയ്ക്കുണ്ട്. 13 കോടി നല്‍കിയില്ലെങ്കില്‍ തിങ്കളാഴ്ച പത്രസമ്മേളനം നടത്തി തട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിടുമെന്ന് കമ്പനി ഉടമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.