ദയാവധമല്ല; അഞ്ചു വയസുകാരന് ജീവിതം നല്‍കാന്‍ കേന്ദ്രം

Saturday 3 February 2018 11:12 pm IST

ന്യൂദല്‍ഹി: അഞ്ചു വയസ്സുകാരന് ദയാവധം തേടി ദല്‍ഹിയിലെത്തിയ കുടുംബത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി എയിംസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കും. എയിംസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തി കുട്ടിയെ പരിശോധിച്ചു.

ചികിത്സാ പിഴവ് മൂലം ശരീരത്തിന് കീഴ്‌പ്പോട്ട് തളര്‍ന്ന് വൈകല്യം സംഭവിച്ച ഡാനി സ്റ്റെനോ എന്ന അഞ്ചുവയസ്സുകാരന് ദയാവധം തേടിയാണ് അച്ഛന്‍ ഡെന്നീസും അമ്മ മേരിയും ദല്‍ഹിയിലെത്തിയത്. കന്യാകുമാരി സ്വദേശികളായ ഇവര്‍ 15 വര്‍ഷത്തോളമായി തൃശൂരിലാണ് താമസം. പ്രസവ സമയത്തെ ചികിത്സാ പിഴവിനെത്തുടര്‍ന്ന് കുട്ടിയുടെ കാഴ്ചയും സംസാര ശേഷിയും നഷ്ടപ്പെട്ടു. നടക്കാനോ നിവര്‍ന്നിരിക്കാനോ സാധിക്കില്ല. ശബ്ദം പോലും ഭയപ്പെടുത്തുന്നതിനാല്‍ മുഴുവന്‍ സമയവും കരച്ചിലാണ്. 

 വാര്‍ത്തയിലൂടെ കുട്ടിയുടെ ദുരിതമറിഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഇടപെടലാണ് നിര്‍ണായകമായത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കുമ്മനം വിശദാംശങ്ങള്‍ കൈമാറി. തുടര്‍ന്നാണ് മന്ത്രിയുടെ ഓഫീസ് കുട്ടിയുടെ ചികിത്സക്ക് എയിംസിന് നിര്‍ദ്ദേശം നല്‍കിയത്. തിങ്കളാഴ്ച വിദഗ്ധ പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ആരോഗ്യ മന്ത്രി ജെ.പി. നദ്ദയെ മാതാപിതാക്കള്‍ കാണും. കെട്ടിട നിര്‍മ്മാണ ത്തൊഴിലാളിയായ ഡെന്നീസിന് ഒന്നര വയസ്സുള്ള മകള്‍ കൂടിയുണ്ട്. നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഒന്നും നടക്കാതായതോടെയാണ് ദയാവധത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചത്, ഡെന്നീസ് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.