തൊഴിലാളി സംഘടനകളെ രാഷ്ട്രീയവല്‍ക്കരിച്ചത് ഖേദകരം: എം.പി.രാജീവന്‍

Sunday 4 February 2018 12:03 pm IST

 

കണ്ണൂര്‍: തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട തൊഴിലാളികള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവെന്നത് ഖേദകരമാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിഎംഎസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസി ഇടതു സംഘടനകള്‍ കൈക്കലാക്കിയപ്പോള്‍ അതിനെ പിളര്‍ത്തിയാണ് കോണ്‍ഗ്രസ്സ് ഐഎന്‍ടിയുസി ഉണ്ടാക്കിയത്. ഓരോഘട്ടത്തിലും വ്യത്യസ്ഥ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരവരുടെ താല്‍പര്യത്തിനായി തൊഴിലാളി സംഘടനകളെ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ രൂപീകരണവും പ്രവര്‍ത്തനവും. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമായി പ്രവര്‍ത്തിക്കാതെ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സ്വതതന്ത്രമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയാണ് ബിഎംഎസ്. 1955 ല്‍ രൂപീകൃതമായ ബിഎംഎസ് 1994 മുതല്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ലോകത്തിലെ തന്നെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബിഎംഎസ്.

1967 ല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ബിഎംഎസ് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയത്. ബിഎംഎസിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. തുടക്കത്തില്‍ അവഗണനയും അവഹേളനവുമായിരുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ ബിഎംഎസ് ഉണ്ടെങ്കില്‍ മറ്റ് തൊഴിലാളി സംഘടനകള്‍ സഹകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പിന്നീടാണ് ഉന്‍മൂലനത്തിന്റെയും അസഹിഷ്ണുതയുടെയും മാര്‍ഗം സ്വീകരിച്ചത്. ഇന്നും ഇതേ നീക്കം തന്നെയാണ് മറ്റ് തൊഴിലാളി സംഘടനകള്‍ സ്വീകരിക്കുന്നത്. ഇത്തരം നീക്കങ്ങളെയെല്ലാം അതിജീവിച്ചാണ് ബിഎംഎസ് കേരളത്തില്‍ ശക്തി പ്രാപിച്ചതെന്നും രാജീവന്‍ പറഞ്ഞു.

അധികാരത്തിലിരിക്കുന്നതാരായാലഅും തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ബിഎംഎസ് പ്രതിജ്ഞാബദ്ധമാണ്.  തൊഴിലാളികളുടെ ജീവിത നിലവാരം മാറ്റിയെടുത്താല്‍ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളു. അതിനുള്ള നയപരിപാടികളും പദ്ധതികളുമാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത്. തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള വേതനവും സാഹചര്യവും വേണം. 

യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. ഇഎസ്‌ഐ, ബോണസ് പരിധി ഉയര്‍ത്തിയതും പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കിയതുമുള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ രാഷ്ട്രീയ അന്ധതയുള്ള തൊഴിലാളി സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അന്ധമായി വിമര്‍ശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.പി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ശശിധരന്‍, പി.പി.ബാലകൃഷ്ണന്‍, സംഘടനാ സെക്രട്ടറി സി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ സ്വാഗതവും മേഖലാ സെക്രട്ടറി കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.