എസ്എഫ്‌ഐ നേതാവ് സിന്‍ഡിക്കേറ്റംഗമായത് വ്യാജരേഖ ചമച്ചെന്ന് ഗവര്‍ണ്ണര്‍ക്ക് പരാതി

Sunday 4 February 2018 4:54 pm IST

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന നേതാവിന്റെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗത്വം വ്യാജം. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റിയംഗവുമായ പ്രതിന്‍ സാജ് കൃഷ്ണന്റെ അംഗത്വത്തിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുള്‍പ്പെടെ പരാതി എത്തിച്ചുകഴിഞ്ഞു. 

യൂണിവേഴ്‌സിറ്റി  സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി അംഗത്വപദവിയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പാള്‍  സര്‍വകലാശാലയുടെ കീഴിലെ ഏതെങ്കിലും കോളെജില്‍ വിദ്യാര്‍ത്ഥിയായിരിക്കണം എന്നാണ് പ്രാഥമിക വ്യവസ്ഥ. എന്നാല്‍,നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച 2017 മെയ് 30ന് പ്രതിന്‍ സാജ് വിദ്യാര്‍ത്ഥിയായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. 

സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും താളത്തിനു തുള്ളുന്ന കേരള ലോ അക്കാദമിയുടെയും ഡോക്ടറുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെയും സഹായത്താല്‍ വ്യാജരേഖ സമര്‍പ്പിച്ചാണ് പ്രതിന് സാജ് കൃഷ്ണന്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി സിന്‍ഡിക്കേറ്റംഗത്വം നിലനിര്‍ത്തുന്നതെന്ന് പരാതിയില്‍ വിശദീകരിക്കുന്നു.  

പരാതി വിവരങ്ങള്‍ ഇങ്ങനെ: 

കേരള ലോ അക്കാദമിയില്‍ പഞ്ചവത്സര നിയമബിരുദ കോഴ്‌സായ ബികോം എല്‍എല്‍ബിയുടെ രണ്ടാം സെമസ്റ്റര്‍ പഠിക്കുന്നുവെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ പറയുന്നത്. പക്ഷേ, വാസ്തവം അങ്ങനെയല്ല. പ്രതിന്‍ ബികോം എല്‍എല്‍ബി കോഴ്‌സിന് ചേര്‍ന്നത് 2013-25 വര്‍ഷമാണ്. (അഡ്മിഷന്‍ നമ്പര്‍ 5041). പക്ഷേ, ഹാജര്‍ കുറവായതിനാല്‍ രണ്ടാം സെമസ്റ്ററില്‍ പുറത്തായി. അതിനാല്‍ പുനപ്രവേശനം നേടിയാലേ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാകൂ. എന്നാല്‍, 2015-16 വര്‍ഷം പുനപ്രവേശനം നേടിയില്ല. ഇപ്പോള്‍  നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം കൊടുത്ത രേഖകളില്‍ പറയുന്നത് 2017 ല്‍ പ്രതിന്‍ പുനപ്രവേശനം നേടിയെന്നാണ്.

സര്‍വകലാശാലയുടെ രേഖകള്‍ പ്രകാരം  (രസീതി നമ്പര്‍ 20372) 2017 മെയ് 23 ന് പ്രതിന്‍ പുനപ്രവേശം തേടി ഫീസടച്ചതായി കാണുന്നു. സര്‍വകലാശാല, ഓര്‍ഡര്‍ നമ്പര്‍ എ കകക/3/28351/2017 പ്രകാരം, സീറ്റ് വേക്കന്‍സി ഉണ്ടെങ്കില്‍ മാത്രം പ്രതിനെ പുനപ്രവേശിപ്പിക്കാന്‍ ലോ അക്കാദമിക്ക് അനുമതി കൊടുത്തു. 

കേരള ലോ അക്കാദമിക്ക് വര്‍ഷം 60 വിദ്യാര്‍ത്ഥികളെയാണ് പഞ്ചവത്സര ബികോം കോഴ്‌സിന് പ്രദേശിപ്പിക്കാന്‍ അനുമതി. പക്ഷേ, പ്രതിന്‍ പുനപ്രവേശനത്തിന് ഫീസൊടുക്കി, നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കാലത്തിനിടെ ഈ കോഴ്‌സില്‍ രണ്ടാം സെമസ്റ്ററില്‍ ഒഴിവുണ്ടായിട്ടില്ല. 2017 ജൂലൈ 20നും ആഗസ്ത് 25 നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനായില്ല. ഷാജഹാന്‍ ഷംസ് എന്ന വിദ്യാര്‍ത്ഥി ടിസി വാങ്ങി പോകുകയും ചെയ്തു. അതായത്, പ്രതിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പുനപ്രവേശനം നേടി വിദ്യാര്‍ത്ഥിയായിട്ടില്ല.

വിദ്യാര്‍ത്ഥിയല്ലാതെ വിദ്യാര്‍ത്ഥി നേതാവ് വിദ്യാര്‍ത്ഥിക്ക് അവകാശപ്പെട്ട സിന്‍ഡിക്കേറ്റംഗത്വം നേടിയെടുത്തത് വ്യാജരേഖ ചമച്ചാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹാജര്‍ കുറയാന്‍ കാരണം ചികിത്സയിലായിരുന്നതാണെന്ന് സ്ഥാപിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആക്ഷേപവുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.