ഹൗസ് ബോട്ട് ടെര്‍മിനലുകള്‍ കാഴ്ചവസ്തുക്കളാകുന്നു

Monday 5 February 2018 2:35 am IST

 

ആലപ്പുഴ: നിര്‍മ്മാണം പൂര്‍ത്തിയായി ആറുമാസം കഴിഞ്ഞിട്ടും ഹൗസ് ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം അനന്തമായി നീളുന്നു. ജില്ലയില്‍ എട്ട് ഹൗസ് ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണം കഴിഞ്ഞ ജൂലൈയില്‍ പൂര്‍ത്തിയായതാണ്. വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

  കഴിഞ്ഞ ഓണത്തിനു മുമ്പ് ടെര്‍മിനലുകളുടെ ഉദ്ഘാടനം നടത്തി ടൂറിസം വകുപ്പിന് കൈമാറുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടെര്‍മിനലുകള്‍ക്ക് നമ്പരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാലാണ് കുടിവെള്ളം,വൈദ്യുതി കണക്ഷനുകള്‍ക്ക് അപേക്ഷിക്കാനാകാത്തത്.

  കേന്ദ്ര സര്‍ക്കാരിന്റെ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് എട്ടു ടെര്‍മിനലുകളും നിര്‍മ്മിച്ചത്. വട്ടക്കായലിലെ ടെര്‍മിനല്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റു വീശുന്ന ഇവിടെ ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയേറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 

  പൂര്‍ത്തിയായ ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ തണ്ണീര്‍മുക്കം, പള്ളാത്തുരുത്തി, കഞ്ഞിപ്പാടം, നെടുമുടി, വട്ടക്കായല്‍, കരുമാടി, തോട്ടപ്പള്ളി, കായംകുളം എന്നിവടങ്ങളിലാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. കായംകുളത്തെയും വട്ടക്കായലിലെയുമാണ് വലിയ പ്രോജക്ടുകള്‍.  വട്ടക്കായലില്‍ 40 ഹൗസ് ബോട്ടുകള്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങുന്നതിന് സൗകര്യമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.