സല്യൂട്ട്, യങ് ഇന്ത്യ

Saturday 3 February 2018 10:52 pm IST

മൗണ്ട് മൗഗ്‌നൂയി  (ന്യൂസിലന്‍ഡ്): ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന ദ്രാവിഡിന്റെ ചുണക്കുട്ടികള്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ പുത്തന്‍ അധ്യായം ഏഴുതി ചേര്‍ത്തു. കരുത്തരായ ഓസീസിനെ കലാശക്കളിയില്‍ അടിച്ചോടിക്ക് കിരീടം ശിരസിലേറ്റി ക്യാപ്റ്റന്‍ പൃഥ്‌വി ഷായും കൂട്ടരും  ചരിത്രത്താളുകളില്‍ ചേക്കേറി. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം കിരീടമാണിത്. ഇതാദ്യമായാണ് ഒരു ടീം നാലു തവണ കപ്പ് നേടുന്നത്. 2000,2008, 2012 വര്‍ഷങ്ങളിലും ഇന്ത്യ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയിരുന്നു.

മൗണ്ട് മൗഗ്‌നൂയിയിലെ ബേ ഓവലില്‍ മന്‍ജ്യോത് കല്‍റ പൊരുതിക്കുറിച്ച സെഞ്ചുറിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.101 റണ്‍സുമായി ഈ ദല്‍ഹിതാരം അജയ്യനായി നിന്നതോടെ, ഓസീസ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു- 67 പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ഓസീസ് 47.2 ഓവറില്‍ 216 റണ്‍സിന് ബാറ്റ് താഴ്ത്തി. സ്‌കോര്‍ ഓസീസ് 47.2 ഓവറില്‍ 216, ഇന്ത്യ 38.5 ഓവറില്‍ രണ്ട് വിക്കറ്റിന് 220.

പ്രാഥമിക റൗണ്ട് ഉള്‍പ്പെടെയുള്ള എല്ലാ മത്സരങ്ങളിലും വിജയക്കൊടി നാട്ടിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഓസ്‌ട്രേലിയയെ നൂറ് റണ്‍സിന് തോല്‍പ്പിച്ച് അരങ്ങേറിയ ഇന്ത്യ ഫൈനലില്‍ അവരെ എട്ട് വിക്കറ്റിന് തകര്‍ത്ത് കപ്പും സ്വന്തമാക്കി.

അടിച്ചുതകര്‍ത്ത മന്‍ജ്യോത് കല്‍റ 102 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറുകളും പറത്തിവിട്ടാണ് സെഞ്ചുറി തികച്ച് പുറത്താകാതെ നിന്നത്. നായകന്‍ പൃഥ്‌വി ഷായും കല്‍റയും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് നേടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. വില്‍ സതര്‍ലന്‍ഡിന്റെ പന്തില്‍ ഷായുടെ സ്റ്റമ്പ് തെറിച്ചതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.  41 പന്ത് നേരിട്ട ഷായുടെ ബാറ്റില്‍ നിന്ന് നാലു പന്തുകള്‍ അതിര്‍ത്തി കടന്നുപോയി.

തുടര്‍ന്നെത്തിയ ശുബ്മന്‍ ഗില്ലിനും ക്രീസില്‍ അധികസമയം പിടിച്ചു നില്‍ക്കാനായില്ല. പാക്കിസ്ഥാനെതിരായ സെമിയില്‍ തകര്‍ത്തുകളിച്ച ഗില്‍ 31 റണ്‍സുമായി കളിക്കളം വിട്ടു. ഉപ്പലിന്റെ പന്തില്‍ ഗില്ലിന്റെ സ്റ്റമ്പുകള്‍ പറന്നു. പക്ഷെ നാലാമനായി ക്രീസിലെത്തിയ വിക്കറ്റ് കീ്പ്പര്‍ ബാറ്റ്‌സ്മാന്‍ ദേശായി ഓപ്പണര്‍ മന്‍ജ്യോത് കല്‍റയ്ക്ക് മികച്ച പിന്തുണ നല്‍കി. 

പൊരുതിക്കയറിയ ഇവര്‍ ബാറ്റുകൊണ്ട് ഇന്ത്യയെ വിജയത്തിന്റെ പടവുകള്‍ കയറ്റി ചരിത്രപുസ്തകത്തിലെത്തിച്ചു.

വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 89 റണ്‍സ് അടിച്ചെടുത്തു. 61 പന്ത് നേരിട്ട ദേശായി അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധക്കോട്ട തീര്‍ത്ത് മെരുക്കിനിര്‍ത്തി. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ ഓസീസിന്റെ ഇന്നിങ്ങ്‌സ് 216 റണ്‍സിലവസാനിച്ചു. ശിവ സിങ്, പോറല്‍, നഗര്‍കോട്ടി, അനുകുല്‍ റോയ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശിവം മാവിക്ക് ഒരു വിക്കറ്റു ലഭിച്ചു.

102 പന്തില്‍ 76 റണ്‍സ് നേടിയ മെര്‍ലോയാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ആറു പന്തുകള്‍ മെര്‍ലോ അതിര്‍ത്തികടത്തി. ഓപ്പണര്‍ എഡ്വേര്‍ഡ്‌സ് (28), ഉപ്പല്‍ (34), മക്‌സീനി (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.