മാലിന്യ നിക്ഷേപകേന്ദ്രമായി തണ്ണീര്‍പന്തല്‍ പ്രദേശം

Sunday 4 February 2018 11:54 am IST

ശാസ്താംകോട്ട: ധര്‍മശാസ്താ ക്ഷേത്രത്തിന്റെ ഭാഗമായി രാജഭരണകാലം മുതല്‍ അനുവദിച്ചുനല്‍കിയ തണ്ണീര്‍ പന്തല്‍ പ്രദേശം നഗരത്തിലെ മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രമായി.ക്ഷേത്രത്തില്‍ ദൂരദിക്കുകളില്‍നിന്നും എത്താറുള്ള ഭക്തര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമാണ് ക്ഷേത്രത്തിന് പടിഞ്ഞാറ് പഴയ ട്രഷറിക്ക് സമീപം തണ്ണീര്‍പന്തലിന് സ്ഥലം സ്ഥാപിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത കിണറും ഇവിടെ ഉണ്ടായിരുന്നു. കായംകുളം രാജാവ് കരം ഒഴിവാക്കി നല്‍കിയ സ്ഥലം ഒരുകാലത്ത് മണ്ഡലകാലത്തെത്തുന്ന അയ്യപ്പ ഭക്തന്‍മാരടക്കം നൂറ്കണക്കിന് ഭക്തരുടെ ആശ്രയകേന്ദ്രമായിരുന്നു.

സര്‍ക്കാര്‍ റവന്യു പുറമ്പോക്കിന്റെ പട്ടികയില്‍പെടുത്തിയതു മൂലം ദേവസ്വം ബോര്‍ഡിന് ഈ സ്ഥലത്തിനുള്ള അവകാശം നഷ്ടമായി. വിജനമായി കാടുകയറി കിടന്ന ഭൂമി ചിലസ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ റവന്യു രേഖകളില്‍ പട്ടയം നല്‍കിയതായി പറയുന്നില്ല. ഇതിനിടെ ഭൂമി ദേവസ്വം ബോര്‍ഡിന് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഭക്തജന സമിതി അടുത്തിടെ റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഇവിടെ നാട്ടുകാരും കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ മാലിന്യ കൂമ്പാരമായി മാറിയ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ്.ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥികളും സിവില്‍ സ്റ്റേഷന്‍, കോടതി, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്കും മൂക്ക്‌പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രാജഭരണകാലത്ത് കുഴിച്ച കിണറ്റില്‍ മാലിന്യങ്ങള്‍ നിറഞ്ഞു. 

ദക്ഷിണകേരളത്തിലെ പ്രധാന അയ്യപ്പ ക്ഷേത്രമായ ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാലമായാല്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് വന്നുപോകുന്നത്. ശബരിമല ഇടത്താവളമായി ദേവസ്വംബോര്‍ഡ് ശാസ്താംകോട്ടയെ പ്രഖ്യാപിച്ചെങ്കിലും ഭക്തര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ തണ്ണീര്‍ പന്തല്‍ ഭൂമി ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് സംരക്ഷിച്ചാല്‍ മണ്ഡലകാലത്തടക്കം ക്ഷേത്രത്തില്‍ ഭൂരദിക്കുകളില്‍ നിന്നും വന്നുപോകുന്ന ഭക്തര്‍ക്ക് ഇവിടം സൗകര്യപ്രദമായിരിക്കുമെന്ന് ഭക്തജന സംരക്ഷണവേദി വ്യക്തമാക്കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.