എന്‍ജിനീയറിംഗ്, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍ പ്രവേസനം

Monday 5 February 2018 2:45 am IST

സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി മുതലായ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള 2018 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ എയിഡഡ്, സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ നാലുവര്‍ഷത്തെ ഫുള്‍ടൈം ബിടെക്, ബിഫാം കോഴ്‌സുകളിലേക്കുള്ള പ്ര,വേശനപരീക്ഷ ഏപ്രില്‍ 23, 24 തീയതികളില്‍ നടക്കും.

പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ഇക്കുറിയും എന്‍ജീനീയറിംഗ് പ്രവേശനത്തിന് മാത്രമാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത്. ബിഫാം കോഴ്‌സില്‍ പ്രവേശനത്തിന് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയിലെ പേപ്പര്‍ 1 (ഫിസിക്‌സ്-കെമിസ്ട്രി) അഭിമുഖീകരിച്ചാല്‍ മതി.

ബിആര്‍ക്, മെഡിക്കല്‍/അനുബന്ധ കോഴ്‌സുകള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രത്യേകം പ്രവേശനപരീക്ഷ നടത്തുന്നില്ല. ബിആര്‍ക് കോഴ്‌സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്ടിട്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA) എഴുതി ജൂണ്‍ 10 നകം യോഗ്യത നേടണം.

എംബിബിഎസ് ഉള്‍പ്പെടെ മെഡിക്കല്‍/അനുബന്ധ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം 'NEET-ug 2018' ലെ മെരിറ്റ് ലിസ്റ്റില്‍നിന്നാണ് നടത്തുന്നത്. എന്നാല്‍ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷയോടൊപ്പം ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, േഫാറസ്ട്രി, വെറ്ററിനറി, ഫിഷറീസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. 'KEAM2018' പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ക്കനുസൃതമായിട്ടാണ് പ്രവേശന നടപടികള്‍ സ്വീകരിക്കുക.

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, ഫുഡ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി; കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി; കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വ്വകലാശാലയുടെ ഫുഡ് ടെക്‌നോളജി കോഴ്‌സുകളും ബിടെക്/എന്‍ജിനീയറിംഗ് വിഭാഗത്തില്‍പ്പെടും.

പ്രവേശന യോഗ്യതകള്‍: എന്‍ജിനീയറിംഗ് (ബിടെക്) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മാത്തമാറ്റിക്‌സിന് 50 % മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനത്തിന് 45 % മാര്‍ക്ക് മതിയാകും.

കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി വിഷയത്തിന്റെ മാര്‍ക്ക് പരിഗണിക്കും.

ബിആര്‍ക് പ്രവേശനത്തിന് മാത്തമാറ്റിക്‌സ് ഒരു വിഷയമായി മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. 50 % മാര്‍ക്കില്‍ കുറയാത്ത അംഗീകൃത ത്രിവത്‌സര എന്‍ജിനീയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും. 2018 ജൂണ്‍ 10 നകം 'NATA' യോഗ്യത നേടുന്നവര്‍ക്കാണ് പ്രവേശനം.

ബിഫാം കോഴ്‌സിന് പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജി/മാത്തമാറ്റിക്‌സിന് 50 % മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം.

മെഡിക്കല്‍ കോഴ്‌സുകള്‍: എംബിബിഎസ്, ബിഡിഎസ്, ബിഎസ്എംഎസ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജി/ബയോടെക്‌നോളജിക്ക് 50 % മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു വിജയിച്ചിരിക്കണം.

ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിയുഎംഎസ് കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജിക്ക് 50% മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം. ഈ കോഴ്‌സുകള്‍ക്ക് ബയോടെക്‌നോളജി യോഗ്യതാവിഷയമായി അംഗീകരിച്ചിട്ടില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഒാരോന്നും പ്രത്യേകം പാസായിരിക്കുകയും വേണം.

ബിഎസ്‌സി ബിരുദക്കാര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. മൊത്തത്തില്‍ 50 % മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി അല്ലെങ്കില്‍ ബയോടെക്‌നോളജി മുഖ്യവിഷയമായും ഇവയില്‍ ഒന്നോ രണ്ടോ ഉപവിഷയമായും എടുത്ത് ബിഎസ്‌സി ബിരുദമെടുത്തവരെയാണ് പരിഗണിക്കുക.

അഗ്രികള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി കോഴ്‌സുകള്‍: ബിഎസ്‌സി (ഓണേഴ്‌സ്), അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് സയന്‍സ് (BFSc) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ബയോളജിക്ക് 50 % മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം.

ബാച്ചിലര്‍ ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്‍ഡറി (BVSc & AH) കോഴ്‌സ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണമെന്നുണ്ട്.

മാര്‍ക്ക് ഇളവ്: യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 % ഇളവ് അനുവദിച്ചിട്ടുണ്ട്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷ പാസായിരുന്നാല്‍ മതി. എന്നാല്‍ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകള്‍ക്ക് 40% മാര്‍ക്ക് വേണം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് 45 % മാര്‍ക്കില്‍ കുറയാതെ വേണം.

അപേക്ഷകര്‍ക്ക് പ്രായം 31.12.2018 ല്‍ 17 വയസ് തികയണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ www.cee-kerala.org ല്‍ പ്രോസ്‌പെക്ടസിലുണ്ട്.

അപേക്ഷാഫീസ്:  (എ) എന്‍ജിനീയറിംഗ്/ബിഫാം/രണ്ടിനുംകൂടി ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 700 രൂപയും പട്ടികജാതിക്കാര്‍ക്ക് 300 രൂപയുമാണ്. (ബി) ആര്‍ക്കിടെക്ച്ചര്‍/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകള്‍/രണ്ടിനുംകൂടി യഥാക്രമം 500, 200 രൂപ എന്നിങ്ങനെ മതി. എന്നാല്‍ 'എ', 'ബി' വിഭാഗത്തിലേക്ക് ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 900 രൂപയും പട്ടികജാതിക്കാര്‍ക്ക് 400 രൂപയുമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.

എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയ്ക്ക് ദുബായ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ അധികഫീസായി 12000 രൂപകൂടി നല്‍കണം.

അപേക്ഷ ഓണ്‍ലൈനായി www.cee.kerala.gov.in- ല്‍ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 28 വരെ സ്വീകരിക്കും. പ്രിന്റൗട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 31 നു കിട്ടത്തക്കവണ്ണം രജിസ്‌റ്റേര്‍ഡ് തപാലില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ അയക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 10 മുതല്‍ www.cee.kerala.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ: ഏപ്രില്‍ 23, 24 (തിങ്കള്‍, ചൊവ്വ) തീയതികളിലാണ് എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ. രണ്ട് പേപ്പറുകളാണുള്ളത്. ഏപ്രില്‍ 23 ന് പേപ്പര്‍ ഒന്ന്- രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്‌സും കെമിസ്ട്രിയും. ഏപ്രില്‍ 24 ന് പേപ്പര്‍ രണ്ട് രാവിലെ 10 മുതല്‍ 12.30 വരെ മാത്തമാറ്റിക്‌സ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൊടുപുഴ, കട്ടപ്പന, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, മുംബൈ, ന്യൂദല്‍ഹി, ദുബായ് എന്നിവയാണ് എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങള്‍.

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയാണ്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. യോഗ്യത നേടുന്നതിന് ജനറല്‍/ഒബിസി വിഭാഗക്കാര്‍ പേപ്പര്‍ ഓരോന്നിനും 10 മാര്‍ക്കില്‍ കുറയാതെ നേടണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ഇത് ബാധകമല്ല. എങ്കിലും ഓരോ പേപ്പറിനും ഓരോ ചോദ്യത്തിനെങ്കിലും ഉത്തരം കണ്ടെത്തണം. എന്‍ജിനീയറിംഗ്/ഫാര്‍മസി റാങ്കിംഗിന് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനും തുല്യപരിഗണന ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.