സിപിഎം അക്രമം, പോലീസ് ഭീകരത ബിജെപി സമരജ്വാല നാളെ

Sunday 4 February 2018 2:00 am IST
സിപിഎം അക്രമങ്ങള്‍ക്കും പോലീസ് ഭീകരതയ്ക്കുമെതിരേ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരജ്വാല നാളെ. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴു വരെ തിരുനക്കര മൈതാനത്താണ് സമരപരിപാടി.

 

കോട്ടയം: സിപിഎം അക്രമങ്ങള്‍ക്കും പോലീസ് ഭീകരതയ്ക്കുമെതിരേ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരജ്വാല നാളെ. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴു വരെ തിരുനക്കര മൈതാനത്താണ് സമരപരിപാടി. 

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഭാരവാഹികളായ വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.പി.ശ്രീശന്‍, പി.എം.വേലായുധന്‍, ഡോ.പി.പി.വാവ, അഡ്വ.ജെ.ആര്‍.പത്മകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി തുടങ്ങിയവരും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.

എല്ലാ മണ്ഡലങ്ങളിലും നിന്നുള്ള പ്രവര്‍ത്തകര്‍ തിരുനക്കര മൈതാനത്ത് എത്തും. രാവിലെ 8.30 ന് ചങ്ങനാശ്ശേരി മണ്ഡലം കോടിമതയില്‍ നിന്നും ഏറ്റുമാനൂര്‍ മണ്ഡലം സിഎംഎസ് കോളേജ് ഭാഗത്തു നിന്നും പ്രകടനമായെത്തും. 

10ന് പുതുപ്പള്ളി മണ്ഡലം കളക്ടറേറ്റ് ഭാഗത്തു നിന്നും വൈക്കം മണ്ഡലം ചില്‍ഡ്രന്‍സ് ലൈബ്രറി ഭാഗത്തു നിന്നും തിരുനക്കരയിലെത്തും. ഉച്ചയ്ക്ക് 12ന് കടുത്തുരുത്തി മണ്ഡലം നാഗമ്പടത്തു നിന്ന് എത്തും. രണ്ടിന് പാലാ മണ്ഡലം കെഎസ്ആര്‍ടിസി ഭാഗത്തു നിന്നും പൂഞ്ഞാര്‍ മണ്ഡലം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും പുറപ്പെടും. നാലിന് കാഞ്ഞിരപ്പള്ളി മണ്ഡലം കളക്ടറേറ്റ് ഭാഗത്തു നിന്നും കോട്ടയം മണ്ഡലം കോടിമതയില്‍ നിന്നും സമരത്തിനെത്തും.

പോലീസ് ഏകപക്ഷീയമായി നടപടിയെടുക്കുന്നു: എന്‍.ഹരി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ കോട്ടയത്ത് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.  പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിപ്പെടുന്നു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും പരിക്കേല്‍ക്കുന്നു. ഓഫീസുകള്‍ വ്യാപകമായി തല്ലിത്തകര്‍ക്കുന്നു. വീടുകളും കത്തിക്കുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന പോലീസ് ഏകപക്ഷീയമായാണ് നിലപാടു സ്വീകരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുകയാണ്. ഇതേവരെ 36 പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.  എന്നാല്‍, അക്രമം കാണിച്ച ഏതെങ്കിലും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഇതേരീതിയില്‍ കേസെടുക്കാനോ റിമാന്‍ഡ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. മുന്നൂറിലധികം കേസുകളാണ് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ എടുത്തിരിക്കുന്നത്. 

വൈക്കം അക്കരപ്പാടത്ത് സുമേഷ് എന്ന പ്രവര്‍ത്തകന്റെ കൈകള്‍ വെട്ടി. രക്ഷിക്കാന്‍ ചെന്ന പിതാവിനെതിരേ പോലീസ് കേസെടുത്തു റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. അവിടെയും ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തിനിരയായി എന്നു പറഞ്ഞവര്‍ തൊട്ടടുത്ത ദിവസം തന്നെ ജോലിക്കു പോയിട്ടുണ്ട്. എന്നാല്‍, സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നും ചികിത്സയിലാണ്. എന്നിട്ടും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തിയില്ല. പാലായിലും കുമരകത്തും പുഞ്ചവയലിലും എല്ലാം അക്രമികള്‍ അഴിഞ്ഞാടുകയാണ്.  

ബിജെപി ജില്ലാ ഓഫീസിനു പുറമേ തലയോലപ്പറമ്പ്, വെള്ളൂര്‍,പെരുവ, ചിറക്കടവ് ഓഫീസുകള്‍ പൂര്‍ണമായി തല്ലിത്തകര്‍ത്തു. കോട്ടയം ആര്‍എസ്എസ് കാര്യാലയത്തിലേക്ക് ബോംബെറിഞ്ഞു. ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യാലയവും ബിജെപി ഓഫീസും കത്തിച്ചു. ഇതെല്ലാം നടന്നിട്ടും പോലീസ് ഗൗരവമായി കേസെടുത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.